റെഡ് സീ ഫിലിം ഫെസ്റ്റിവൽ നഗരി
ജിദ്ദ: ഈ വർഷത്തെ റെഡ്‌സീ അന്താരാഷ്ട്ര ചലച്ചിത്രമേള (അഞ്ചാം പതിപ്പ്) ഡിസംബർ നാല് മുതൽ 13 വരെ ജിദ്ദ നഗരത്തിലെ ചരിത്രപ്രസിദ്ധമായ ബലദിൽ നടക്കും. ലോക സിനിമയെ സൗദിയിലേക്ക് എത്തിക്കുന്നതിനൊപ്പം തദ്ദേശീയ പ്രതിഭകളെ ആഗോളതലത്തിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. ലോകസിനിമകൾ മേളയിൽ പ്രദർശിപ്പിക്കപ്പെടും. ഇന്ത്യയിൽനിന്ന് രണ്ട് ചിത്രങ്ങളാണ് എത്തുക. പ്രമുഖ നടി രേഖ ഉൾപ്പടെ ബോളിവുഡ് താരങ്ങളും ചലച്ചിത്രപ്രവർത്തകരും എത്തുന്നുണ്ട്.
മേള നഗരിയിൽ ഒരുക്കുന്ന ‘റെഡ്‌സീ സൂഖ്’ അറബ് ലോകത്തെ ഏറ്റവും വലിയ ചലച്ചിത്ര വിപണികളിൽ ഒന്നായിരിക്കും. ഡിസംബർ ആറ് മുതൽ 10 വരെ നടക്കുന്ന സൂഖിൽ 45 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 160 പ്രദർശകർ പങ്കെടുക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രദർശന പവലിയനുകളുടെ എണ്ണത്തിൽ ഇത്തവണ 20 ശതമാനം വർധനവുണ്ടാവും. ഈ വർധനവ് ചലച്ചിത്ര വ്യവസായത്തിൽ സൗദി അറേബ്യയുടെ വർധിച്ചുവരുന്ന ആഗോള സ്വാധീനത്തെയാണ് സൂചിപ്പിക്കുന്നത്. വളർന്നുവരുന്ന പ്രതിഭകളെയും ചലച്ചിത്രപ്രവർത്തകരെയും പ്രാദേശിക, അന്തർദേശീയ വ്യവസായ പ്രമുഖരെയും ഒരുമിപ്പിച്ച് കൊണ്ടുവരുന്ന വിപുലമായ പരിപാടികൾ സൂഖ് വാഗ്ദാനം ചെയ്യുന്നു.
പ്രഫഷനൽ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും സഹനിർമാണ സാധ്യതകൾ ശക്തിപ്പെടുത്തുന്നതിനുമായി വർക്ക്‌ഷോപ്പുകൾ, പരിശീലന സെഷനുകൾ, വിപുലമായ പാനൽ ചർച്ചകൾ എന്നിവയും സൂഖ് പ്രോജക്ട് മാർക്കറ്റിനൊപ്പം നടക്കും. ചലച്ചിത്രമേഖലയിലെ പ്രമുഖരെ അണിനിരത്തുന്ന സൂഖ് ടോക്ക്സ് പരിപാടി, ആഗോള സിനിമയെക്കുറിച്ചുള്ള ആഴത്തിലുള്ള കാഴ്ചപ്പാടുകൾ നൽകുന്നതിന് ഈ വർഷവും തിരിച്ചെത്തുന്നു.
നിർമാണം, വിതരണം, സംപ്രേക്ഷണം തുടങ്ങിയ മേഖലകളിലെ പ്രമുഖ അന്താരാഷ്ട്ര വിദഗ്ധർ പങ്കെടുക്കുന്ന സംഭാഷണങ്ങളിൽ ഇന്ന് സിനിമാ വ്യവസായത്തെ രൂപപ്പെടുത്തുന്ന നിർണായക വിഷയങ്ങൾ ചർച്ച ചെയ്യും. എ.ഐയുടെ പങ്ക്, സൗദി പ്രേക്ഷകരുടെ ദ്രുതഗതിയിലുള്ള വളർച്ച, സഹനിർമാണത്തിെൻറ സാധ്യതകൾ, പുതിയ പദ്ധതികളിലുള്ള ധനസഹായ സ്ഥാപനങ്ങളുടെ താൽപ്പര്യം എന്നിവ പ്രധാന ചർച്ചാവിഷയങ്ങളിൽ ഉൾപ്പെടുന്നു.
