പ്രവാസികളുടെ മടങ്ങിവരവിന് തടസ്സമാവുന്ന വാക്സിൻ പ്രശ്നങ്ങൾ; റഹീം പട്ടർക്കടവനും കെ.എം.സി.സിയും ഹരജികളുമായി ഹൈക്കോടതിയിൽ

ജിദ്ദ: കേരളത്തിൽ വാക്സിനേഷൻ വിതരണവുമായി ബന്ധപ്പെട്ട് പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം തേടി സൗദിയിലെ യുവവ്യവസായി സഹ്റാനി ഗ്രൂപ്പ് സി.ഇ.ഒ റഹീം പട്ടർക്കടവനും കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റിയും ഹൈക്കോടതിയിൽ വ്യത്യസ്ത ഹരജികൾ ഫയൽ ചെയ്തു. കെ.എം.സി.സി  കമ്മിറ്റിക്ക് വേണ്ടി സീനിയർ വൈസ് പ്രസിഡന്റ് വി.പി. മുസ്തഫയാണ് ഹർജി നൽകിയത്. ഇരു വിഭാഗങ്ങൾക്കും വേണ്ടി സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാൻ കോടതിയിൽ ഹാജരാകും. ഹരജികൾ വരുംദിവസങ്ങളിൽ കോടതി പരിഗണിക്കുമെന്നാണ് അറിയാൻ സാധിച്ചതെന്ന് ഇരുകൂട്ടരും അറിയിച്ചു.

സൗദിയിലേക്കുള്ള പ്രവാസികളുടെ മടക്കത്തിന് നേരിടുന്ന ബുദ്ധിമുട്ടുകളാണ് ഹരജിയിൽ പ്രതിപാദിച്ചിരിക്കുന്നത്. നിലവിലെ നിയമമനുസരിച്ച് നാട്ടിൽ നിന്നും വാക്സിൻ എടുത്തവർക്ക് സൗദിയിലെത്തിയാൽ ഏഴ് ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമില്ല. എന്നാൽ നാട്ടിലെ വാക്സിനേഷൻ വിതരണത്തിലെ സാങ്കേതികത്വങ്ങൾ കാരണം പ്രവാസികൾക്ക് സൗദിയിലെത്തിയാൽ ഈ ആനുകൂല്യം ലഭിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ഇന്ത്യയിൽ വിതരണം ചെയ്യുന്ന വാക്സിനുകളിൽ ആസ്ട്രസെനിക്ക കമ്പനിയുടെ കോവിഷീൽഡ്‌ വാക്സിൻ മാത്രമാണ് സൗദി അംഗീകരിച്ച വാക്സിനുകളിൽ ഉൾപ്പെട്ടിട്ടുള്ളത്.

പക്ഷേ ഇന്ത്യയിൽ വാക്സിന്റെ പേര് കോവിഷീൽഡ്‌ എന്നും സൗദിയിൽ ആസ്ട്ര സെനിക്ക എന്നും രണ്ടു പേരുകളായതുകൊണ്ട് പ്രവാസികൾ സൗദിയിലെത്തുമ്പോൾ രേഖകൾ സ്വീകരിക്കപ്പെടുന്നില്ല. അതിനാൽ കോവീഷീൽഡ് എന്നത് ആസ്ട്രസെനിക്ക ആണെന്നും സർട്ടിഫിക്കറ്റിൽ അത് വ്യക്തമായി പ്രതിപാദിക്കുവാനും കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ട ഒരു കാര്യം. അതോടൊപ്പം പ്രവാസികളുടെ പാസ്പ്പോർട്ട് നമ്പറും വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തണം.

ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവാക്സിൻ നിലവിൽ സൗദി അറേബ്യ ഉൾപ്പെടെ പല രാജ്യങ്ങളും അംഗീകരിച്ചിട്ടില്ല. സാധാരണ പൗരന് സ്വന്തം ഇഷ്ട പ്രകാരമുള്ള വാക്സിൻ തെരഞ്ഞെടുക്കുവാനുള്ള സൗകര്യം നിലവിലില്ല. വാക്സിനേഷൻ കേന്ദ്രത്തിൽ എത്തുമ്പോൾ മാത്രമാണ് അവർക്കത് അറിയാനുള്ള സാഹചര്യമുണ്ടാകുന്നത്. കോവാക്സിൻ എടുത്ത പ്രവാസിക്ക് അതിന്റെ ഒരു ആനുകൂല്യവും സൗദിയിൽ ലഭിക്കുകയുമില്ല. അതിനാൽ കോവാക്സിന് അന്താരാഷ്ട്ര തലത്തിൽ അംഗീകൃത വാക്സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്താനായി കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ശരിയായ രീതിയിൽ മാർഗ്ഗനിർദ്ദേശം നൽകിയിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രശ്നം ഉണ്ടാവുകയില്ലായിരുന്നു. അതുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശങ്ങൾ നൽകാൻ ഹരജി നൽകിയിരിക്കുന്നത്. നാട്ടിലുള്ള പ്രവാസികളെ വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താൻ വേണ്ട നിർദ്ദേശങ്ങൾ നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വിവിധ കാരണങ്ങൾ കൊണ്ട് നാട്ടിൽ കുടുങ്ങിയവരെ തിരിച്ച് കൊണ്ടുവരാനുള്ള വിഷയങ്ങൾ ഉന്നയിച്ച് കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് മുസ്ലിം ലീഗ് നേതാക്കൾ മുഖേനെയും, എം.പിമാർ വഴിയും ജിദ്ദ കെ.എം.സി.സി കമ്മിറ്റി പല തവണ നിവേദനങ്ങൾ നൽകിയിരുന്നുവെന്ന് നേതാക്കൾ അറിയിച്ചു. അനുഭാവ പൂർണ്ണമായ മറുപടികൾ ലഭിച്ചിരുന്നെങ്കിലും പ്രശ്നത്തിന് പരിഹാരമാവാത്തതുകൊണ്ടാണ് കോടതിയിൽ പോവാൻ തീരുമാനിച്ചത്.  ലക്ഷക്കണക്കിന് പ്രവാസികളുടെ തിരിച്ച് വരവ് ഇനിയും നീണ്ടു പോയാൽ അവരുടെ കുടുബത്തിന്റെ ഭാവി തന്നെ അപകടകരമാം വിധം അവതാളത്തിലാവും എന്നതുകൊണ്ട് ഈ വിഷയത്തിൽ അനുകൂലമായ പരിഹാരം കാണുന്നത് വരെ ജിദ്ദ കെ.എം.സി.സി നിയമ പോരാട്ടം നടത്തുമെന്ന് പ്രസിഡന്റ് അഹമ്മദ് പാളയാട്ടും ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രയും വ്യക്തമാക്കി.

Tags:    
News Summary - Vaccine issues that hinder the return of expatriates; Rahim Pattarkadavan and KMCC approached high court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.