വിസ്മയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച് അല്‍ഐന്‍ എയര്‍ ഷോ രണ്ടാംദിനം

അല്‍ഐന്‍: ഉദ്യാന നഗരിയുടെ വാനില്‍ വിസ്മയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് അല്‍ഐന്‍ എയ്റോ ചാമ്പ്യന്‍ഷിപ്പിന്‍െറ രണ്ടാംദിനത്തിന് പരിസമാപ്തി. ബെല്‍ജിയം ബ്രോന്‍കോസിന്‍െറ സെമിഫൈനല്‍ മത്സരത്തോടെയാണ് രണ്ടാം ദിനം തുടങ്ങിയത്. സൗദിഹോക്സ്, റെഡ്ആരോസ്, ടൈഫൂണ്‍ ഗുഡ്ഇയര്‍ ഈഗിള്‍സ്, റിച്ചാര്‍ഡ് ഗുഡ്വിന്‍ എന്നീ ടീമുകള്‍ ആകാശത്ത് വിവിധ വര്‍ണങ്ങള്‍ വിതറി മികച്ച പ്രകടനം കാഴ്ചവെച്ചു. ബ്രൈറ്റ്ലി വിംഗ്വാക്കര്‍, യു.എ.ഇ. എയര്‍ഫോഴ്സ് എന്നീ ടീമുകള്‍ ആകാശ നീലിമയില്‍ സ്നേഹ ചിഹ്നം വരച്ച് പ്രകടനത്തില്‍ വ്യത്യസ്തത കാണിച്ചു. 44ാം ദേശീയദിനം ആഘോഷിച്ച യു.എ.ഇയുടെ ദേശീയ പതാക വാനില്‍ തീര്‍ത്ത് യു.എ.ഇ. ടീം കാണികളുടെ കൈയടി നേടി. ദേശീയ ഗാനത്തിന്‍െറ അകമ്പടികൂടി ചേര്‍ന്നപ്പോള്‍ കാണികള്‍ നന്നായി ആസ്വദിച്ചു. ടീം ഇനങ്ങള്‍ കൂടാതെ നിരവധി സോളോ ഇനങ്ങളും അരങ്ങേറി. കൂടാതെ വിദൂര ദിയന്ത്രിത വൈമാനിക അഭ്യാസ പ്രകടനങ്ങളും നടന്നു. ഇടവേളകളില്‍ എയര്‍ഷോ നഗരിയില്‍ നടന്ന മോട്ടോര്‍ സൈക്കിള്‍ അഭ്യാസ പ്രകടനവും, കാര്‍ അഭ്യാസവും കാണികള്‍ക്ക് കൗതുകമായി.അവധിദിനം ആഘോഷിക്കാന്‍ ജനം ഒഴുകിയതോടെ പാര്‍ക്കിംഗ് ഏരിയകള്‍ ഉച്ചക്ക് രണ്ടോടെ നിറഞ്ഞ് കവിഞ്ഞു. പലര്‍ക്കും ഗാലറിയിലിരുന്ന് ഷോ വീക്ഷിക്കാന്‍ സാധിച്ചില്ല. ധാരാളം കുടുംബങ്ങള്‍ വിമാനത്താവളത്തിന് പുറത്ത് മണലാരണ്യത്തില്‍ വാഹനം നിര്‍ത്തിയിട്ട് എയര്‍ഷോ വീക്ഷിച്ചു. മൂന്ന് ദിവസത്തെ ആകാശമേള ഇന്ന് സമാപിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.