നാട്ടിലേക്ക് പുറപ്പെടും മുമ്പ് റിയാദിൽ ശംസുദ്ദീൻ
റിയാദ്: ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന് എന്ന രീതിയിൽ തുടർച്ചയായ ദുരിതങ്ങൾ ജീവിതം കീഴ്മേൽ മറിച്ച ഉത്തർപ്രദേശ് സ്വദേശിക്ക് മലയാളി സാമൂഹിക പ്രവർത്തകർ തുണയായി. ഒടുവിൽ രോഗം തളർത്തിയ ജീവിതവുമായി ലഖ്നോ സ്വദേശി ശംസുദ്ദീൻ കഴിഞ്ഞ ദിവസം കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി.
റിയാദിലെ സുവൈദിയിൽ കെട്ടിട നിർമാണ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. കടുത്ത പ്രമേഹം കാരണം ജോലി ചെയ്യാൻ കഴിയാതെ വന്നപ്പോൾ ആറുമാസം മുമ്പ് എക്സിറ്റ് വിസയിൽ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. കമ്പനി നിയമപ്രശ്നം കാരണം ഫൈനൽ എക്സിറ്റ് വിസ ലഭിക്കാൻ കാലതാമസം നേരിട്ടു.
ഈ സമയത്താണ് അദ്ദേഹത്തിെൻറ വലത് കാലിൽ മുറിവ് ഉണ്ടായത്. പ്രമേഹം കാരണം മുറിവ് സുഖപ്പെട്ടില്ല. ഇതിനിടയിൽ നിയമ പ്രശ്നംമാറി നാട്ടിലേക്ക് മടങ്ങാനുള്ള യാത്രരേഖകൾ ശരിയായി.
തനിച്ച് യാത്ര പോകാൻ കഴിയാത്ത സാഹചര്യത്തിൽ വീൽ ചെയറിെൻറ സഹായത്തോടെ ബന്ധുവിെൻറ കൂടെ നാട്ടിലേക്ക് മടങ്ങാനാണ് ഒരുങ്ങിയത്. യാത്രക്ക് വേണ്ടി കഴിഞ്ഞ മാസം സ്പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിൽ ടിക്കറ്റെടുത്തു. എയർപോർട്ടിലേക്ക് കൂടെ പോകേണ്ട ബന്ധു യാത്രദിവസം ഉണരാൻ വൈകി. അപകടം വല്ലതും സംഭവിച്ചോ എന്നറിയാൻ പൊലീസിെൻറ സഹായത്തോടെ മുറി തുറന്നു. ക്ഷീണം കാരണം ഉറങ്ങിപ്പോയതായിരുന്നു. ഉടൻ എയർപോർട്ടിലേക്ക് തിരിെച്ചങ്കിലും എത്തിയപ്പോഴേക്കും സമയം വൈകി യാത്ര മുടങ്ങി.
തൊട്ടടുത്ത ദിവസം ഇൻഡിഗോ വിമാനത്തിൽ പോകാനുള്ള ടിക്കറ്റ് ശരിയാക്കി എയർപോർട്ടിലേക്ക് പോയി. പക്ഷെ അവിടെ എത്തിയ സമയത്ത് കടുത്ത മാനസിക സമ്മർദത്തിന് അടിപ്പെട്ട ശംസുദ്ദീൻ തളർന്നു. ഈ ആരോഗ്യസ്ഥിതിയിൽ വിമാന അധികൃതർ യാത്ര നിഷേധിച്ചു. ബദീഅയിലുള്ള കിങ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയിൽ പ്രമേഹത്തിെൻറ അളവ് വലിയ തോതിൽ വർധിച്ചതായി കണ്ടെത്തി. അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. വ്രണമുള്ള കാൽ തുടഭാഗം മുതൽ മുറിച്ച് മാറ്റി.
രണ്ടാഴ്ചക്കാലത്തെ ആശുപത്രി ചികിത്സക്ക് ശേഷം യാത്ര തിരിക്കാൻ തീരുമാനിച്ചു ടിക്കറ്റ് എടുത്തു. യാത്രക്ക് മുമ്പുള്ള പി.സി.ആർ ടെസ്റ്റിൽ കോവിഡ് പോസിറ്റിവായി.
വീണ്ടും യാത്ര മുടങ്ങി. ആശുപത്രിയിൽ ചികിത്സ തുടർന്നു. പത്ത് ദിവസത്തിന് ശേഷം നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റിവായതോടെ വീണ്ടും യാത്രക്ക് വഴിയൊരുങ്ങി. നാലാമത്തെ ശ്രമത്തിൽ കഴിഞ്ഞ ദിവസം പുലർച്ചേയുള്ള ഇൻഡിഗോ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി.
റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരിയുടെയും ജനറൽ കൺവീനർ ഷറഫ് പുളിക്കലിെൻറയും നേതൃത്വത്തിലാണ് ചികിത്സ സൗകര്യമൊരുക്കിയതും നാട്ടിലേക്ക് അയക്കാനുള്ള നടപടി പൂർത്തിയാക്കിയതും. ഭാര്യയും നാല് കുട്ടികളും അടങ്ങിയതാണ് അദ്ദേഹത്തിെൻറ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.