വിശ്രമമില്ലാതെ ജോലി ചെയ്യിപ്പിക്കലും വേതനം നൽകാതിരിക്കലും കുറ്റം

ബുറൈദ: തൊഴിലാളികളെ അധികസമയം ജോലി ചെയ്യാൻ നിർബന്ധിക്കുക, കൃത്യസമയത്ത് വേതനം നൽകാതിരിക്കുക തുടങ്ങിയ തൊഴിൽ നിയമലംഘനങ്ങൾ മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ കമ്മിറ്റി കണ്ടെത്തി. ജീവനക്കാരനെ ഭീഷണിപ്പെടുത്തുന്നതടക്കമുള്ള തെളിവുകൾ ലഭ്യമായ സംഭവങ്ങളിൽ തൊഴിൽദാതാക്കൾക്ക് എതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

വിശ്രമമില്ലാതെ ജോലി ചെയ്യാൻ പ്രേരിപ്പിക്കുക, കൃത്യമായി ശമ്പളം നൽകാതിരിക്കുക, പാസ്‌പോർട്ട് അടക്കമുള്ള തൊഴിലാളിയുടെ രേഖകൾ പിടിച്ചുവെക്കുക തുടങ്ങിയവ തൊഴിൽ നിയമത്തിന്റെ ലംഘനമാണെന്നും അത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കർശനനടപടി കൈക്കൊള്ളുന്നത് കൂടാതെ റിക്രൂട്ട്‌മെന്റ് വിലക്കും ഏർപ്പെടുത്തുമെന്ന് മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

മനുഷ്യക്കടത്ത്, തൊഴിൽ പീഡനം തുടങ്ങിയവ കുറ്റകരമാക്കുന്ന അന്താരാഷ്ട്ര പെരുമാറ്റ ചട്ടങ്ങൾ അംഗീകരിച്ചിട്ടുള്ള രാജ്യമാണ് സൗദി അറേബ്യ എന്ന് മന്ത്രാലയ വക്താവ് ചൂണ്ടിക്കാട്ടി. ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ സംഘടിപ്പിച്ച 2014 ലെ ലേബർ കൺവെൻഷന്റെ മാർഗനിർദേശങ്ങൾക്കും രാജ്യം പ്രാധാന്യം കല്പിക്കുന്നു. ഇതിലെല്ലാമുപരി മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതും മനുഷ്യരുടെ അന്തസ്സിനെ മാനിക്കുന്നതുമായ ഇസ്‌ലാമികാധ്യാപനങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന രാജ്യമാണിത്.

തൊഴിലവകാശങ്ങൾ സംരക്ഷിക്കുന്നതിനും കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനും മാനവ വിഭവശേഷി മന്ത്രാലയം നിരവധി പദ്ധതികളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. തൊഴിൽ കരാർ ലംഘനങ്ങളിലുള്ള പ്രതിരോധം, സംരക്ഷണവും സഹായവും, നിയമസഹായം, പ്രാദേശിക അന്തർദേശീയ സഹകരണം എന്നീ നാല് കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പദ്ധതികളാണവ. ഇവയിലൂടെ തൊഴിൽ മേഖല കാര്യക്ഷമമാക്കുന്നതിനും തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.

തൊഴിൽദായകരെയും ജീവനക്കാരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ശിൽപശാലകളും ബോധവത്കരണ പരിപാടികളും നടത്തുമ്പോൾ തന്നെ 'ഫീൽഡ് മോണിറ്റർ'മാരെ ഉപയോഗപ്പെടുത്തി ലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും തുടരുകയാണെന്ന് മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തി.

Tags:    
News Summary - Working without rest and not paying wages is a crime in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.