ദുൽഹജ്ജിലെ ആദ്യ വെള്ളിയാഴ്ച മസ്ജിദുൽ ഹറാമിൽ ജുമുഅക്കെത്തിയ തീർഥാടകർക്ക് സേവനങ്ങളുമായി തനിമ വളന്റിയർമാർ

ഹാജിമാർക്ക് തണലായി തനിമ വളന്റിയർ സേവനം

മക്ക: ദുൽഹജ്ജിലെ ആദ്യ വെള്ളിയാഴ്ച മസ്ജിദുൽ ഹറമിൽ ജുമുഅക്കെത്തിയ തീർഥാടകർക്ക് സേവനങ്ങളുമായി തനിമ വളന്റിയർമാർ ഹറം പരിസരങ്ങളിൽ സജീവമായി. ഹജ്ജിനു മുമ്പുള്ള അവസാന വെള്ളിയാഴ്ചയായതിനാൽ ഹാജിമാരെ സഹായിക്കാൻ രാവിലെ മുതൽ തന്നെ വളന്റിയർമാർ സേവന രംഗത്ത് ഉണ്ടായിരുന്നു. ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ ഇന്ത്യയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിക്കുന്ന ബസ് സ്റ്റേഷൻ മഹബസ് ജിൻ, ബാബ് അലി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാന പ്രവർത്തനങ്ങൾ.

കനത്ത ചൂടുകാരണം പ്രയാസപ്പെടുന്ന തീർഥാടകർക്ക്, വെള്ളം, കുട, ചെരിപ്പ്, ജ്യൂസ് എന്നിവ വിതരണം ചെയ്താണ് വളന്റിയർമാർ സേവനരംഗത്ത് സജീവമായത്. വഴിതെറ്റിയ ഹാജിമാർക്ക് വഴികാട്ടിയും വളന്റിയർമാർ രംഗത്തുണ്ടായിരുന്നു. മുഴുവൻ തീർഥാടകരും ഹറമിൽനിന്നും മടങ്ങുംവരെ സേവന പ്രവർത്തനങ്ങൾ തുടർന്നു. പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന വളന്റിയർമാരാണ് സേവനത്തിന് അണിനിരന്നത്. അവധി ദിവസങ്ങൾ ഉപയോഗപ്പെടുത്തിയാണ് മുഴുസമയ സേവനം. മറ്റു ദിവസങ്ങളിൽ ജോലിസമയം കഴിഞ്ഞാണ് സേവന പ്രവർത്തനങ്ങൾക്ക് ഇറങ്ങുന്നത്.

തനിമ മക്ക രക്ഷാധികാരി അബ്ദുൽ ഹകീം ആലപ്പുഴ, തനിമ വളന്റിയർ കൺവീനർ ശമീൽ ചേന്ദമംഗല്ലൂർ, അബ്ദുൽ റഷീദ് സഖാഫ്, അൻഷാദ് കൊണ്ടോട്ടി, അബ്ദുൽ നാസർ മതിലകം, അനീസുൽ ഇസ്‍ലാം, വനിത കോഓഡിനേറ്റർ ഷാനിബ നജാത്, മുന അനീസ്, സുനീറ ബഷീർ തനിമ ഫ്രൈഡേ ഓപറേഷന് നേതൃത്വം നൽകി. ഇന്ത്യൻ ഹജ്ജ് മിഷനു കീഴിലാണ് സേവന പ്രവർത്തനങ്ങൾ കോഓഡിനേറ്റ് ചെയ്തുവരുന്നത്. മക്കയിലും പരിസരങ്ങളിലുമുള്ള തനിമ പ്രവർത്തകരാണ് കഴിഞ്ഞ ഒരുമാസത്തോളമായി വളന്റിയർ സേവനരംഗത്തുള്ളത്.

ഹജ്ജ് ചടങ്ങുകൾ നടക്കുന്ന ദിനങ്ങളിൽ അറഫയിലും മിനയിലും വളന്റിയർ സേവനത്തിനുള്ള ഒരുക്കം നടന്നുവരുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മിനായിലെ സേവനങ്ങൾക്കായി സൗദിയുടെ വിവിധ പ്രദേശങ്ങളിൽനിന്നും തനിമയുടെ പ്രത്യേക വളന്റിയർമാർ ഈ വർഷവും മക്കയിലേക്ക് എത്തിച്ചേരാനുള്ള തയാറെടുപ്പിലാണ്.

Tags:    
News Summary - Thanima volunteer service to assist pilgrims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.