യാംബു ടൗൺ സുലൈബാനി ജാമിഅ കബീർ മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ
ഗവർണർ സാദ് ബിൻ മർസൂഖ് അൽ സുഹൈമി പങ്കെടുത്തപ്പോൾ
യാംബു: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, സമാധാനത്തിെൻറയും കരുതലിെൻറയും ആശ്വാസവാക്കുകൾ പങ്കുവെച്ച് യാംബുവിലെ വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു. നാട്ടിലെ ബന്ധുക്കളോടൊപ്പം ഈ വർഷം ഒന്നിച്ച് പെരുന്നാൾ ആഘോഷിക്കാനായതിെൻറ സന്തോഷത്തിലായിരുന്നു മലയാളികളടക്കമുള്ള പ്രവാസികൾ. രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇത്തവണ സൗദിയിൽ പൊതുവെ ഈദ് ഗാഹുകൾ ഒഴിവാക്കിയിരുന്നു.
വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതർ അതീവ ജാഗ്രതയാണ് പുലർത്തിയത്. യാംബു ഗവർണർ സാദ് ബിൻ മർസൂഖ് അൽ സുഹൈമി, വിവിധ സർക്കാർ-സുരക്ഷാ വകുപ്പ് മേധാവികൾ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യാംബു ടൗണിലെ അൽ സുലൈബാനി ജാമിഅ കബീർ മസ്ജിദിലാണ് പെരുന്നാൾ നമസ്കാരം നിർവഹിച്ചത്. പ്രാർഥനക്ക് ശേഷം ഗവർണർ നൽകിയ സന്ദേശത്തിൽ, സൗദി ജനതക്കും അറബ്-ഇസ്ലാമിക രാഷ്ട്രങ്ങൾക്കും നന്മയും സമൃദ്ധിയും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിച്ചു.
രാജ്യസുരക്ഷക്കും നന്മക്കുമായി എല്ലാവരും നടത്തുന്ന കൂട്ടായ പരിശ്രമങ്ങൾക്ക് അദ്ദേഹം നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു. യാംബുവിലെ ഒരു എണ്ണ ശുദ്ധീകരണശാലയിൽ കഴിഞ്ഞദിവസം ഡ്രോൺ പതിച്ച സാഹചര്യത്തിൽ, അതീവ സുരക്ഷാ ജാഗ്രത പാലിക്കാൻ സിവിൽ ഡിഫൻസ് നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിനു പിറകെ വ്യാഴാഴ്ച യാംബു നഗരത്തിന് നേരെ വന്ന ബാലിസ്റ്റിക് മിസൈൽ തകർക്കാനും സുരക്ഷയൊരുക്കാനും അധികൃതർക്ക് സാധിച്ചത് ജനങ്ങളിൽ ഏറെ ആശ്വാസം പകർന്നു.
യാംബു റോയൽ കമീഷൻ, യാംബു അൽ നഖൽ തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ പള്ളികളിലും സമാധാനപരമായ അന്തരീക്ഷത്തിൽ പെരുന്നാൾ നമസ്കാരം നടന്നു. ഈദ് പ്രാർഥനകൾ നടന്ന മേഖലകളിൽ ഗതാഗത നിയന്ത്രണത്തിനും സുരക്ഷക്കുമായി വിവിധ പൊലീസ് വിഭാഗങ്ങൾ വിപുലമായ നടപടികളാണ് സ്വീകരിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.