അബഹയിലെ സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റിൽ നടന്ന ‘വിജയ് ദം ദം ബിരിയാണി’ റോഡ് ഷോയിലെ പാചകമത്സരത്തിൽ പങ്കെടുത്തവർ സംഘാടകർക്കൊപ്പം
അബഹ: ശീതക്കാറ്റിന്റെ കുളിരുള്ള അബഹയുടെ മണ്ണിൽ ബിരിയാണി മണക്കുന്ന ആവേശവുമായി ഗൾഫ് മാധ്യമം ‘വിജയ് ദം ദം ബിരിയാണി’ റോഡ് ഷോ. സൗദി അറേബ്യയുടെ ഊട്ടി എന്നറിയപ്പെടുന്ന അബഹയിലെ സിറ്റി ഫ്ലവർ ഡിപ്പാർട്ട്‌മെൻറ് സ്റ്റോറിൽ നടന്ന പരിപാടിയിൽ, തണുപ്പിനെ വെല്ലുന്ന പാചകച്ചൂടോടെ നൂറുകണക്കിന് പ്രവാസികളാണ് പങ്കുചേർന്നത്.
പ്രശസ്ത അവതാരകനും നടനും ഫുഡ് വ്ലോഗറുമായ രാജ് കലേഷ് (കല്ലു) നയിക്കുന്ന റോഡ് ഷോയുടെ രണ്ടാമത്തെ സ്റ്റോപ്പായിരുന്നു അബഹ. വൈകുന്നേരം 5.30ന് ആരംഭിച്ച പരിപാടിയിലെ പ്രധാന ആകർഷണം രജിസ്റ്റർ ചെയ്ത മത്സരാർഥികൾക്കായി ഒരുക്കിയ ‘ലാറ്ററൽ എൻട്രി’ ബിരിയാണി മത്സരമായിരുന്നു. 11 പേർ മത്സരത്തിൽ തങ്ങളുടെ പാചക രുചിക്കൂട്ടും കൈപ്പുണ്യവുമായി മത്സരിക്കാനെത്തി.
സെമിഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മാഹി സ്വദേശിനി സാൻസിലയും മലപ്പുറം സ്വദേശി വിപിൻ റാമും അവതാരകൻ രാജ് കലേഷിനോടൊപ്പം
തീപാറുന്ന പോരാട്ടത്തിനൊടുവിൽ ലാറ്ററൽ എൻട്രി വഴി സെമിഫൈനലിലേക്ക് അർഹരായ വിജയികളെ പ്രഖ്യാപിച്ചു. മാഹി സ്വദേശിനി സാൻസില, മലപ്പുറം സ്വദേശി വിപിൻ റാം എന്നിവരാണ് വിജയികൾ. മലയാളികൾക്ക് പുറമെ തമിഴ്, പാകിസ്താനി, ബംഗ്ലാദേശ് സ്വദേശികളും സൗദി പൗരന്മാരും മത്സരത്തിലും റോഡ് ഷോയിലും സജീവമായി പങ്കെടുത്തത് പരിപാടിയെ ശ്രദ്ധേയമാക്കി.
സാൻസില സമ്മാനം ഏറ്റുവാങ്ങുന്നു
മത്സരങ്ങൾക്കൊപ്പം അരങ്ങേറിയ ഗാനമേള സദസ്സിന് സംഗീതവിരുന്നായി. രാജ് കലേഷ് നയിച്ച രസകരമായ ഗെയിമുകളിലും വിനോദ പരിപാടികളിലും പങ്കെടുത്തവർക്ക് സ്പോൺസർമാർ നൽകിയ ആകർഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു. സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റ് മാനേജർ സെബി ജോസ്, മാൾ സൂപ്പർവൈസർ ഫൈസൽ ബിൻ അഹമ്മദ് അസീരി, സെയിൽസ് എക്സിക്യൂട്ടിവുമാരായ ശ്രീകുമാർ, ദാസ് ആലപ്പാട്ട്, നാഷ് എന്നിവരും ഗൾഫ് മാധ്യമം പ്രതിനിധികളും പരിപാടികൾക്ക് നേതൃത്വം നൽകി.
വിപിൻ റാം സമ്മാനം ഏറ്റുവാങ്ങുന്നു
നജ്‌റാനിൽ തുടക്കം കുറിച്ച റോഡ് ഷോ അബഹ പിന്നിട്ട് ഇനി വരും ദിവസങ്ങളിൽ റിയാദ്, ദമ്മാം, ജിദ്ദ, യാംബു, ജുബൈൽ, അൽ അഹ്സ, ബുറൈദ തുടങ്ങി രാജ്യത്തെ 10 പ്രധാന നഗരങ്ങളിലെ ഹൈപ്പർമാർക്കറ്റുകളിലും മാളുകളിലും പര്യടനം നടത്തും.
റോഡ് ഷോ എത്തുന്ന വേദികളിൽ നടക്കുന്ന ‘ലാറ്ററൽ എൻട്രി’ മത്സരങ്ങളാണ് റോഡ് ഷോയുടെ പ്രധാന ആകർഷണം. ഈ മത്സരത്തിൽ വിജയിക്കുന്നവർക്ക് മറ്റ് കടമ്പകളില്ലാതെ സെമി ഫൈനലിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. കൂടാതെ റോഡ് ഷോ വേദികളിൽ എത്തുന്നവർക്കായി ഫാമിലി ഗെയിംസ്, ക്വിസ് മത്സരങ്ങൾ, സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. ‘സൗദി ദം സ്റ്റാർ’, ‘സൗദി ബിരിയാണി രാജ’ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. 40,000 റിയാൽ കാഷ് പ്രൈസാണ് വിജയികളെ കാത്തിരിക്കുന്നത്. ആകെ 50,000 റിയാലിന്റെ സമ്മാനങ്ങൾ മത്സരത്തിലുണ്ടാകും.
സംഘാടകർ
ഏപ്രിലിൽ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലായാണ് സെമി ഫൈനൽ നടക്കുക. മെയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പ്രശസ്ത ഷെഫ് സുരേഷ് പിള്ള, മലബാറിന്റെ രുചിക്കൂട്ടുമായി അബിദ റഷീദ്, രാജ് കലേഷ് തുടങ്ങിയവർ വിധികർത്താക്കളായി എത്തും. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് മത്സരാർഥികളാണ് ഇതിനകം രജിസ്റ്റർ ചെയ്തത്. മത്സരത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ജനുവരി 30ന് അവസാനിക്കും. രജിസ്റ്റർ ചെയ്യുന്നതിനായി www.madhyamam.com/dumdumbiriyani ലിങ്ക് സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.