റിയാദ്: റിയാദ് മെട്രോ ശൃംഖലയിലെ സ്റ്റേഷനിൽ യുവതിക്ക് സുഖപ്രസവം. മെട്രോയുടെ ബ്ലൂ ലൈനിലെ അൽ അന്ദലൂസ് സ്റ്റേഷനിൽ വെച്ചാണ് ലോകത്തെ വിസ്മയിപ്പിച്ച ഈ അപൂർവ നിമിഷം അരങ്ങേറിയത്. മെട്രോ പ്രവർത്തനമാരംഭിച്ച ശേഷം ഇത്തരത്തിലുള്ള ആദ്യത്തെ സംഭവം. തങ്ങൾക്ക് ആദ്യ കുഞ്ഞ് പിറന്ന സന്തോഷത്തിലായ ദമ്പതികൾക്ക് ഇരട്ടി മധുരമായി ഒരു വർഷത്തേക്കുള്ള ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ സമ്മാനിച്ച് റിയാദ് മെട്രോ അധികൃതരും സംഭവത്തെ ആഘോഷമാക്കി.
യാത്രക്കിടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ട ഉടൻ തന്നെ മെട്രോയിലെ ഓപറേറ്റിങ് സ്റ്റാഫ് വളരെ വേഗത്തിലും കൃത്യതയാർന്ന രീതിയിലും ഇടപെട്ടു. ആംബുലൻസ് എത്തുന്നതിന് മുമ്പ് തന്നെ മെട്രോയിലെ വനിത ജീവനക്കാരുടെ സഹായത്തോടെ സുരക്ഷിതമായ പ്രസവത്തിന് സൗകര്യമൊരുക്കി. ജീവനക്കാരുടെ മാനുഷികമായ സമീപനവും പ്രഫഷനലിസവുമാണ് ഈ അടിയന്തര ഘട്ടത്തെ വിജയകരമായി നേരിടാൻ സഹായിച്ചതെന്ന് റിയാദ് പബ്ലിക് ട്രാൻസ്‌പോർട്ട് അധികൃതർ വ്യക്തമാക്കി.
തുടർന്ന് അമ്മയെയും കുഞ്ഞിനെയും ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. റിയാദ് മെട്രോ ശൃംഖലയിൽ ആദ്യത്തെ കണ്മണിയുടെ ജനനം ആഘോഷമാക്കി അധികൃതർ. ഈ സവിശേഷ നിമിഷം അവിസ്മരണീയമാക്കുന്നതിനായി കുഞ്ഞിന്റെ മാതാപിതാക്കൾക്ക് റിയാദ് മെട്രോ ഒരു വർഷം കാലാവധിയുള്ള രണ്ട് ‘ദർബ്’ ഫസ്റ്റ് ക്ലാസ് കാർഡുകൾ സമ്മാനമായി നൽകി. കൂടാതെ, ഈ ദൗത്യത്തിൽ പങ്കാളികളായ മുഴുവൻ ജീവനക്കാരെയും അധികൃതർ അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു. സ്വകാര്യതയെ മാനിച്ച് ദമ്പതികളുടെ വ്യക്തിഗത വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.