മക്കയിലെ ഉമ്മുൽഖുറാ സർവകലാശാല, സ്വിസ് യൂനിവേഴ്സിറ്റി ഓഫ് ലാ റോച്ച് പ്രതിനിധികൾ സഹകരണ കരാറിൽ ഒപ്പുവെക്കുന്നു
റിയാദ്: അക്കാദമിക്, പ്രഫഷനൽ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മക്കയിലെ ഉമ്മുൽഖുറാ സർവകലാശാലയും സ്വിസ് യൂനിവേഴ്സിറ്റി ഓഫ് ലാ റോച്ചും സഹകരണ കരാറിൽ ഒപ്പുവെച്ചു. ഉമ്മുൽഖുറാ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച്, സ്റ്റഡീസ് ആൻഡ് കൺസൾട്ടിങ് സർവിസസ് ഡീൻ ഡോ. മുഹമ്മദ് അൽ ശരീഫ്, സ്വിസ് യൂനിവേഴ്സിറ്റി ഓഫ് ലാ റോച്ചിലെ സി.ഇ.ഒ ബെനോയിറ്റ് എറ്റിയെൻ-ഡൊമിനിയർ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ നൂതനമായ വിദ്യാഭ്യാസ പരിശീലന പരിപാടികൾ വികസിപ്പിക്കുന്നതിലൂടെയുള്ള പങ്കാളിത്തം രാജ്യത്തിനുള്ളിലെ അരലക്ഷത്തിലധികം ഗുണഭോക്താക്കളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിന് സംഭാവന ചെയ്യും. സൗദി തൊഴിൽ വിപണിയുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന ഗുണപരമായ അക്കാദമിക്, പരിശീലന പരിപാടികൾ വികസിപ്പിക്കുന്നതിനും വിനോദസഞ്ചാരത്തിനും ആതിഥ്യമര്യാദക്കുമുള്ള ആഗോളകേന്ദ്രമെന്ന നിലയിൽ സൗദിയുടെ സ്ഥാനം വർധിപ്പിക്കുന്നതിനുമുള്ള സർവകലാശാലയുടെ തുടർച്ചയായ ശ്രമങ്ങൾക്കിടയിലാണ് ലാ റോച്ചുമായുള്ള ഈ പങ്കാളിത്തം വരുന്നതെന്ന് അൽശെരീഫ് പറഞ്ഞു.
ആഗോള വിദ്യാഭ്യാസ നിലവാരത്തിന് അനുസൃതമായി പ്രാദേശിക പ്രതിഭകളെ വികസിപ്പിക്കുന്നതിനുള്ള രണ്ട് സ്ഥാപനങ്ങളുടെ പ്രതിബദ്ധതയാണ് കരാർ പ്രതിഫലിപ്പിക്കുന്നതെന്ന് ലാ റോച്ച് യൂനിവേഴ്സിറ്റി സി.ഇ.ഒ പറഞ്ഞു. ഇത് സൗദിയിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിലെ തൊഴിലാളികളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് സഹായിക്കുമെന്നും സി.ഇ.ഒ പറഞ്ഞു.
അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും വിപുലമായ വിദ്യാഭ്യാസ പരിശീലനപരിപാടികൾ നൽകുന്നതിനും പ്രവർത്തിക്കുന്ന ടൂറിസം മന്ത്രാലയത്തിെൻറ കീഴിലാണ് ഈ കരാർ വരുന്നത്. ടൂറിസം മേഖലയിലെ തൊഴിലാളികളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും പ്രാദേശിക തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും യോഗ്യതയുള്ള ദേശീയ കഴിവുകൾ നേടുന്നതിനും ഇത് സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.