ജിദ്ദയില്‍ ഭീകരസെല്‍ തകര്‍ത്തു; രണ്ടുപേര്‍ സ്വയംപൊട്ടിത്തെറിച്ചു

ജിദ്ദ: കിഴക്കന്‍ ജിദ്ദയിലെ അഹറസാത്തില്‍ സുരക്ഷാസേന തീവ്രവാദി സെല്‍ തകര്‍ത്തു. പ്രത്യേകസംഘം നടത്തിയ ഓപറേഷനിടെ രണ്ടു ഭീകരര്‍ സ്വയം പൊട്ടിത്തെറിച്ച് മരിച്ചു. രണ്ടുപേരെ മറ്റൊരിടത്തുനിന്ന് പിടികൂടുകയും ചെയ്തു. രണ്ടിടത്തും പ്രദേശവാസികളെ ഒഴിപ്പിച്ച ശേഷമായിരുന്നു പൊലീസ് നടപടി.  
ശനിയാഴ്ച പുലര്‍ച്ചെ ജിദ്ദയിലെ അഹറസാത്തിലാണ് ആദ്യസംഭവം. പ്രദേശത്തെ ഒരു കെട്ടിടത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുകയാണെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രത്യേക സംഘം മേഖല വളയുകയായിരുന്നു. പൊലീസിന്‍െറ സാന്നിധ്യം തിരിച്ചറിഞ്ഞ ഭീകരര്‍ ഉടന്‍ വെടിവെപ്പ് ആരംഭിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും തിരിച്ച് ആക്രമിച്ചു. ഭീകരര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ അടച്ചായിരുന്നു ഓപറേഷന്‍. കീഴടങ്ങാന്‍ ഉദ്യോഗസ്ഥര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതെ നില്‍ക്കുകയായിരുന്നു ഭീകരര്‍. രക്ഷപ്പെടല്‍ അസാധ്യമാണെന്ന് തിരിച്ചറിഞ്ഞതോടെ ചാവേര്‍ ആക്രമണത്തിനായി തയാറാക്കി സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിച്ച് രണ്ടുപേരും മരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ആക്രമണം ശരിവെച്ച് മക്ക ഗവര്‍ണറേറ്റ് പ്രസ്താവന പുറത്തിറക്കി. ഓപറേഷനില്‍ പ്രദേശവാസികള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ അപായമൊന്നും സംഭവിച്ചിട്ടില്ളെന്ന് പിന്നീട് ആഭ്യന്തരവകുപ്പ് വിശദീകരിച്ചു. ആത്മഹത്യ ചെയ്ത രണ്ടു ഭീകരരും പിടികിട്ടാപ്പുള്ളി പട്ടികയിലുള്ളവരാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതിന് പിന്നാലെ നസീമിലെ ഒരു വീട് റെയ്ഡ് ചെയ്താണ് രണ്ടുപേരെ ജീവനോടെ പിടികൂടിയത്. ബോംബ് നിര്‍മാണശാലയായി പ്രവര്‍ത്തിച്ചിരുന്ന ഇവിടെ നിന്ന് ഹുസ്സം അല്‍ ജഹ്നി എന്നയാളെയും ഭാര്യ ഫാത്തിമ റമദാന്‍ മുറാദിനെയുമാണ് അറസ്റ്റ് ചെയ്തത്.
ഫാത്തിമ പാകിസ്താന്‍ സ്വദേശിയാണ്. നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഒട്ടേറെ മൊബൈല്‍ ഫോണുകളും ഇവിടെ നിന്ന് ലഭിച്ചു. 

Tags:    
News Summary - terror2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.