ജീസാൻ പൈതൃക ഗ്രാമത്തിലെ വിവിധ ദൃശ്യങ്ങൾ

പഴമയുടെ പ്രൗഢിയിൽ ജീസാനിലെ പൈതൃകഗ്രാമം

യാംബു: അറബ് സമൂഹം പിന്നിട്ട പൂർവകാല ജീവിത ശൈലികൾ പുനർജനിക്കുന്ന അനുഭവം സമ്മാനിക്കുന്ന ഒരിടമാണ് 'അൽ ഖർയത്തു തുറാസിയ'എന്ന പേരിലറിയപ്പെടുന്ന ജീസാൻ പൈതൃകഗ്രാമം. ഭൂതകാലത്തിന്‍റെ പൈതൃകവും ഗതകാലത്തിന്‍റെ കുലീനതയും സമന്വയിപ്പിക്കുന്ന ദൃശ്യം ഇവിടെ സന്ദർശകർക്ക് ഹൃദ്യമായ കാഴ്ചാനുഭവം പകരുന്നു. കടലോര നഗരമായ ജീസാന്‍റെ നാഗരികവും സാംസ്കാരികവുമായ വൈവിധ്യം ഉൾക്കൊള്ളുന്ന ഈ ഹെറിറ്റേജ് വില്ലേജ് ജീസാനിലെ തെക്ക്​ ഭാഗത്തെ കോർണിഷിലാണ്. പ്രവേശനം സൗജന്യമാണ്. വില്ലേജ് കവാടം കടന്ന് അകത്ത് പ്രവേശിക്കുമ്പോൾ പഴമയുടെ പെരുമ വിളിച്ചോതുന്ന ശേഷിപ്പുകൾ കാണാം. 7000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ഈ പൈതൃക നഗരം ഒന്നര പതിറ്റാണ്ട് മുമ്പാണ് നിർമിച്ചത്. വാസ്തുവിദ്യയുടെ മികവോടെ പണിത മൂന്നു നിലകളുള്ള 'ബൈത്തുൽ ജബലി'സന്ദർശകരെ ഹഠാദാകർഷിക്കുന്നു.




 പഴയകാലത്തെ കർഷകർ നിത്യജീവിതത്തിനും കാർഷിക വൃത്തിക്കും ഉപയോഗിച്ച കരകൗശല വസ്തുക്കൾ, മത്സ്യ ബന്ധനത്തിനായി ഉപയോഗിച്ച ഉപകരണങ്ങൾ, പുരാവസ്തുശേഖരം, പഴയ പാത്രങ്ങൾ, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, നിത്യോപയോഗ വസ്തുക്കൾ എന്നിവയുടെ തനിമ ചോരാത്ത ശേഷിപ്പുകൾ ആകർഷണീയമാണ്. കരകൗശല വസ്തുക്കൾ, തേൻ, പച്ചമരുന്നുകൾ തുടങ്ങിയവ വിലകൊടുത്ത് വാങ്ങാം. അസീർ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിലെ ഭൂപ്രകൃതിയും താമസക്കാരുടെ സാംസ്‌കാരിക പൈതൃകത്തനിമയും കോർത്തിണക്കിയുള്ള വിവിധ കൂടാരങ്ങളാണ് പൈതൃക വില്ലേജിൽ. പഴമയുടെ രീതിയിൽ മണ്ണും കല്ലും കൊണ്ട് പണിത ചുമരുകളും ഈന്തപ്പനയോലകൊണ്ടും പുല്ലുകൊണ്ടും മേഞ്ഞ മേൽക്കൂരയും ഉൾക്കൊള്ളുന്ന ചെറിയ കുടിലുകളാണ് മുഖ്യ ആകർഷണം. ഇവയിൽ 'അൽ ബൈത്തു തിഹാമീ'എന്ന പേരിലുള്ള കുടിലിനകത്ത് അറബികളുടെ പൗരാണിക ജീവിതവുമായി ബന്ധപ്പെട്ടതാണ്.




 പുരാതനകാലത്ത് ഇരിക്കാൻ അറബികൾ ഉപയോഗിച്ച ഇരിപ്പിടങ്ങളും വീട്ടുപകരണങ്ങളും പാത്രങ്ങളും കരകൗശല വസ്തുക്കളും ഇതിലുണ്ട്. അകത്തെ ഇരിപ്പിടങ്ങളും കൗതുക വസ്തുക്കളും ഉപയോഗപ്പെട്ടുത്തി സന്ദർശകർ സെൽഫിയെടുത്തും ദൃശ്യങ്ങൾ പകർത്തിയും ഏറെ സമയം ഇവിടെ ചെലവഴിക്കുന്നത് കാണാം. തൂക്കിയിട്ട പാത്രങ്ങളും ഫാനൂസ് വിളക്കുകളും അലങ്കാര വസ്‌തുക്കളുമെല്ലാം പോയ കാലത്തിന്‍റെ ഓർമകൾ പങ്കുവെക്കുന്നു. ഈ കുടിലുകൾക്ക് ഏതാനും അകലെ കടലിൽ ഒരു ചെറിയ പാലവുമായി ബന്ധിപ്പിച്ച് 'ബൈത്തുൽ ഫർസാനി'എന്ന പേരിൽ മറ്റൊരു കൊച്ചുവീടും സഞ്ചാരികളെ ആകർഷിക്കുന്നു. കടലിനെ ആശ്രയിച്ചും മത്സ്യബന്ധനം നടത്തിയും മുത്തുവാരിയും കഴിഞ്ഞുവന്ന ഫർസാൻ ദ്വീപ് സമൂഹത്തിന്‍റെ ആദ്യകാല ജീവിതത്തിന്‍റെ നേർചിത്രങ്ങളും ദ്വീപുവാസികളുടെ പാരമ്പര്യ വസ്തുക്കളുടെ ശേഷിപ്പുമാണ് ഇവിടെ. കടൽജീവികളുടെയും മറ്റും ഫോസിലുകൾ ഉൾപ്പെടുന്ന ചെറിയൊരു മ്യൂസിയവുമുണ്ട്. അറേബ്യൻ ഉപഭൂഖണ്ഡത്തിലെ ജലസ്പർശമുള്ള ഇടങ്ങളെ ആശ്രയിച്ച് പുഷ്ഠിപ്പെട്ട പ്രാചീന ജനവാസ കേന്ദ്രങ്ങളിലൊന്നാണ് ജീസാൻ. പഴമയുടെ പൊരുൾ തേടി ചരിത്ര ഗവേഷകരും സഞ്ചാരികളും ഇവിടെ എത്തുന്നു. നാടിന്‍റെ പൈതൃകസംരക്ഷണ പദ്ധതി നടത്തിപ്പിൽ പുതുതലമുറയെ കൂടി ഭാഗഭാക്കാക്കുന്നതാണ് സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ്​ ഹെറിറ്റേജ് അതോറിറ്റിയുടെ പ്രവർത്തനം.

Tags:    
News Summary - The heritage village of Jizan in the pride of antiquity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.