വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ
യുക്രെയ്ൻ - റഷ്യ: അടിസ്ഥാനമാകേണ്ടത് രാഷ്ട്രീയ ചർച്ച –വിദേശകാര്യ മന്ത്രി
ജിദ്ദ: റഷ്യ-യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കുന്നതിന് രാഷ്ട്രീയ ചർച്ചയാണ് അടിസ്ഥാനമെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി വെള്ളിയാഴ്ച നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടെയാണ് സൗദി വിദേശകാര്യ മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. യുക്രെയ്നിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഇരുമന്ത്രിമാരും സംസാരിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും വിവിധ മേഖലകളിൽ അവയെ പിന്തുണക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികളെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു.
പ്രതിസന്ധിയുള്ള മേഖലയിലും ലോകത്തും സുരക്ഷിതത്വവും സുസ്ഥിരതയും കൈവരിക്കുന്ന രാഷ്ട്രീയ പരിഹാരത്തിലെത്താൻ ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഭാഷണം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗമെന്ന് സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു. വ്യാഴാഴ്ച സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ ഫോണിൽ വിളിച്ചിരുന്നു. ഇതിനു ശേഷമാണ് സൗദി, റഷ്യൻ വിദേശകാര്യ മന്ത്രിമാർ ടെലിഫോണിൽ സംസാരിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും കിരീടാവകാശിയും റഷ്യൻ പ്രസിഡൻറും സംസാരിച്ചിരുന്നു. യുക്രെയ്നിലെ പ്രതിസന്ധിയെക്കുറിച്ച് രാജ്യത്തിന്റെ പ്രഖ്യാപിത നിലപാടും കിരീടാവകാശി വ്യക്തമാക്കിയിരുന്നു. പ്രതിസന്ധി അവസാനിപ്പിക്കുന്ന രാഷ്ട്രീയ പരിഹാരത്തിലേക്ക് നയിക്കുന്നതിന് എല്ലാ കക്ഷികൾക്കുമിടയിൽ മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങൾ നടത്താൻ രാജ്യം തയാറാണെന്ന് സംഭാഷണത്തിനിടെ കിരീടാവകാശി ഊന്നിപ്പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.