‘സ്നേഹപുരം 2016’ ഏപ്രില്‍ ഏഴിന്

അബൂദബി:  ഗ്രീന്‍ വോയ്സ് അബൂദബി ഘടകത്തിന്‍െറ 11ാം വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായുള്ള സ്നേഹപുരം 2016 ഏപ്രില്‍ ഏഴിന് വൈകുന്നേരം എട്ട് മുതല്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ നടക്കും. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയവരെ ചടങ്ങില്‍ ആദരിക്കും. ഇത്തവണത്തെ ഗ്രീന്‍ വോയ്സ്  ‘കര്‍മശ്രീ’ പുരസ്കാരം പ്രമുഖ കാന്‍സര്‍ ചികിത്സകന്‍ ഡോ.വി.പി.ഗംഗാധരനും ‘ഹരിതാക്ഷര പുരസ്കാരം’ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ കുഞ്ഞിക്കണ്ണന്‍ വാണിമേലിനും സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘മാധ്യമശ്രീ പുരസ്കാരം’ പി.പി.ശശീന്ദ്രന്‍, റസാഖ് ഒരുമനയൂര്‍, അരുണ്‍ കുമാര്‍ കെ.ആര്‍, രശ്മി രഞ്ജന്‍, സാദിഖ് കാവില്‍ എന്നിവര്‍ക്കും ‘കലാശ്രീ പുരസ്കാരം’ ഫസല്‍ നാദാപുരത്തിനും സമ്മാനിക്കും. ചലച്ചിത്ര പ്രവര്‍ത്തകന്‍ കെ.കെ.മൊയ്തീന്‍ കോയയുടെ നേതൃത്വത്തില്‍ ജലീല്‍ പട്ടാമ്പി, താഹിര്‍ ഇസ്മയില്‍ ചങ്ങരംകുളം എന്നിവരാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ‘മുന്‍ഷിദ് ഷാര്‍ജ’ അറബിക് മ്യൂസിക് റിയാലിറ്റി ഷോയില്‍ ചരിത്രവിജയം നേടിയ മലയാളി ബാലിക മീനാക്ഷി ജയകുമാറിനെ ചടങ്ങില്‍ ആദരിക്കും.  ഗ്രീന്‍വോയ്സിന്‍െറ നേതൃത്വത്തില്‍ 12 വീടുകള്‍ ഇതുവരെ പണിപൂര്‍ത്തിയാക്കി കൈമാറിയതായി ഭാരവാഹികള്‍ പറഞ്ഞു. ആറ് വീടുകളുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ മൂന്ന് വീടുകള്‍ 11ാം വാര്‍ഷികത്തിന്‍െറ ഭാഗമായി പൂര്‍ത്തീകരിക്കും. മെഡിക്കല്‍ പഠനം നടത്തുന്നത് അടക്കം രണ്ട് കുട്ടികളുടെ വിദ്യഭ്യാസ ചെലവും വഹിക്കുന്നുണ്ട്. 2014, 2015 വര്‍ഷങ്ങളിലായി 39.80 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടന നടത്തിയതായും ഭാരവാഹികള്‍ പറഞ്ഞു.  സ്നേഹപുരം 2016 യൂനിവേഴ്സല്‍ ഹോസ്പിറ്റല്‍സ് എം.ഡി. ഡോ. ഷബീര്‍ നെല്ലിക്കോട് ഉദ്ഘാടനം ചെയ്യും. 
യു.എ.ഇ എക്സ്ചേഞ്ച് പ്രസിഡന്‍റ് വൈ. സുധീര്‍കുമാര്‍ ഷെട്ടി അവാര്‍ഡ് ദാനം നിര്‍വഹിക്കും. ഗ്രീന്‍ വോയ്സ് രക്ഷാധികാരിമാരായ കെ.കെ. മൊയ്തീന്‍ കോയ, ലുലു ഗ്രൂപ്പ് കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ മേധാവി വി.നന്ദകുമാര്‍, യൂണിവേഴ്സല്‍ ഹോസ്പിറ്റല്‍സ് മാനേജര്‍ ഹിജാസ് സീതി, ചെയര്‍മാന്‍ ജാഫര്‍ തങ്ങള്‍, എന്‍.എം.സി ഹെല്‍ത്ത് കെയര്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് ഉല്ലാസ് ആര്‍.കോയ, അഷ്റഫ് ഹാജി നരിക്കോളി, ഇസ്മയില്‍ പൊയില്‍, അഷ്റഫ് പറമ്പത്ത്, അഷ്റഫ് നജാത്ത്, മുജീബ് എം.പി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.