സൗദിയിൽ ഹൂതി ആക്രമണശ്രമം; മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പേർക്ക് പരിക്ക്; വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടം
റിയാദ്: തെക്കൻ സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത്, അഹദ് അൽ റുഫൈദ എന്നീ പ്രദേശങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പേർക്ക് പരുക്കേറ്റു. ഹൂതി ഭീകര സംഘടന തൊടുത്തുവിട്ട രണ്ട് ബാലസ്റ്റിക് മിസൈലുകൾ ആകാശത്തുവെച്ച് സൗദി സേന തടഞ്ഞുനശിപ്പിച്ചതിനെത്തുടർന്നാണ് അവയുടെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ചത്. സംഭവത്തിൽ പ്രദേശത്തെ നിരവധി വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ഞായറാഴ്ചയുണ്ടായ ഈ സംഭവത്തെത്തുടർന്ന് ഇരു ഗവർണറേറ്റുകളിലും സിവിൽ ഡിഫൻസ് വിഭാഗം അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിച്ചു. അപകടത്തിൽ ഒരു സൗദി പൗരനും ഏഷ്യൻ വംശജനായ പ്രവാസിക്കുമാണ് പരുക്കേറ്റതെന്ന് സിവിൽ ഡിഫൻസ് ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചു. കൂടാതെ, മൂന്ന് പാർപ്പിട കെട്ടിടങ്ങൾക്കും ഏഴ് വാഹനങ്ങൾക്കും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ആക്രമണത്തെത്തുടർന്നുണ്ടായ തകർച്ചയുടെയും നാശനഷ്ടങ്ങളുടെയും ദൃശ്യങ്ങൾ വാർത്താ ചാനലായ അൽ-ഇഖ്ബാരിയ പുറത്തുവിട്ടു. മിസൈൽ അവശിഷ്ടങ്ങൾ വീണ് തകർന്ന കെട്ടിടങ്ങളും വാഹനങ്ങളും ഈ ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവസ്ഥലത്ത് സുരക്ഷാ അധികൃതർ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.