റിയാദ്: മേഖലയിലെ നിലവിലെ അസാധാരണ സാഹചര്യങ്ങൾ കാരണം മടക്കയാത്ര തടസ്സപ്പെട്ട സന്ദർശകർക്ക് ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ, വിസ കാലാവധി നീട്ടിനൽകുന്ന നടപടികൾക്ക് സൗദി പാസ്‌പോർട്ട് (ജവാസത്) വകുപ്പ് തുടക്കം കുറിച്ചു. ഇതുപ്രകാരം 2026 ഫെബ്രുവരി 25ന് കാലാവധി അവസാനിച്ച സന്ദർശന വിസയുള്ളവർക്ക് ‘അബ്ഷിർ’ പ്ലാറ്റ്‌ഫോം വഴി കാലാവധി നീട്ടിയെടുക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ച് നിശ്ചിത ഫീസടച്ചാൽ 2026 ഏപ്രിൽ 18 വരെയാണ് കാലാവധി ലഭിക്കുക.
സൗദി ഭരണകൂടത്തിന്‍റെ പ്രത്യേക നിർദേശപ്രകാരം ആഭ്യന്തര മന്ത്രാലയമാണ് ഇളവുകൾ പ്രഖ്യാപിച്ചത്. അതേസമയം, 2026 ഫെബ്രുവരി 25ന് കാലാവധി തീർന്ന ഉംറ, ട്രാൻസിറ്റ്, ഫൈനൽ എക്സിറ്റ് വിസകൾ കൈവശമുള്ളവർക്ക് വിസ നീട്ടുകയോ ഫീസോ പിഴയോ അടക്കുകയോ ചെയ്യാതെ തന്നെ അന്താരാഷ്ട്ര തുറമുഖങ്ങൾ വഴി നേരിട്ട് രാജ്യം വിടാമെന്നും പാസ്‌പോർട്ട് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കാലാവധി കഴിഞ്ഞ ഇത്തരം വിസകളുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾക്കും സഹായങ്ങൾക്കുമായി ‘992’ എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ജനറൽ ഡയക്ടറേറ്റ് ഓഫ് പാസ്പോർട്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.