മദീന: നഗരത്തിനുള്ളിൽ താമസക്കാർ, സന്ദർശകർ, തീർഥാടകർ എന്നിവരുടെ യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ മദീന ബസ് പദ്ധതിയുടെ പുതുക്കിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു. മദീന വികസന അതോറിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പദ്ധതിയിൽ നഗരത്തിലുടനീളമുള്ള ഉപയോക്താക്കൾക്കായി 15 റൂട്ടുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഓരോ റൂട്ടിലെയും തിരക്കും സ്റ്റോപ്പുകളുടെ എണ്ണവും കണക്കിലെടുത്താണ് പുതിയ സമയക്രമം നിശ്ചയിച്ചിട്ടുള്ളതെന്ന് മദീന ബസ് അധികൃതർ വിശദീകരിച്ചു. യാത്രക്കാരുടെ സൗകര്യാർത്ഥം റൂട്ടുകളെ പ്രധാനമായും രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.
ആദ്യ ഗ്രൂപ്പിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അഞ്ച് റൂട്ടുകളാണുള്ളത്. വിമാനത്താവളം - മസ്ജിദുന്നബവി (റൂട്ട് 400), മിഖാത്ത് - ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേ (റൂട്ട് 130), ഫൈസലിയ - വാദി മുദൈനിബ് (റൂട്ട് 150), സയ്യിദ് അൽശുഹദാഅ് സ്‌ക്വയർ - ആലിയ (റൂട്ട് 190), ഖാലിദിയ - അൽഖസ്‍വാഅ് (റൂട്ട് 191) എന്നിവയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്.
രണ്ടാമത്തെ ഗ്രൂപ്പിൽ ഉൾപ്പെടുന്ന 10 റൂട്ടുകൾ ദിവസവും 18 മണിക്കൂർ വീതം സർവീസ് നടത്തും. പുലർച്ചെ ആറ് മുതൽ രാത്രി 11.59 വരെയാണ് ഈ റൂട്ടുകളിലെ പ്രവർത്തന സമയം. ഖന്ദഖ് - ഖുർആൻ പ്രിൻറിങ് പ്രസ് (230), ഫൈസലിയ - മിഖാത്ത് (231), ജബൽ അയ്ർ - ദുവൈദ (290), മിഖാത്ത് - മദീനത്തു സനാഇയ (291), മഹ്‌സൂർ - ബുസ്താൻ അൽസ്വാഫിയ (310), കിങ് ഫഹദ് ഡിസ്ട്രിക്റ്റ് - ഖുബാഅ് പള്ളി (390), ഷുറാൻ - അരീദ് ഡിസ്ട്രിക്റ്റ് (391), മബ്ഉൗസ് - വാഹത് അൽഉയൂൻ (450), എയർപോർട്ട് ഡിസ്ട്രിക്റ്റ് - ആലിയ (490), ആലിയ - കസ്‍വാഅ (590) എന്നിവയാണ് 18 മണിക്കൂർ സർവീസ് നടത്തുന്ന പാതകൾ.
മദീനയിലെ പൊതുഗതാഗത സംവിധാനം വികസിപ്പിക്കുന്നതിെൻറയും, പ്രത്യേകിച്ച് ഹജ്ജ്-ഉംറ സീസണുകളിൽ എത്തുന്ന ദശലക്ഷക്കണക്കിന് സന്ദർശകർക്ക് സുഖകരവും സുസ്ഥിരവുമായ ഗതാഗത സേവനം ഉറപ്പാക്കുന്നതിനുമുള്ള അധികൃതരുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ ഷെഡ്യൂൾ നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.