മക്ക: സ്കൂൾ വിദ്യാർഥികൾക്കിടയിൽ ത്വക്രോഗം പടരുന്നത് തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ നിർദേശം നൽകി. ജിദ്ദ ഗവർണറേറ്റിൽ വിദ്യാഭ്യാസ മന്ത്രി ഡോ. അഹ്മദ് അൽഇൗസയുമായി കൂടിക്കാഴ്ചയിലാണ് ഗവർണർ ഇക്കാര്യം പറഞ്ഞത്. മക്കയിലെ സ്കൂളുകളിൽ ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് ത്വക്രോഗം തടയുന്നതിന് സ്വീകരിച്ച നടപടികൾ ഗവർണർക്ക് വിശദീകരിച്ചുകൊടുത്തു. രോഗബാധയുള്ള സ്കൂളുകളിൽ കൂടുതൽ വിദ്യാർഥിനികളിലേക്ക് പകരാതിരിക്കാൻ നടപടി സ്വീകരിച്ചതായി വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. കാര്യങ്ങൾ നിയന്ത്രണാധീനമാണെന്നും ബന്ധപ്പെട്ട വകുപ്പുകൾ വേണ്ട ശ്രമങ്ങൾ നടത്തിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മേഖല വിദ്യാഭ്യാസ ഒാഫീസ് മേധാവി മുഹമ്മദ് അൽഹാരിസിയും മന്ത്രിയെ അനുഗമിച്ചിരുന്നു.
മക്കയിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന ആൺകുട്ടികളിലും പെൺകുട്ടികളിലും ത്വക്രോഗം ബാധിച്ചവരുടെ എണ്ണം മുമ്പുണ്ടായിരുന്നതിനേക്കാൾ കൂടിവരുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തിരുന്നു. 500 ലധികം വിദ്യാർഥികൾക്ക് രോഗമുണ്ടെന്നാണ് റിപ്പോർട്ട്. മ്യാൻമർകാരായ വിദ്യാർഥികൾക്കിടയിലാണ് കൂടുതൽ രോഗപകർച്ച റിപ്പോർട്ട് ചെയ്തത്. മറ്റ് രാജ്യക്കാർക്കിടയിലും രോഗം കണ്ടെത്തിയിട്ടുണ്ട്. രോഗമുള്ള കുട്ടികൾക്ക് ചികിത്സാവധി നൽകാനും വിദ്യാഭ്യാസ കാര്യാലയം തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ജിദ്ദ മേഖലയിലെ സ്ക്കൂൾ വിദ്യാർഥികൾക്ക് ഇതുവരെ ത്വക്രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജിദ്ദ ആരോഗ്യകാര്യാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.