പ്രമുഖ പ്രാദേശിക, അന്തർദേശീയ ചലച്ചിത്ര, മീഡിയ കമ്പനികളിലെ നേതാക്കളും വിദഗ്ദ്ധരും ഈ പരിപാടിയിൽ പങ്കെടുക്കുന്നത് ചർച്ചകളെ സമ്പന്നമാക്കുകയും വ്യവസായത്തിെൻറ ഭാവിയെക്കുറിച്ച് സുപ്രധാനമായ ഉൾക്കാഴ്ചകൾ നൽകുകയും ചെയ്യും. ഈ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഉയർത്തിക്കാട്ടുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട വ്യവസായ പങ്കാളികൾക്ക് അവരുടെ സ്വന്തം പ്രത്യേക സെഷനുകൾ സംഘടിപ്പിക്കാനും സൂഖ് അവസരം നൽകുന്നുണ്ട്.
സിനിമാപ്രേമികൾക്കായി ഫെസ്റ്റിവൽ അധികൃതർ ‘ഫാൻസ് സോണും’ പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് കാർപ്പറ്റിൽ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ നേരിൽ കാണാനും സംവദിക്കാനും ഈ സോൺ ആരാധകർക്ക് അതുല്യമായ അവസരം ഒരുക്കും. ഫെസ്റ്റിവലിനെത്തുന്ന പ്രമുഖ താരങ്ങളെ കാണാനും അവരുമായി നേരിട്ട് സംവദിക്കാനും ഫോട്ടോ എടുക്കാനും ഓട്ടോഗ്രാഫുകൾ നേടാനും ഫാൻസ് സോൺ വഴി സാധിക്കും. കൂടാതെ ചലച്ചിത്രമേളയുടെ പ്രധാന പരിപാടിയിൽ പുനഃസ്ഥാപിച്ച ക്ലാസിക് ചിത്രങ്ങൾ, അത്യാധുനിക പ്രൊജക്ഷൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രദർശിപ്പിക്കുന്ന പുതിയ സിനിമകൾ, വളർന്നുവരുന്ന ചലച്ചിത്രപ്രവർത്തകരുടെ നിർമാണങ്ങൾ എന്നിവയുൾപ്പെടെ നിരവധി സിനിമാവിഭാഗങ്ങളും ഉൾപ്പെടുന്നു.
ഉംറാവു ജാൻ, ഏർലി ഡെയ്‌സ് ചിത്രങ്ങൾ പ്രദർശിപ്പിക്കും
ജിദ്ദ: റെഡ്‌സീ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ബോളിവുഡിെൻറ ഐതിഹാസിക ചിത്രങ്ങൾക്ക് പ്രത്യേക ഇടം നൽകി ഇന്ത്യൻ സിനിമാപ്രേമികൾക്ക് ആവേശം പകരുന്നു. മുസാഫർ അലിയുടെ സംവിധാനത്തിൽ രേഖ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 1981-ലെ ക്ലാസിക് ചിത്രം ‘ഉംറാവു ജാൻ’ ഉൾപ്പെടെയുള്ള രണ്ട് പ്രമുഖ ബോളിവുഡ് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.
‘ഉംറാവു ജാൻ’ എന്ന സിനിമയിൽ നടി രേഖ
‘ഉംറാവു ജാൻ’ ഡിസംബർ ഏഴിന് രാത്രി 9.15 മുതൽ 11.50 വരെ കൾച്ചർ സ്ക്വയർ ഓഡിറ്റോറിയത്തിലാണ് പ്രദർശിപ്പിക്കുക. ചിത്രത്തിെൻറ സംവിധായകൻ മുസാഫർ അലി, നായിക രേഖ എന്നിവരടക്കം അണിയറ പ്രവർത്തകരും അഭിനേതാക്കളും പ്രദർശനത്തിന് സാക്ഷ്യം വഹിക്കാൻ എത്തും. മറ്റൊരു ബോളിവുഡ് ചിത്രമായ ‘ഏർലി ഡെയ്‌സും’ മേളയിൽ പ്രദർശിപ്പിക്കും.
ഡിസംബർ 10, 11 തീയതികളിലായിരിക്കും ഈ സിനിമയുടെ പ്രദർശനം. സിനിമയുടെ ടിക്കറ്റുകൾ https://redseafilmfest.com എന്ന വെബ്‌സൈറ്റ് വഴിയും ആപ്പ് വഴിയും ബുക്ക് ചെയ്യാം. ജിദ്ദയിലെ ഇന്ത്യൻ സമൂഹത്തിനായി ഒരുങ്ങുന്ന ഈ പ്രത്യേക ചലച്ചിത്ര അനുഭവങ്ങൾ, ബോളിവുഡ് സിനിമയുടെ സുവർണകാലഘട്ടത്തെ പുനഃസൃഷ്ടിക്കാൻ അവസരമൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.