സ്പെയിനിലെ നവന്റിയ കപ്പൽശാലയിൽ നിർമിച്ച എച്ച്.എം.എസ് ഹാഇൽ യുദ്ധക്കപ്പൽ റോയൽ സൗദി നേവൽ ഫോഴ്സിന് കൈമാറുന്നു
ജുബൈൽ: സ്പെയിനിലെ സാൻ ഫെർണാണ്ടോയിലുള്ള നവന്റിയ കപ്പൽശാലയിൽ നിർമാണം പൂർത്തിയായ എച്ച്.എം.എസ് ഹാഇൽ യുദ്ധക്കപ്പൽ റോയൽ സൗദി നേവൽ ഫോഴ്സിന് കൈമാറി. റോയൽ സൗദി നാവികസേനയുടെ കമാൻഡർ റിയർ അഡ്മിറൽ ഫഹദ് ബിൻ അബ്ദുല്ല അൽ ഗുഫൈലിയും സൗദി, സ്പാനിഷ് ഉദ്യോഗസ്ഥരും ചേർന്ന് കപ്പലിൽ സൗദി അറേബ്യൻ പതാക ഉയർത്തിയതോടെയാണ് കൈമാറൽ ചടങ്ങ് പൂർത്തിയായത്.
രാജ്യത്തിന്റെ സമുദ്ര പ്രതിരോധ ശേഷിയും താൽപര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള അഞ്ചു യുദ്ധക്കപ്പലുകളുടെ 'സരവാത്' പദ്ധതിയുടെ ഭാഗമായി അൽ ജുബൈലിനും അൽ ദറഇയക്കും ശേഷം നിർമാണം പൂർത്തിയാവുന്ന മൂന്നാമത്തെ കപ്പലാണിത്. സൗദി അറേബ്യൻ മിലിട്ടറി ഇൻഡസ്ട്രീസ് കമ്പനിയും സ്പെയിനിന്റെ സർക്കാർ ഉടമസ്ഥതയിലുള്ള നവന്റിയയും ചേർന്ന് സൗദി നാവികസേനക്കായി യുദ്ധക്കപ്പലുകൾ നിർമിക്കുന്നതിനും 2030ഓടെ 50 ശതമാനം സൈനിക വ്യവസായങ്ങളെയും പ്രാദേശികവത്കരിക്കുന്നതിനുമുള്ള സംരംഭമാണ് സരവാത്.
ഈ പദ്ധതിയുടെ രണ്ടാമത്തെ കപ്പലായ അൽ ദറഇയ സ്പെയിനിൽ പരിശീലന പരിപാടി പൂർത്തിയാക്കി അടുത്ത വർഷം ആദ്യം സൗദി അറേബ്യയിലെത്തും. സ്പെയിനിൽ പരിശീലനം നേടിയ സൗദി എൻജിനീയർമാരുടെ നേതൃത്വത്തിൽ നാലാമത്തെയും അഞ്ചാമത്തെയും കപ്പലുകളായ എച്ച്.എം.എസ് ജീസാൻ, എച്ച്.എം.എസ് ഉനൈസ എന്നിവയുടെ പൂർത്തീകരണം സൗദി അറേബ്യയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.