പുതിയ ഉംറ സീസൺ വിസ വിതരണം മെയ് 31 മുതൽ ആരംഭിക്കും

റിയാദ്: പുതിയ ഉംറ സീസണിലേക്കുള്ള വിസ വിതരണവും തീർഥാടകരുടെ പ്രവേശനവും മെയ് 31 (ദുൽഹജ്ജ് 14) മുതൽ ആരംഭിക്കുമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. പുതിയ സീസണായുള്ള ഔദ്യോഗിക കലണ്ടർ പുറത്തിറക്കിക്കൊണ്ടാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഉംറ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും തീർഥാടകർക്ക് മികച്ച അനുഭവം ഉറപ്പാക്കാനുമായി വിസ വിതരണം, കരാറുകൾ, ഇലക്ട്രോണിക് സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കൃത്യമായ സമയവിവരങ്ങൾ ഉൾപ്പെടുത്തിയാണ് മന്ത്രാലയം പുതിയ കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്.

പുതിയ കലണ്ടർ പ്രകാരം മെയ് 31 മുതൽ വിസ വിതരണവും തീർഥാടകരുടെ വരവും ആരംഭിക്കുമെങ്കിലും, ജൂൺ ഒന്ന് മുതൽ മാത്രമായിരിക്കും തീർഥാടകർക്ക് ‘നുസ്ക്’ ആപ്പ് വഴി മക്കയിലേക്ക് പ്രവേശിക്കുന്നതിനുള്ള ഉംറ പെർമിറ്റുകൾ ലഭ്യമായിത്തുടങ്ങുക. വരാനിരിക്കുന്ന സീസണിൽ ഉംറ വിസകൾ അനുവദിക്കുന്ന അവസാന ദിവസം 2027 മാർച്ച് ഒമ്പത് ആയിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ, തീർഥാടകർക്ക് ഉംറ വിസയിൽ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാവുന്ന അവസാന തീയതി 2027 മാർച്ച് 23 ആണ്. തുടർന്ന് തീർഥാടനം പൂർത്തിയാക്കി മുഴുവൻ ഉംറ തീർഥാടകരും രാജ്യത്തുനിന്ന് മടങ്ങേണ്ട അവസാന തീയതി 2027 ഏപ്രിൽ 7 ആയിരിക്കുമെന്നും മന്ത്രാലയത്തി​െൻറ അറിയിപ്പിലുണ്ട്.

തീർഥാടകർക്ക് സീസണിലുടനീളം ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനായി മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള ഈ നിർദ്ദേശങ്ങളും സമയപരിധികളും കൃത്യമായി പാലിക്കാൻ എല്ലാ ഉംറ കമ്പനികളോടും വിദേശ ഏജന്റുമാരോടും സൗദി ഹജ്ജ്-ഉംറ മന്ത്രാലയം കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Visa issuance will begin from May 31st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.