ലോക സയാമീസ് ദിനത്തോടനുബന്ധിച്ച് ന്യൂയോർക്ക് സിറ്റിയിൽ നടന്ന പരിപാടിയിൽ കിങ് സൽമാൻ റിലീഫ് കേന്ദ്രം സൂപ്പർവൈസർ ജനറൽ ഡോ. അബ്ദുല്ല അൽറബീഅ സംസാരിക്കുന്നു
റിയാദ്: സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള ശസ്ത്രക്രിയകൾക്ക് സൗദി അറേബ്യ വലിയ ശ്രദ്ധയാണ് നൽകുന്നതെന്ന് സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും കിങ് സൽമാൻ റിലീഫ് കേന്ദ്രം സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. ലോക സയാമീസ് ദിനത്തോടനുബന്ധിച്ച് ന്യൂയോർക്ക് സിറ്റിയിൽ ‘വാക്കുകളിൽനിന്ന് പ്രവൃത്തിയിലേക്ക്: സയാമീസ് ഇരട്ടകളെയും വൈകല്യമുള്ള കുട്ടികളെയും പിന്തുണക്കാൻ തയാറായ ഒരു ലോകം’ എന്ന തലക്കെട്ടിൽ കിങ് സൽമാൻ റിലീഫ് സെന്ററും യുനിസെഫും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. റബീഅ.
ആഗോള ആരോഗ്യ വികസന ലക്ഷ്യങ്ങൾക്ക് അനുസൃതമായി സാമൂഹിക സംയോജനവും പരിചരണവും ഉറപ്പാക്കുന്നതിന് സയാമീസ് ഇരട്ടകളുടെ അവകാശ സംരക്ഷണത്തിൽ സൗദിക്കുള്ള പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും ഉദാരമായ പിന്തുണയോടെയാണ് നവംബർ 24 ലോക സയാമസീസ് ഇരട്ടകളുടെ ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്. സൗദിയുടെ അന്തർദേശീയ നിലനിൽപ്പിനെയും പൊതുജനാരോഗ്യത്തോടുള്ള അതിന്റെ അചഞ്ചലമായ പ്രതിബദ്ധതയെയും ഇത് അടിവരയിടുന്നുവെന്ന് അൽറബീഅ പറഞ്ഞു.
ലോകത്തിലെ ഏറ്റവും പാർശ്വവത്കരിക്കപ്പെട്ടതും ദുർബലവുമായ വിഭാഗങ്ങളിൽ വൈകല്യമുള്ള കുട്ടികളും ഉൾപ്പെടുന്നു. പ്രതിസന്ധികൾ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നവരാണവർ. പല ആരോഗ്യ സംവിധാനങ്ങൾക്കും അവരുടെ സങ്കീർണമായ മെഡിക്കൽ അവസ്ഥകൾ കണ്ടെത്താനും ചികിത്സിക്കാനും കൈകാര്യം ചെയ്യാനും കഴിവില്ല. ഇത് കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ശാരീരികവും മാനസികവുമായ വെല്ലുവിളികൾക്കും സാമ്പത്തിക ബാധ്യതകൾക്കും കാരണമാകുന്നുവെന്നും ഡോ. അൽറബീഅ കൂട്ടിച്ചേർത്തു.
സയാമീസ് ഇരട്ടകളുടെ രോഗനിർണയം, ചികിത്സ, പരിചരണം എന്നിവക്കായി 1990ലാണ് സൗദി ശസ്ത്രക്രിയ പദ്ധതി ആരംഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ച് വേർപെടുത്തൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു ലക്ഷ്യം. ഇതുവരെ അഞ്ച് ഭൂഖണ്ഡങ്ങളിലായി 28 രാജ്യങ്ങളിൽനിന്നുള്ള 152 സയാമീസ് ഇരട്ടകളുടെ കേസുകൾ കൈകാര്യം ചെയ്തു. അതിൽ സാധ്യമെന്ന് കണ്ടെത്തിയ 67 സങ്കീർണമായ ശസ്ത്രക്രിയകൾ വിജയകരമായി നടത്തി. ആ 62 ജോടികളും ഇന്ന് സന്തോഷപൂർവം സ്വതന്ത്രരായി ജീവിക്കുന്നു.
ശസ്ത്രക്രിയക്കുശേഷം സയാമീസ് ഇരട്ടകളുടെയും അവരുടെ കുടുംബങ്ങളുടെയും പരിചരണത്തിൽ സൗദി കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. പ്രത്യേകിച്ച് അവർക്ക് ആവശ്യമായ മെഡിക്കൽ, പുനരധിവാസ, മാനസിക സേവനങ്ങൾ നൽകുന്നതിനും വിദ്യാഭ്യാസം നേടുന്നതിന് തുല്യ അവസരങ്ങൾ ഉറപ്പാക്കുന്നതിനും ശ്രദ്ധിക്കുന്നുവെന്നും ഡോ. റബീഅ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.