ടി.എം.ഡബ്ല്യു.എ റിയാദ് ഘടകം ‘തലശ്ശേരി പെരുന്നാള്‍ കൂട്ടം’ ഈദ് സംഗമത്തിൽ പങ്കെടുത്തവർ
റിയാദ്: തലശ്ശേരിക്കാരുടെ കൂട്ടായ്മയായ ടി.എം.ഡബ്ല്യു.എ റിയാദ് ഘടകം ‘തലശ്ശേരി പെരുന്നാള്‍ കൂട്ടം’ എന്ന പേരില്‍ ഈദ് സംഗമം സംഘടിപ്പിച്ചു. മലസിലെ കിങ് അബ്ദുല്ല ഗ്രാന്‍ഡ് മസ്ജിദില്‍ അംഗങ്ങള്‍ പെരുന്നാള്‍ നമസ്കാരത്തിനായ് ഒത്തുചേര്‍ന്നു. പരസ്പരം ആശംസകളും സമ്മാനങ്ങളും കൈമാറി നാട്ടിലെ ഈദ്ഗാഹിനെ ഓർമിപ്പിക്കുന്ന രീതിയില്‍ പെരുന്നാള്‍ ആഘോഷമാക്കി.
മലസ് ലുലുവില്‍ പ്രവര്‍ത്തിക്കുന്ന കാന്റീന് ലൗഞ്ച് റസ്റ്റാറന്റില്‍ ഒരുക്കിയ വിഭവസമൃദ്ധമായ പ്രഭാതഭക്ഷണത്തിനായി എത്തിച്ചേര്‍ന്ന അംഗങ്ങളെ നിര്‍വാഹകസമിതി അംഗങ്ങള്‍ സ്വീകരിച്ചു. പ്രവാസത്തിന്റെ നഷ്ടങ്ങളില്‍ ഒന്നായ നാട്ടിലെ പെരുന്നാള്‍ ആഘോഷം അതിന്റെ തനിമ ഒട്ടും കുറയാതെ റിയാദില്‍ പുനഃസൃഷ്ടിച്ചതിന്റെ സന്തോഷം പരിപാടിയില്‍ പങ്കെടുത്തവരുടെ മുഖത്ത് പ്രകടമായിരുന്നു.
ഒരേ നഗരത്തിലാണ് താമസമെങ്കിലും ജീവിതതിരക്കുകള്‍ക്കിടയില്‍ ഏറെ കാലങ്ങളായി പരസ്പരം കാണാന്‍ സാധിക്കാത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണാന്‍ സാധിച്ചതിന്റെ ചാരിതാർഥ്യം പലരും മറച്ചുവെച്ചില്ല. ഒരുവേള ഈ പെരുന്നാൾ ആഘോഷം നാട്ടിൽ ആണോ എന്ന് സംശയിച്ചുവെന്ന് പരിപാടിയിൽ പങ്കെടുത്ത കുടുംബങ്ങളിൽ ഒരാൾ അഭിപ്രായപ്പെട്ടു. വിശേഷങ്ങള്‍ പങ്കുവെച്ചും ആശംസകള്‍ കൈമാറിയും ഗൃഹാതുരത്വത്തിന്റെ വലിയ പെരുന്നാള്‍ കൊണ്ടാടി.
തലശ്ശേരി പെരുന്നാള്‍ കൂട്ടം പരിപാടിക്ക് ടി.എം.ഡബ്ല്യു.എ റിയാദ് മെംബര്‍ഷിപ് വിഭാഗം സബ് കമ്മിറ്റി അംഗങ്ങളായ ഫിറോസ് ബക്കര്‍, മുഹമ്മദ് ഖൈസ്, അന്‍വര്‍ സാദത്ത് കാത്താണ്ടി, വി.സി. അഷ്കര്‍ എന്നിവര്‍ നേതൃത്വം നല്കി.
ഈ ചെറിയ സമയത്തിനുള്ളില്‍ മുന്നൂറോളം അംഗങ്ങളെ പങ്കെടുപ്പിച്ച് പരിപാടി വിജയകരമാക്കിയ സംഘാടക സമിതിയെ പ്രസിഡന്റ് തന്‍വീര്‍ ഹാഷിം, ജനറല്‍ സെക്രട്ടറി ഷമീര്‍ തീക്കൂക്കില്‍ എന്നിവര്‍ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.