‘വെള്ളിമാട്കുന്നിലെ വെള്ളിനക്ഷത്രം’ പ്രകാശനം ഇന്ന്

ഷാര്‍ജ: മാധ്യമം സ്ഥാപക എഡിറ്ററും ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്ററുമായ വി.കെ.ഹംസ അബ്ബാസ് രചിച്ച ‘വെള്ളിമാട്കുന്നിലെ വെള്ളിനക്ഷത്രം’ എന്ന പുസ്തകത്തിന്‍െറ പ്രകാശനം ഞായറാഴ്ച ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നടക്കും. പ്രമുഖ കഥാകൃത്ത് ടി. പത്മനാഭന്‍ രാത്രി 9.30 ലിറ്ററേച്ചര്‍ ഹാളില്‍ പ്രകാശനം നിര്‍വഹിക്കും. എഴുത്തുകാരനും മാധ്യമം പിരിയോഡിക്കല്‍സ് എഡിറ്ററുമായ പി.കെ.പാറക്കടവ്, ഷാര്‍ജ പുസ്തകോത്സവം എക്സേറ്റണല്‍ അഫയേഴ്സ് എക്സിക്യൂട്ടീവ് മോഹന്‍ കുമാര്‍ എന്നിവര്‍ ആശംസ നേരും  കെ.കെ.മൊയ്തീന്‍ കോയയാണ് അവതാരകന്‍. 
മലയാള മാധ്യമ ചരിത്രത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ച ധീരപരീക്ഷണമായി വിലയിരുത്തപ്പെടുന്ന ‘മാധ്യമ’ത്തിന്‍െറയും ‘ഗള്‍ഫ് മാധ്യമ’ത്തിന്‍െറയും വളര്‍ച്ചയുടെ ചരിത്രമാണ് ഇതില്‍ പ്രതിപാദിക്കുന്നത്. ഡി.സി.ബുക്സാണ് പ്രസാധകര്‍. പ്രമുഖ സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍, ഐഡിയല്‍ പബ്ളിക്കേഷന്‍ ട്രസ്റ്റ് മുന്‍ ചെയര്‍മാന്‍ പ്രഫ.കെ.എ സിദ്ദീഖ് ഹസന്‍, മാധ്യമം-മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുറഹിമാന്‍ എന്നിവര്‍ ആമുഖ കുറിപ്പുകള്‍ എഴുതിയ പുസ്തകത്തില്‍ മലയാള പത്രങ്ങളുടെ ചരിത്രവും വര്‍ത്തമാനവും വിശദീകരിക്കുന്നു. പത്രപ്രവര്‍ത്തന മേഖലയില്‍  മുന്‍ പരിചയവുമില്ലാത്തവര്‍ ചേര്‍ന്ന് 1987 ല്‍ കോഴിക്കോട്ട് തുടങ്ങിയ മാധ്യമം ദിനപത്രം 28 വര്‍ഷം കൊണ്ട് ഏഴു രാജ്യങ്ങളില്‍ 17 എഡിഷനുകള്‍ തുടങ്ങി  പ്രഥമ അന്താരാഷ്ട്ര ഇന്ത്യന്‍ ദിനപത്രമായി വളര്‍ന്നതിലെ വിവിധ ഘട്ടങ്ങള്‍ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. മാധ്യമത്തിന്‍െറ ആവിര്‍ഭാവത്തിന് പിന്നിലെ ചരിത്ര പശ്ചാത്തലം, വായനക്കാര്‍ക്കിടയില്‍ അതിന് ലഭിച്ച സ്വീകാര്യത, രാജ്യത്തിനകത്തും പുറത്തും പുതിയ എഡിഷനുകളുടെ തുടക്കം, പത്ര മേഖലയില്‍ സാങ്കേതിക രംഗത്ത് അടിക്കടിയുണ്ടായ മാറ്റങ്ങള്‍ തുടങ്ങിയവയും ‘വെള്ളിമാടുകുന്നിലെ വെള്ളിനക്ഷത്ര’ത്തിലുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.