ജിദ്ദ: സൗദിക്ക് നേരെയുണ്ടായ ഹൂതികളുടെ മിസൈൽ ആക്രമണത്തെ ലോകം അപലപിച്ചു. അമേരിക്ക, ബ്രിട്ടൻ, റഷ്യ, ജർമനി തുടങ്ങിയ വൻശക്തി രാഷ്ട്രങ്ങളും അറബ്, ഗൾഫ് രാജ്യങ്ങളും കടുത്ത ഭാഷയിലാണ് ഹൂതി നടപടിയെ അപലപിച്ചത്. ഭീഷണികളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാനുള്ള സൗദിയുടെ അവകാശത്തെ പിന്തുണക്കുന്നതായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് വക്താവ് ഹീതർ ന്യൂയർട്ട് പറഞ്ഞു. ഹൂതികൾ ഉൾപ്പെടെയുള്ള എല്ലാകക്ഷികളോടും രാഷ്ട്രീയ ചർച്ചകളിലേക്ക് മടങ്ങാൻ ആവശ്യപ്പെടുകയാണെന്നും യമൻ പ്രശ്നം ഉടൻ പരിഹരിക്കപ്പെടണമെന്നും വക്താവ് കൂട്ടിച്ചേർത്തു. ഹൂതികൾക്ക് ആയുധം വിതരണം ചെയ്യുന്നത് ഇറാൻ ഉടനടി അവസാനിപ്പിക്കണമെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടു.
യമനിൽ രാഷ്ട്രീയ പരിഹാരത്തിന് ഇറാൻ പ്രതിജ്ഞാബദ്ധമാണെങ്കിൽ ഹൂതികൾക്ക് ആയുധം നൽകുന്നത് നിർത്തണം. ആയുധം നൽകി പ്രദേശിക സംഘർഷം വർധിപ്പിക്കുന്നതും രാജ്യാന്തര സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്നതും അവസാനിപ്പിക്കേണ്ടതുണ്ടെന്ന് ബ്രിട്ടീഷ് വിദേശകാര്യ െസക്രട്ടറി ബോറിസ് ജോൺസണും ഇൻറർനാഷനൽ ഡെവലപ്മെൻറ് െസക്രട്ടറി പെന്നി മോർഡൗണ്ടും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. തങ്ങളുമായി ചരിത്രപരമായ ബന്ധമോ താൽപര്യങ്ങളോ ഇല്ലാത്ത രാജ്യത്ത് ഇത്രയധികം പണം ഇറാൻ മുടക്കുന്നത് അത്ഭുതകരമാണ്. യമനി ജനതക്ക് മേൽ തങ്ങൾക്കുള്ള സ്വാധീനം ഉപയോഗിച്ച് പ്രശ്നം അവസാനിപ്പിക്കാനാണ് ഇറാൻ ശ്രമിക്കേണ്ടത്. യമനിലെ ഒൗദ്യോഗിക സർക്കാരിനുവേണ്ടി പ്രവർത്തിക്കുന്ന സൗദി സഖ്യസേനക്ക് ഞങ്ങളുടെ പിന്തുണയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
യു.എ.ഇ, ബഹ്റൈൻ, ജോർഡൻ, പാകിസ്താൻ, അൾജീരിയ, ഇൗജിപ്ത് എന്നീ രാജ്യങ്ങളും സംഭവത്തെ അപലപിച്ചു. സൽമാൻ രാജാവിനും സൗദി ഭരണകൂടത്തിനുമുള്ള പിന്തുണ ഉറക്കെ പ്രഖ്യാപിക്കുകയാണെന്ന് അൾജീരിയ വ്യക്തമാക്കി. ജനങ്ങൾ തിങ്ങിപ്പാർക്കുള്ള മേഖലകളിലേക്കുള്ള നിരുത്തരവാദപരമായ മിസൈൽ തൊടുക്കൽ യുദ്ധക്കുറ്റമാണെന്ന് ആംനസ്റ്റിയുടെ മേഖല അധ്യക്ഷ സമാഹ് ഹദീദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.