റിയാദ്: സൗദി വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ സ്വദേശി പൗരനെ കുത്തിക്കൊലപ്പെടുത്തിയ മറ്റൊരു സൗദി പൗരെൻറ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൽമാൻ ബിൻ അലി ബിൻ സൽമാൻ അൽ അതവിയുടെ ശിക്ഷയാണ് ഞായറാഴ്ച നടപ്പാക്കിയത്. സാമി ബിൻ സാലിഹ് ബിൻ സലാമ അൽ ബലവിയെ ഇയാൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പലതവണ മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയും, ഇതേത്തുടർന്ന് സാമി മരണപ്പെടുകയുമായിരുന്നു.
കൃത്യത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് പ്രതിയായ സൽമാൻ ബിൻ അലി പിടിയിലായത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതിനെ തുടർന്ന് കേസ് പ്രത്യേക കോടതിക്ക് കൈമാറുകയായിരുന്നു. തുടർന്ന് കോടതിയിൽ പ്രതിക്കെതിരെയുള്ള കുറ്റങ്ങൾ കൃത്യമായി തെളിയിക്കപ്പെട്ടതോടെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്.
പ്രതി സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിച്ച അപ്പീൽ കോടതിയും പിന്നീട് സുപ്രീം കോടതിയും ഈ വധശിക്ഷാ വിധി ശരിവെച്ചു. ഇതോടെയാണ് കോടതി നടപടികൾ അന്തിമഘട്ടത്തിലെത്തിയത്. തുടർന്ന്, ശരീഅത്ത് നിയമപ്രകാരമുള്ള ഈ വിധി നടപ്പാക്കാൻ ഉത്തരവിട്ടുകൊണ്ടുള്ള രാജകീയ വിജ്ഞാപനം പുറപ്പെടുവിക്കുകയും, ബന്ധപ്പെട്ട വകുപ്പുകൾ അത് സാക്ഷ്യപ്പെടുത്തുകയും ചെയ്ത ശേഷമാണ് ശിക്ഷ നടപ്പാക്കിയത്.
രാജ്യത്ത് സുരക്ഷയും നീതിയും പൂർണമായി ഉറപ്പാക്കാൻ സൗദി ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം ഈ നടപടിയെക്കുറിച്ച് വിശദീകരിച്ച് വ്യക്തമാക്കി. നിരപരാധികളുടെ ജീവന് ഭീഷണിയുയർത്തുന്നവർക്കും, രക്തം ചിന്തുന്നവർക്കുമെതിരെ ഇസ്ലാമിക ശരീഅത്ത് നിയമങ്ങൾ കർശനമായി നടപ്പിലാക്കും. ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് മുതിരുന്ന ആർക്കും കടുത്ത നിയമനടപടികൾ തന്നെ നേരിടേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയം ശക്തമായ ഭാഷയിൽ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.