മക്കയിൽ പിടിയിലായ രണ്ട് ഈജിപ്ത് സ്വദേശികൾ
മക്ക: സമൂഹമാധ്യമങ്ങളിലൂടെ വ്യാജ ഹജ്ജ് സർവിസുകളെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾ നൽകി സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ട് വിദേശികളെ മക്കയിലെ സുരക്ഷാ പെട്രോളിങ് വിഭാഗം അറസ്റ്റ് ചെയ്തു. ഈജിപ്ഷ്യൻ സ്വദേശികളായ ഒരു പുരുഷനും വനിതയുമാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. വിശുദ്ധ നഗരമായ മക്ക കേന്ദ്രീകരിച്ച്, തീർഥാടകരെ ആകർഷിക്കുന്ന രീതിയിൽ വ്യാജ സേവനങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചാരണം നടത്തിയായിരുന്നു ഇവരുടെ തട്ടിപ്പ്. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പ്രതികളെ നിലവിൽ കസ്റ്റഡിയിലെടുക്കുകയും ഇവർക്കെതിരെയുള്ള നിയമപരമായ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
തുടർവിചാരണക്കും അന്വേഷണങ്ങൾക്കുമായി കേസ് നിലവിൽ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക സുരക്ഷാ വിഭാഗം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹജ്ജ് കർമങ്ങളുമായി ബന്ധപ്പെട്ട് രാജ്യം പുറപ്പെടുവിച്ചിട്ടുള്ള ഔദ്യോഗിക നിയമാവലികളും നിർദേശങ്ങളും എല്ലാവരും കർശനമായി പാലിക്കണമെന്ന് പൊതുസുരക്ഷ വകുപ്പ് ഈ സംഭവത്തിെൻറ പശ്ചാത്തലത്തിൽ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഇത്തരം വ്യാജ പരസ്യങ്ങളിൽ വീണുപോകരുതെന്നും നിയമവിരുദ്ധമായി ഹജ്ജ് സർവിസുകൾ നടത്തുന്നവരെക്കുറിച്ച് ഉടൻ അധികൃതരെ വിവരമറിയിക്കണമെന്നും സുരക്ഷ വകുപ്പ് അഭ്യർഥിച്ചു. നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർക്ക് 911 എന്ന നമ്പറിലും, സൗദി അറേബ്യയിലെ മറ്റ് പ്രവിശ്യകളിൽ ഉള്ളവർക്ക് 999 എന്ന നമ്പറിലും ബന്ധപ്പെട്ട് അടിയന്തരമായി റിപ്പോർട്ട് ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.