ഷാർജ: കഴിഞ്ഞ വർഷം ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഷാർജ കസ്റ്റംസ് അതോറിറ്റി പിടികൂടിയത് 136 കിലോ മയക്കുമരുന്നുകൾ. 20,000 മയക്ക് ഗുളികകൾ, മയക്കുമരുന്ന് കലർത്തിയ സ്റ്റാമ്പുകൾ, കണ്ടെയ്നുകൾ എന്നിയാണ് പിടികൂടിയതെന്ന് ഷാർജ പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺസ് അതോറിറ്റി വ്യക്തമാക്കി. പിടിച്ചെടുത്ത മരുന്നുകൾ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറിയിട്ടുണ്ട്.
നൂതനമായ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് യാത്രക്കാരുടെ ലഗേജുകളും പാഴ്സലുകളും ഉദ്യോഗസ്ഥർ സൂക്ഷ്മമായി പരിശോധിച്ചതിനുശേഷമാണ് മയക്കുമരുന്നുകൾ പിടികൂടിയത്. അതോടൊപ്പം ഉദ്യോഗസ്ഥരുടെ സൂക്ഷ്മമായ നിരീക്ഷണവും തുടർച്ചയായ ജാഗ്രതയും സുരക്ഷ അവബോധവും മയക്കുമരുന്ന് കടത്ത് തടയുന്നതിൽ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ടെന്നും കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. എമിറേറ്റിലെ വ്യോമ, സമുദ്ര, കര മാർഗം വഴി നിരോധിച്ച ഏതുതരം മയക്കുമരുന്ന് കടത്തുന്നവർക്കെതിരെയും ശക്തമായ നിലപാട് അതോറിറ്റി സ്വീകരിക്കും.
കഴിഞ്ഞ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെ കാലയളവിൽ ഏഴ് മയക്കുമരുന്ന് ശ്രമങ്ങളാണ് അതോറിറ്റി തകർത്തത്. ഇക്കാലയളവിൽ ഖാലിദ് തുറമുഖത്തുനിന്ന് 45.26 കിലോ മയക്കുമരുന്നും പിടിച്ചെടുക്കാനായി. യന്ത്രങ്ങളിലും കണ്ടെയ്നറുകളിലും ബാഗുകളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നുകൾ. ഒക്ടോബറിൽ ഷാർജ പൊലീസ് മയക്കുമരുന്ന് കടത്തിയ ആറുപേരെയാണ് അറസ്റ്റു ചെയ്തത്. ആറുപേരും ഏഷ്യൻ വംശജരാണ്. സ്പൈസ് എന്ന പേരിൽ അറിയപ്പെടുന്ന മയക്കുമരുന്ന് പുരട്ടിയ എ4 പേപ്പറുകളും കഴിഞ്ഞ വർഷം പൊലീസ് പിടികൂടിയിരുന്നു. കൂടാതെ ഷാർജ വിമാനത്താവളത്തിൽനിന്ന് 8.716 കിലോ മയക്കുമരുന്നുകളും ഇക്കാലയളവിൽ പിടികൂടിയതായി അതോറിറ്റി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.