ജിദ്ദ: യെമനിലെ ഹൂതി വിമതർ സൗദി അറേബ്യക്കെതിരെ ആക്രമണങ്ങൾ തുടരുന്നതിനിടെ വെള്ളിയാഴ്ച മക്ക മേഖല ലക്ഷ്യമാക്കി അയച്ച ഡ്രോൺ സൗദിയുടെ വ്യോമ പ്രതിരോധ സേന തകർത്തതായി സഖ്യ സേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു. 'എക്സ്' പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. ഡ്രോൺ എവിടെ നിന്നാണ് വന്നതെന്നോ ഏത് ലക്ഷ്യസ്ഥാനത്തേക്കാണ് അയച്ചതെന്നോ ഉള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

വ്യാഴാഴ്ച മദീന മേഖലയിലേക്ക് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൗദി തകർത്തിരുന്നു. എന്നാൽ ഹൂതി സൈനിക വക്താവ് യഹ്യ സരീ ഈ അവകാശവാദം നിഷേധിച്ചു. അതേസമയം സൗദിയിലെ ദമ്മാമിലുള്ള കിംങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി സേന ഏറ്റെടുത്തു. ഈ ആക്രമണം വിമാനത്താവള ത്തിലെ വ്യോമഗതാഗതത്തെ തടസ്സപ്പെടുത്തിയതായും അവർ അവകാശപ്പെട്ടു.

വെള്ളിയാഴ്ച നജ്‌റാൻ പ്രവിശ്യ ലക്ഷ്യമാക്കി ഹൂതികൾ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വ്യോമസേന വിജയകരമായി തടഞ്ഞു തകർത്തതായും സഖ്യസേന വക്താവ് അറിയിച്ചു. നജ്‌റാനിൽ മിസൈലുകൾ തടഞ്ഞതിനെത്തുടർന്ന് അവശിഷ്ടങ്ങൾ താഴെ വീണിട്ടുണ്ടെന്നും നാശനഷ്ടങ്ങൾ എത്രത്തോളമുണ്ടെന്ന് വിലയിരുത്തി വരികയാണെന്നും അൽ മാലികി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം വഴി വ്യക്തമാക്കി. സൗദി സിവിൽ ഡിഫൻസ് അധികൃതർ നേരത്തെ 'നാഷനൽ ഏർലി വാണിംഗ് പ്ലാറ്റ്‌ഫോം' (ദേശീയ മുൻകൂർ മുന്നറിയിപ്പ് സംവിധാനം) വഴി നജ്‌റാൻ പ്രവിശ്യയിൽ അപകടസാധ്യത സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, അല്പസമയത്തിനകം അത് പിൻവലിച്ചു.

യെമനിലെ സനയിലും അൽ ജൗഫ്, തൈസ്, സാദ, മാരിബ്, ലഹ്ജ്, അൽ ദാലെ, ഇബ്, അൽഹുദൈദ, ഹജ്ജ എന്നീ ഗവർണറേറ്റുകളിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദി യുദ്ധവിമാനങ്ങൾ 61 തവണ വ്യോമാക്രമണം നടത്തിയതായി യഹ്യ സരീ മറ്റൊരു പ്രസ്താവനയിൽ ആരോപിച്ചു. സംഘം പുറത്തുവിട്ട കണക്കുകൾ പ്രകാരം, സംഘർഷം രൂക്ഷമായതിന് ശേഷം ഇതുവരെ നടന്ന വ്യോമാക്രമണങ്ങളുടെയും മിസൈൽ ആക്രമണങ്ങളുടെയും ആകെ എണ്ണം 4,197 ആണെന്നും അദ്ദേഹം ആരോപിച്ചു.

Tags:    
News Summary - Saudi Arabia Intercepts and Destroys Drone Threat Directed at Makkah Region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.