ജിദ്ദ: കോവിഡ് വ്യാപനം തടയാനും തിരക്കൊഴിവാക്കാനും ഷോപ്പിങ് മാളുകൾക്കും കച്ചവട കേന്ദ്രങ്ങൾക്കും നിശ്ചയിച്ച പ്രതിരോധ മുൻകരുതൽ നടപടികൾ വാണിജ്യ മന്ത്രാലയം കടുപ്പിച്ചു. ഭേദഗതി വരുത്തിയ മുൻകരുതൽ നടപടികൾ മന്ത്രാലയം ട്വിറ്ററിലാണ് പ്രസിദ്ധീകരിച്ചത്. മേയ് നാലു മുതൽ ഇവ നടപ്പായിട്ടുണ്ട്. വാണിജ്യ കേന്ദ്രങ്ങളിലെ പ്രവേശന കവാടങ്ങളിലും അകത്തും പാലിക്കേണ്ട നിർദേശങ്ങളടങ്ങിയതാണ് പുതിയ ഭേദഗതി.
തിരക്കൊഴിവാക്കാൻ കവാടങ്ങളിൽ ആവശ്യമായ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കുക, ഒത്തുചേരാതിരിക്കാനും സാമൂഹിക അകലം ഉറപ്പാക്കാനും കവാടങ്ങൾക്കടുത്ത വളഞ്ഞ (വൈൻറിങ്) പാതകൾ ഒരുക്കുക, ഒരോ കവാടങ്ങളിലും അകത്ത് ഉൾക്കൊള്ളാൻ കഴിയുന്ന ആളുകളുടെ ശേഷി കാണിക്കുകയും വ്യക്തികൾക്കിടയിൽ സാമൂഹിക അകലം പാലിക്കാൻ ഉണർത്തുകയും ചെയ്യുന്ന മാർഗനിർദേശ ഫലകങ്ങൾ സ്ഥാപിക്കുക, പ്രവേശനത്തിനും പുറത്തുകടക്കാനുമുള്ള വഴികളിൽ തവക്കൽനാ ആപ് പരിശോധന സംവിധാനങ്ങൾ ഉറപ്പുവരുത്തുക, കവാടങ്ങളിൽ തവക്കൽനാ ബാർകോഡ് സ്റ്റിക്കർ ഒരുക്കുക, ഉപഭോക്താവ് ബാർകോഡ് സ്കാൻ ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുക, പുറത്തെ മുറ്റങ്ങളിലും പ്രവേശന കവാടങ്ങൾക്കടുത്തും സാമൂഹിക അകലം പാലിക്കാൻ വേണ്ട സ്റ്റിക്കറുകൾ പതിക്കുക എന്നിവ ഭേദഗതിയിൽ ഉൾപ്പെടും. കൂടാതെ, പ്രീപെയ്ഡ് സിനിമ ടിക്കറ്റുകൾ കൈവശമുള്ളവർക്ക് പ്രത്യേക മുൻകരുതൽ പാലിച്ച് നിശ്ചയിച്ച ഹാളുകളിലേക്ക് നേരിട്ട് പ്രവേശനാനുമതി നൽകാനും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.