ദുബൈ: മായ്ച്ചു കളയാവുന്ന മഷിപ്പേന കൊണ്ടെഴുതിയ ചെക്കിലെ തുകയില്‍ മാറ്റം വരുത്തിയത് അത്യാധുനിക ഉപകരങ്ങളുടെ സഹായത്തോടെ ദുബൈ പൊലീസ് കണ്ടുപിടിച്ചു. കൃത്രിമം കാണിച്ച വ്യക്തിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ദുബൈ പൊലീസിനു കീഴിലുള്ള ക്രിമിനല്‍ എവിഡന്‍സ് വിഭാഗത്തിലെ ഡോക്യുമെന്‍റ് പരിശോധന വിദഗ്ധന്‍ ഹാസിം ഹസനാണ് അല്‍ ഖലീജ് പത്രത്തോട് അപൂര്‍വമായ കുറ്റകൃത്യത്തിന്‍െറ നൂതന തന്ത്രം വിശദീകരിച്ചത്. ഏഷ്യന്‍ വശജയായ ഒരു സ്ത്രീക്കെതിരെ രജിസ്റ്റര്‍ ചെയ്ത ചെക്ക് കേസിനെ തുടര്‍ന്നാണ് ചെക്ക് പരിശോധനക്ക് വന്നതെന്ന് ഹാസിം പറഞ്ഞു. മൂന്നു കോടി ദിര്‍ഹത്തിനുള്ള ചെക്ക് നല്‍കിയെന്നതായിരുന്നു ഇവര്‍ക്കെതിരായ കേസ്. പ്രസ്തുത സഖ്യക്കുള്ള ചെക്ക് താന്‍ ഒപ്പിട്ടില്ല എന്ന് സ്ത്രീ വാദിച്ചു. തുടര്‍ന്ന് ഇവരുടെ കൈയ്യക്ഷരം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രോസിക്യൂഷന്‍ ഇവരെ ക്രിമിനല്‍ എവിഡന്‍സ് വിഭാഗത്തിലേക്ക് അയക്കുകയായിരുന്നു. പല പ്രാവശ്യം എഴുതിച്ച് കൈയ്യക്ഷരം പരിശോധിച്ചപ്പോള്‍ ചെക്കിലെ ഒപ്പ് ഇവരുടെതാണെന്ന് കണ്ടത്തെി. പക്ഷെ, താന്‍ ഒപ്പിട്ടിട്ടില്ല എന്ന നിലപാടില്‍ സ്ത്രീ ഉറച്ചുനിന്നു.
സത്യാവസ്ഥ മനസ്സിലാക്കാന്‍ ആധുനിക ഉപകരണങ്ങളും പ്രത്യേക തരം രശ്മികളും ഫില്‍ട്ടറുകളും ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി. പരിശോധനയില്‍ ഒപ്പ് സ്ത്രീയുടെ തന്നെയെങ്കിലും ചെക്കിലെ മറ്റു വിവരങ്ങളില്‍ മാറ്റത്തിരുത്തലുകള്‍ നടത്തിയതായി കണ്ടത്തെി. എമിഗ്രേഷന്‍ വിഭാഗത്തില്‍ ഫീസ് അടക്കാന്‍ വേണ്ടിയായിരുന്നു 2,10,000 ദിര്‍ഹമിനുള്ള ചെക്ക് ഇവര്‍ ഒപ്പിട്ട് നല്‍കിയത്. അവരുടെ കീഴില്‍ പണിയെടുക്കുന്ന ജീവനക്കാരന്‍ ചെക്ക് കൈപറ്റിയ ശേഷം ഒപ്പൊഴികെ എല്ലാ വിവരങ്ങളും മായ്ച്ചുകളയുകയും പകരം അയാളുടെ സ്വന്തം പേരില്‍ മൂന്നു കോടി ദിര്‍ഹമിനുള്ള ചെക്കായി തിരുത്തുകയുമായിരുന്നു. ശാസ്ത്രീയമായ സൂക്ഷ്മ പരിശോധനയില്‍ കൃത്രിമം കണ്ടത്തെിയതോടെ പ്രോസിക്യൂഷന്‍ ജീവനക്കാരനെ കസ്റ്റഡിയിലെടുക്കുകയും സ്ത്രീയെ മോചിപ്പിക്കുകയും ചെയ്തു.
പരിശോധനക്കിടെ ചെക്കിലെ വിവരങ്ങള്‍ കനത്ത അക്ഷരത്തില്‍ എഴുതിയതാണ് സംശയം ജനിക്കാന്‍ ഇട നല്‍കിയതെന്ന് ഹാസിം പറഞ്ഞു. ഇത്തരം മഷി കൊണ്ട് ചെക്കുകള്‍ എഴുതുന്നത് സാധാരണമല്ല.
അതേസമയം, മാഞ്ഞു പോകുന്ന മഷികൊണ്ടെഴുതിയ ചെക്ക് നല്‍കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ക്രിമിനല്‍ എവിഡന്‍സ് വകുപ്പ് ഡയറകട്ര്‍ കേണല്‍ അഹമദ് മതര്‍ അല്‍ മുഹൈരി പറഞ്ഞു. ഇങ്ങിനെ മാഞ്ഞു പോയ ഒപ്പുമായി വകുപ്പിന് ലഭിക്കുന്ന ചെക്കുകളില്‍ അത്യാധുനിക ഉപകരണങ്ങളും പ്രത്യേക തരം രശ്മികളും ഉപയോഗിച്ച് നേരത്തെയുണ്ടായിരുന്ന ഒപ്പുകള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. ഇത്തരം പേന കൊണ്ട് ഇടുന്ന ഒപ്പുകള്‍ കുറച്ചു നാളുകള്‍ കഴിഞ്ഞാണ് മാഞ്ഞു പോകുക. കാലാവധി പറഞ്ഞു നല്‍കുന്ന ചെക്കുകളിലാണ് ഇത്തരം തട്ടിപ്പ് നടത്തുന്നത്. ഈ രൂപത്തിലുള്ള മൂന്ന് തട്ടിപ്പുകള്‍ ഈ വര്‍ഷം തിരിച്ചറിഞ്ഞതായി ഡോക്യുമെന്‍്റ് പരിശോധന വിഭാഗം മേധാവി ഫാത്തിമ അബ്ദുല്ല തുവൈഹ് പറഞ്ഞു. ഇത്തരം പേനകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണെങ്കില്‍ അവ കണ്ടു കെട്ടാനും രാജ്യത്തേക്ക് അവ കടത്തുന്നത് പരമാവധി തടയാനും വേണ്ടി ബന്ധപ്പെട്ടവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊലീസില്‍ ലഭ്യമായ അത്യാധുനിക ഉപകരണങ്ങളുടെ സഹായത്താല്‍ ഏതു തരം കൃത്രിമവും കണ്ടുപിടിക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.