‘ദി ലൈൻ’ ഭാവി പാർപ്പിട നഗരത്തിന്റെ മാതൃക

'ദി ലൈൻ' ഭാവി പാർപ്പിട നഗരത്തിന്റെ പ്രദർശനം റിയാദിൽ

റിയാദ്: ലോകം ആത്ഭുതത്തോടെ നോക്കികാണുന്ന സൗദി അറേബ്യയുടെ സ്വപ്ന പദ്ധതിയായ 'നിയോമി'ലെ ഭാവി പാർപ്പിട നഗരം 'ദി ലൈനി'ന്റെ മിനിയേച്ചർ റിയാദിൽ പ്രദർശനത്തിനെത്തി. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തി മേഖലയിൽ നിർമാണം തുടരുന്ന നിയോം നഗരത്തിനുള്ളിലാണ് 'ദി ലൈൻ'. പദ്ധതിയുടെ വിസ്മയാവഹമായ രൂപകൽപന കണ്ട് ആസ്വദിക്കാനും മനസിലാക്കാനും പൊതുജനങ്ങൾക്ക് അവസരമൊരുക്കുകയാണ് പ്രദർശനത്തിലൂടെ.

ആദ്യം ജിദ്ദയിലും പിന്നീട് ദമ്മാമിലും പ്രദർശനം സംഘടിപ്പിച്ചിരുന്നു. തുടർന്നാണ് റിയാദിൽ മിനിയേച്ചർ പ്രദർശനത്തിനായി എത്തിയത്. ഈ മാസം ആറിന് ആരംഭിച്ച പ്രദർശനം ആറുമാസം നീണ്ടുനിൽക്കും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.


റിയാദിൽ ദറഇയയിലെ ജാക്സ് ഡിസ്ട്രിക്റ്റിലുള്ള 'ദറഇയ ബിനാലെ ഫൗണ്ടേഷൻ ഫോർ കണ്ടമ്പററി ആർട്ടി'ലാണ് പ്രദർശനം നടക്കുന്നത്. പുതിയ നഗരത്തിന്റെ നിർമാണ രീതി, ഡിസൈൻ, എൻജിനീയറിങ്, ഇന്റീരിയർ ഡിസൈൻ, അടിസ്ഥാന സൗകര്യങ്ങൾ, നിരത്തുകളുടെ നിർമാണ രീതി, വാഹനങ്ങളുടെ മോഡലുകൾ തുടങ്ങി എല്ലാ വിവരങ്ങളും കാഴ്ചയും പ്രദർശനത്തിലുണ്ട്. അടുത്ത വർഷം ഏപ്രിൽ 29 വരെയാണ് പ്രദർശനം.

'ദി ലൈൻ' ഡിസൈൻ പ്രദർശനം ആകർഷകമായ അനുഭവമാണ് പ്രദാനം ചെയ്യുന്നതെന്ന് സന്ദർശകർ പറയുന്നു. വിവിധ മേഖലയിൽനിന്നുള്ള വിദഗ്ദ്ധരും വിദ്യാർഥികളും ആധുനിക നഗരത്തിന്റെ ആസൂത്രണത്തെക്കുറിച്ചും ലൈനിലെ ജീവിത രീതിയുടെ ഒരുക്കങ്ങളെ കുറിച്ചും കാണാനും പഠിക്കാനും ദറഇയയിൽ എത്തുന്നുണ്ട്.

ലൈനിന്റെ അതിമനോഹരമായ ഡിസൈനുകൾ വിശദമായി വിവരിക്കാൻ അറബി, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യമുള്ള ഗൈഡുകളും വിശദവിവരങ്ങളടങ്ങിയ പുസ്തകവും ലഭ്യമാണ്. സവിശേഷതകൾ ഏറെയുള്ള പ്രദർശനം കാണാൻ വാരാന്ത്യങ്ങളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

ഞായർ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ രാത്രി 11 വരെയും വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ രാത്രി 12 വരെയും വെള്ളിയാഴ്ച ഉച്ചക്കുശേഷം മൂന്ന് മുതൽ മുതൽ രാത്രി 12 വരെയുമാണ് സന്ദർശകർക്ക്‌ പ്രവേശനാനുമതി. പ്രവേശനം പൂർണമായും സൗജന്യമാണ്. എന്നാൽ theline.halayalla.com എന്ന വെബ്സൈറ്റ് വഴി ടിക്കറ്റ് എടുക്കണം.

200 മീറ്റർ വീതിയും 170 കിലോമീറ്റർ നീളവുമുള്ള ദി ലൈൻ നഗരത്തിന്റെ നിർമാണചെലവ് അരലക്ഷം കോടി ഡോളറാണ്. 20 മിനുട്ട് കൊണ്ട് നഗരം മുഴുവൻ ഓടിയെത്താൻ ബുള്ളറ്റ് ട്രെയിനുകളുണ്ടാകും. ലോക ശ്രദ്ധ സൗദിയിലേക്ക് കേന്ദ്രീകരിക്കും വിധം ഒരുങ്ങുന്ന നഗരത്തിന് സമാനമായത് ഇന്ന് ആഗോളതലത്തിൽ വേറെയില്ല. 2024-ൽ ആദ്യ ഘട്ടം പൂർത്തിയാക്കും. 2030 ഓടെ പൂർണമായും ഒരുങ്ങുന്ന നഗരത്തിൽ സ്കൂൾ, ഷോപ്പിങ് മാൾ, ആശുപത്രികൾ തുടങ്ങി 90 ലക്ഷം ആളുകളെ ഉൾക്കൊള്ളാനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ടാകും.

Tags:    
News Summary - the line saudi arabia Neom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.