ദേശീയ ദിനാഘോഷത്തിനുള്ള അലങ്കാര വസ്തുക്കളും കൊടിതോരണങ്ങളും വിൽക്കുന്ന ബത്ഹ ദീറയിലെ കടകൾ

ആഘോഷം 'കളറാ'ക്കാൻ കമ്പോളവും

റിയാദ്: ദേശീയദിനാഘോഷം വർണാഭമാക്കാൻ രാജ്യത്തെ വിപണികളും സജീവമായി. തെരുവും കെട്ടിടങ്ങളും വീടും ഓഫിസുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും അലങ്കരിക്കാനാവശ്യമായ വസ്തുക്കൾ വിൽക്കുന്ന കടകളുള്ള റിയാദ് നഗരത്തിലെ ദീറ തെരുവിൽ ഒരാഴ്ചയായി നല്ല തിരക്കാണ്. ദേശീയ ദിനവുമായി ബന്ധപ്പെട്ട് സ്‍കൂളുകൾ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലേക്കുള്ള കുട്ടികളുടെ വസ്ത്രങ്ങളുടെയും അലങ്കാര വസ്തുക്കളുടെയും വിൽപന പൊടിപൊടിക്കുകയാണ്. സൗദിയിൽ തന്നെ അലങ്കാര വസ്തുക്കളുടെയും കളിപ്പാട്ടങ്ങളുടെയും ഏറ്റവും വലിയ മൊത്ത വ്യാപാരകേന്ദ്രമായ ദീറ മാർക്കറ്റിൽ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽനിന്നും ഉൾപ്രദേശങ്ങളിൽനിന്നും സാധനങ്ങൾ വാങ്ങാൻ ആളുകളെത്തുന്നുണ്ട്.

നഗരത്തിനകത്തെ ചെറുകിട വൻകിട വ്യാപാരികളും ദേശീയദിന ആഘോഷത്തിനായുള്ള അലങ്കാര വസ്തുക്കൾ വാങ്ങാൻ അതിരാവിലെ മുതൽ ദീറ തെരുവിലെത്തുന്നുണ്ട്. അർധരാത്രി വരെ പ്രവർത്തിക്കുന്ന മാർക്കറ്റിലേക്ക് കുടുംബമായി എത്തുന്നവരുടെയും തിരക്കാണ്. രാത്രി ഏറെ വൈകിയാണ് ദീറ തിരക്കൊഴിയുന്നത്. ദേശീയദിനാഘോഷവുമായി ബന്ധപ്പെട്ട മുദ്രകളും നിറങ്ങളും ഡിസൈനുകളും പതിപ്പിച്ച കൊടികൾ, തൊപ്പികൾ, കുടകൾ, തോരണങ്ങൾ, ഷാളുകൾ, ബലൂണുകൾ, വിവിധയിനം പോസ്റ്ററുകൾ, ഭരണാധികാരികളുടെ ചിത്രം പതിപ്പിച്ച ബാനറുകൾ, രാജ്യത്തിനായി ഭരണാധികാരികൾ ചെയ്യുന്ന നന്മക്കും കരുതലിനും നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു കൊണ്ടുള്ള വാക്കുകളും കവിതകളും എഴുതിയ കൂറ്റൻ ഫ്ലക്സുകൾ തുടങ്ങിയവയാണ് ഏറെ വിറ്റുപോകുന്നത്.

നഗരത്തിലെ പ്രധാന സുഗന്ധദ്രവ്യ മാർക്കറ്റും ദീറയാണ്. ആഘോഷദിനങ്ങളിൽ പ്രിയപ്പെട്ടവർക്കും കുടുംബാംഗങ്ങൾക്കും സമ്മാനങ്ങൾ കൈമാറുന്ന പതിവുള്ളവരാണ് സൗദി ജനത. ഈ രാജ്യത്തിന്റെ ഒരു സംസ്‍കാരം എന്ന നിലയിൽ വിദേശികളിൽ നല്ലൊരു വിഭാഗം ഇത് പിന്തുടരുന്നുണ്ട്. ഓഫിസുകളിലും മേലധികാരികൾക്കുമെല്ലാം സ്നേഹം പങ്കിടാൻ മുന്തിയ ഇനം അറേബ്യൻ ഊദുകളാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ ആകർഷണീയമായ പാക്കിങ്ങും വിലക്കിഴിവും നൽകി പ്രധാന പെർഫ്യൂം കമ്പനികളും വിപണിയിൽ സജീവമാണ്.

സ്ഥാപനങ്ങളും കൂട്ടായ്മകളും സഹപ്രവർത്തകരെ ഒരുമിച്ചുകൂട്ടി കേക്ക് മുറിക്കുകയും മധുരം കൈമാറുകയും ചെയ്യുന്നത് ആഘോഷദിനങ്ങളിൽ പതിവാണ് സൗദിയിൽ. അതുകൊണ്ട് തന്നെ മധുരപലഹാര വിപണിയിലും തിരക്കനുഭവപ്പെടുന്നുണ്ട്. ഇതിനുപുറമെ ഹൈപർമാർക്കറ്റുകൾ, കോഫി ഷോപ്പുകൾ, റസ്റ്റാറന്റുകൾ, ആശുപത്രികളിലെ പരിശോധനകൾ തുടങ്ങി എല്ലാ മേഖലയിലും മികച്ച ഓഫറുകളാണ് ആഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് നൽകുന്നത്. ദേശീയദിനം വെള്ളിയാഴ്ച ആയതിനാൽ വ്യാഴാഴ്ച അധിക അവധിയുണ്ട്. വ്യാഴം ഉൾപ്പെടെ മൂന്നുദിവസം വരെ പലർക്കും അവധിയുണ്ട്.

Tags:    
News Summary - The market will add color to the celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.