വ്യാജ ഹജ്ജ് പരസ്യ തട്ടിപ്പിലെ പ്രതിയായ യമനി പൗരൻ റിയാദിൽ അറസ്റ്റിലായപ്പോൾ
റിയാദ്: സമൂഹമാധ്യമങ്ങൾ വഴി വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഹജ്ജ് സേവന പരസ്യങ്ങൾ പ്രചരിപ്പിച്ചു സാമ്പത്തിക തട്ടിപ്പ് നടത്തിയ യമനി പൗരനെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. റിയാദ് റീജനൽ പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച് ഡിപ്പാർട്മെൻറാണ് പ്രതിയെ പിടികൂടിയത്. പണം തട്ടുക എന്ന ലക്ഷ്യത്തോടെ തീർഥാടകരെ ലക്ഷ്യമിട്ടായിരുന്നു ഇയാൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ ഹജ്ജ് സർവിസുകളുടെ പരസ്യം നൽകിയിരുന്നത്.
അറസ്റ്റിലായ വിദേശിയെ നിലവിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും, ഇയാൾക്കെതിരെയുള്ള നിയമപരമായ തുടർനടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും സുരക്ഷാ വകുപ്പുകൾ അറിയിച്ചു. ഹജ്ജ് കർമങ്ങളുമായി ബന്ധപ്പെട്ട് സൗദി ഭരണകൂടം പുറപ്പെടുവിച്ചിട്ടുള്ള നിയമങ്ങളും നിർദേശങ്ങളും പൂർണമായും പാലിക്കാൻ പൊതുസുരക്ഷാ വിഭാഗം സ്വദേശികളോടും പ്രവാസികളോടും ആവശ്യപ്പെട്ടു.
നിയമലംഘനങ്ങളോ വ്യാജ പരസ്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും സുരക്ഷാ മന്ത്രാലയം അഭ്യർഥിച്ചു. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർക്ക് 911 എന്ന നമ്പറിലും, സൗദി അറേബ്യയിലെ മറ്റ് പ്രവിശ്യകളിൽ ഉള്ളവർക്ക് 999 എന്ന നമ്പറിലും ബന്ധപ്പെട്ട് നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.