റിയാദ് സീസണിൽ പെർഫ്യൂം എക്സ്പോയിലേക്ക് സന്ദർശകരുടെ ഒഴുക്ക്

റിയാദ്: റിയാദ്​ സീസൺ ആഘോഷങ്ങളിൽ അത്തറിന്‍റെ സൗരഭ്യവും. ഗൾഫിലെ ഏറ്റവും വലിയ പെർഫ്യൂം പ്രദർശന വിൽപന മേളക്ക്​​ റിയാദിൽ തുടക്കമായി. ഇഷ്‌ട പെർഫ്യൂമുകൾ വാങ്ങാനും പുതിയ സൗരഭ്യങ്ങൾ അറിയാനും അവസരം ഒരുക്കുകയാണ് 'റിയാദ് സീസൺ പെർഫ്യൂം എക്സിബിഷൻ 2022'.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ആരംഭിച്ച പരിപാടികളിലൂടെ ലോക ശ്രദ്ധ നേടിയ റിയാദ് സീസണിന്‍റെ ഭാഗമായ ഏറ്റവും വലിയ പെർഫ്യൂം ഷോ ആയിരങ്ങളെയാണ്​ ആകർഷിക്കുന്നത്​. രാജ്യത്തിനകത്തും പുറത്തുമുള്ള 200 ലധികം കമ്പനികൾ പ്രദർശനത്തിൽ അവരുടെ ഉൽപന്നങ്ങളുമായി മേളയിൽ പങ്കെടുക്കുന്നുണ്ട്. റിയാദ്​ എയർപോർട്ട് റോഡിലുള്ള റിയാദ് ഫ്രന്‍റ്​​ എക്സിബിഷൻ നഗരിയിൽ ഫെബ്രുവരി 27-ന് ആരംഭിച്ച പ്രദർശനം മാർച്ച് 12-ന് അവസാനിക്കും.

ഉച്ചക്ക് ഒന്ന്​ മുതൽ രാത്രി 12 വരെയാണ് പ്രദർശന നഗരിയിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുക. 25 റിയാലാണ് ടിക്കറ്റിനായി നൽകേണ്ടത്. ഓൺലൈനായും നേരിട്ടും ടിക്കറ്റ് സ്വന്തമാക്കാനാകും. എക്സിബിഷൻ ഹാളിലെത്തി ടിക്കറ്റെടുക്കുന്നവരിൽ നിന്ന് കാർഡ് വഴി മാത്രമേ പണം സ്വീകരിക്കൂ.

അജ്‌മൽ പെർഫ്യൂം കമ്പനി ഇന്ത്യൻ സാന്നിധ്യമായി മേളയിലുണ്ട്. സുഗന്ധദ്രവ്യ കച്ചവട രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പെർഫ്യൂം നിർമാണ വർക്ക്​ഷോപ്പുകളും മറ്റ് പാക്കിങ്‌, മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങളും ലഭ്യമാക്കാൻ ഈ രംഗത്തെ വിദഗ്ധർ മേളയിലെത്തിയിട്ടുണ്ട്. സൗദിയിലും വിദേശത്തും അറിയപ്പെടുന്ന ബ്രാൻഡുകൾക്ക് പ്രത്യേക വിലക്കിഴിവ് സന്ദർശകർക്കായി സംഘാടകർ വാഗ്‌ദാനം ചെയ്യുന്നുണ്ട്. 40,000 ചതുരശ്ര മീറ്റർ വിസ്‌തൃതിയിലുള്ള ഹാളിൽ രണ്ട് മേഖലകളായി തിരിച്ചാണ് പ്രദർശനം നടക്കുന്നത്.

ലോകത്തിലെ മികച്ച ബ്രാൻഡുകൾ കുറഞ്ഞ വിലയിൽ വാങ്ങാനും ആസ്വദിക്കാനും സന്ദർശകർക്കുള്ള അവസരം കൂടിയാണ് പെർഫ്യൂം എക്സ്പോ എന്ന് സംഘാടകർ പറഞ്ഞു. പെർഫ്യൂം ബിസിനസിൽ മുതൽമുടക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രമുഖ കമ്പനികളെ കണ്ടുമുട്ടാനും ബിസിനസ്​ സാധ്യതകളെ കുറിച്ച് സംസാരിക്കുന്നതിനും ഇതൊരു അവസരമായി കാണുന്ന സംരംഭകരും മേളയിൽ എത്തുന്നുണ്ട്. ഇന്ത്യയുടെ സുഗന്ധവൃക്ഷം എന്നറിയപ്പെടുന്ന അഗർവുഡ്‌ പ്രമുഖ സ്റ്റാളുകളിലെല്ലാം പ്രദർശനത്തിനും വിൽപ്പനക്കുമായി എത്തിയിട്ടുണ്ട്. കിലോക്ക് 2,000 റിയാൽ മുതൽ രണ്ട് ലക്ഷം റിയാൽ വരെ വിലയുള്ള അഗർവുഡുകളുണ്ട് മേളയിൽ.

ഊദ് മരത്തിൽ നിന്ന് വാറ്റിയെടുക്കുന്ന ഓയിലുകൾ അറബികൾക്ക്​ ഏറെ പ്രിയപ്പെട്ടതാണ്. തൊലിപ്പുറത്ത് ഉപയോഗിക്കുന്ന ഇത്തരം ഊദ് തൈലത്തിന്​ സൗദിയിൽ ആവശ്യക്കാർ ഏറെയാണ്. ഊദ് മരമെന്ന് തോന്നിപ്പിക്കുന്ന തടിയിൽ നിർമിച്ച് സ്വർണ നിറമുള്ള ബെൽറ്റിൽ പൊതിഞ്ഞ ധൂമപാത്രത്തിൽ നിന്ന് പുകഞ്ഞുപൊന്തുന്ന മുന്തിയ ഊദിന്‍റെ സുഗന്ധം അറബി വീടുകളുടെ പ്രൗഢിയുടെ ഭാഗം കൂടിയാണ്.


റമദാൻ തുടങ്ങുന്നതിന് ഒരു മാസം ബാക്കി നിൽക്കുമ്പോൾ ഈ പ്രദർശനത്തിന് പ്രസക്തിയേറെയുണ്ട്. അറബ് വീടുകളിലെ മജ്​ലിസുകളും വിശ്രമകേന്ദ്രങ്ങളും ഏറെ സജീവമാകുന്ന മാസമാണ് റമദാൻ. ഇവിടെങ്ങളിലെല്ലാം ഊദ് പുകയുന്നത് അറബ് ആതിഥേയത്വത്തിന്‍റെ പ്രധാന അടയാളമാണ്. പുലരുവോളം പ്രാർഥന നടക്കുന്ന റമദാൻ കാലത്ത് പള്ളികളിൽ പുകയ്​ക്കാൻ ഏറ്റവും വിലപിടിപ്പുള്ള ഊദുകൾ സമ്മാനമായി എത്തിക്കുന്നവരുണ്ട്.

അറബികൾക്ക് മാത്രമല്ല മലയാളികൾക്കും സുഗന്ധ ദ്രവ്യങ്ങളോടുള്ള പ്രിയം വലുതാണ്​. നിത്യോപയോക സാധനങ്ങളിൽ പ്രധാനപ്പെട്ടതാണ് അറബികൾക്ക് സുഗന്ധ ദ്രവ്യം. അത്തർ പൂശാതെ വീടിന് പുറത്തിറങ്ങുന്നവർ അറബികൾക്കിടയിൽ വിരളമാണ്. 


Tags:    
News Summary - The influx of visitors to the Perfume Expo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.