റിയാദ് നഗരം പ്രകാശപൂരിതം; 'നൂർ റിയാദ് 2022' ആഘോഷത്തിന് തുടക്കം

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരത്തെ പ്രകാശപൂരിതമാക്കി രണ്ടാമത് 'നൂർ റിയാദ് 2022' ആഘോഷത്തിന് ഉജ്ജ്വല തുടക്കം. 'ഞങ്ങൾ പുതിയ ചക്രവാളങ്ങൾ സ്വപ്നം കാണുന്നു' എന്ന ശീർഷകത്തിൽ റിയാദ് സിറ്റി റോയൽ കമീഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. 'റിയാദ് ആർട്ട്' പദ്ധതി ആഘോഷങ്ങളിലൊന്നായ 'നൂർ റിയാദ്' 17 ദിവസം നീണ്ടുനിൽക്കും. നഗരത്തിലെ 40 സ്ഥലങ്ങളിൽ വിവിധ കലാപ്രകടനങ്ങളും സൃഷ്ടികളുടെ പ്രദർശനവും അരങ്ങേറും. വിവിധ തരത്തിലുള്ള ക്രിയേറ്റിവ് ലൈറ്റ്, ലൈറ്റ് സ്റ്റീരിയോടൈപ്പുകൾ എന്നിവയുടെ 190 കലാസൃഷ്ടികൾ പ്രദർശിപ്പിക്കും.


അവയിൽ 90 സൃഷ്ടികൾ ആഘോഷത്തിൽ ആദ്യമായി പ്രദർശിപ്പിക്കുന്നതാണ്. അന്താരാഷ്ട്ര കലാകാരന്മാർക്കുപുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 130ലധികം കലാകാരന്മാർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.റിയാദ് ആർട്ട് പദ്ധതി വലിയ സാംസ്കാരിക പദ്ധതികളിൽ ഒന്നാണെന്ന് എക്സിക്യൂട്ടിവ് ഡയറക്ടർ എൻജി. ഖാലിദ് ബിൻ അബ്ദുല്ല അൽ ഹസനി പറഞ്ഞു. സമൂഹത്തിലെ സാംസ്കാരിക ജീവിതത്തെ സമ്പന്നമാക്കുന്നതിൽ 'വിഷൻ 2030' പരിപാടികളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇത് സംഭാവന ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

കലാപരമായ ആവിഷ്കാരങ്ങൾക്ക് അവസരമൊരുക്കുക, സർഗാത്മക സമ്പദ്‌ വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. ആശയവിനിമയത്തിന്റെയും ആവിഷ്‌കാരത്തിന്റെയും പാലങ്ങൾ കെട്ടിപ്പടുക്കുന്നതിലൂടെ സമൂഹത്തിലെ വ്യക്തികളും ഗ്രൂപ്പുകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള കലയുടെയും സംസ്‌കാരത്തിന്റെയും വിഭവശേഷിയുടെ ജീവിക്കുന്ന ഉദാഹരണമാണ് നൂർ അൽ റിയാദ് ആഘോഷം.

റിയാദ് ആർട്ട് പദ്ധതിയിലെ ചാരിറ്റബ്ൾ സംരംഭങ്ങളുടെ ഭാഗമായി ഈമാസം 14, 15 തീയതികളിൽ ദറഇയയിലെ ജാക്‌സ് പരിസരത്ത് കലാസൃഷ്ടി ലേലം സംഘടിപ്പിക്കുന്നുണ്ട്.നാല് സൗദി കലാകാരന്മാരുടെ കലാസൃഷ്ടികളാണ് ലേലത്തിൽ പ്രദർശിപ്പിക്കുക. ലേലത്തിൽനിന്ന് ലഭിക്കുന്ന വരുമാനം ചാരിറ്റബിൾ സൊസൈറ്റികളുടെ സാങ്കേതിക പരിപാടികൾക്കായി വിനിയോഗിക്കും.


കൂടാതെ, ദറഇയയിലെ ജാക്സ് പരിസരത്ത് മൂന്നുമാസം നീണ്ടുനിൽക്കുന്ന പ്രദർശനവും ആഘോഷത്തിൽ ഉൾപ്പെടുന്നു.ഭൂതകാലത്തിലും ഭാവിയിലും സൃഷ്ടിപരമായ പ്രകാശപരിവർത്തനത്തിന്റെ കലാപരമായ യാത്ര സന്ദർശകർക്ക് അനുഭവിക്കാൻ സാധിക്കുന്നതായിരിക്കും പ്രദർശനമെന്നും റിയാദ് ആർട്ട് എക്സിക്യൂട്ടിവ് ഡയറക്ടർ ചൂണ്ടിക്കാട്ടി.

Tags:    
News Summary - The 'Noor Riyadh 2022' celebration has begun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.