ഫൈനൽ എക്സിറ്റിൽ പോകുന്നവർക്ക് സൗദി എയർലൈൻസിന്‍റെ പ്രത്യേക വിമാന സർവീസ്

റിയാദ്: കോവിഡ് പശ്ചാത്തലത്തില്‍ വിദേശത്തേക്ക് സൗദി എയര്‍ലൈന്‍സ് പ്രത്യേക വിമാന സര്‍വീസ് തുടങ്ങി. മക്കയില്‍ നിന്നുള്ള ഫിലിപ്പീന്‍സ് പൗരന്മാരുമായി ജിദ്ദയില്‍ നിന്നും ഫിലിപ്പൈന്‍സിലെ മനിലയിലേക്കാണ് തിങ്കളാഴ്ച ആദ്യ വി മാനം പറന്നത്. തിരിച്ചു യാത്രക്കാരെ വിമാനത്തില്‍ കൊണ്ടു വരില്ല. ഒരു വശത്തേക്ക് മാത്രമാണ് സര്‍വീസ്. മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ പ്രത്യേക പദ്ധതി പ്രകാരമാണിത്. സൗദിയില്‍ തൊഴില്‍ കരാറുകള്‍ അവസാനിച്ചും ഫൈനല്‍ എക്സിറ്റ് നേടിയും നാട്ടില്‍ പോകാനാകാതെ കുടുങ്ങിയവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനായി സൗദി അറേബ്യ പ്രഖ്യാപിച്ച പ്രത്യേക യാത്രാ സൗകര്യമാണിത്.

ഇന്ത്യയും പാകിസ്താനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് മെയ് ആദ്യവാരത്തില്‍ ഈ രീതിയില്‍ വിമാന സര്‍വീസുണ്ടാകുമെന്ന് ചില കമ്പനികള്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ വിമാനമിറങ്ങാന്‍ ഇന്ത്യ കൂടി അനുവദിച്ചാല്‍ മാത്രമേ ഇത് സാധിക്കൂ. ഓരോ തൊഴിലാളിയുടേയും കമ്പനിയാണ് ഇതിനുള്ള അപേക്ഷ മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് സമര്‍പ്പിക്കേണ്ടത്. എല്ലാ രാജ്യങ്ങളിലേക്കും യാത്രാ സൗകര്യം ഒരുക്കും. ഫൈനല്‍ എക്സിറ്റ് ലഭിച്ചവര്‍ക്കും നല്‍കാന്‍ ഉദ്ദേശിക്കുന്നവരേയും കമ്പനികള്‍ക്ക് ഇതുവഴി നാട്ടിലേക്കയക്കാം. ഇതിനായി രാജ്യത്തെ സ്വകാര്യ മേഖലാ കമ്പനികള്‍ക്ക് അപേക്ഷ നല്‍കാം. ‌റീ എന്‍ട്രിയിലുള്ളവരും സ്വന്തം കമ്പനികളില്‍ അപേക്ഷ സമര്‍പ്പിച്ചതായാണ് വിവരം.

ഓരോ പതിനാല് ദിവസം കൂടുമ്പോഴും കന്പനികള്‍ക്ക് അപേക്ഷ നല്‍കാം. ഒരു അപേക്ഷയില്‍ തന്നെ എത്ര പേരുടെ പട്ടിക വേണമെങ്കിലും സമര്‍പ്പിക്കാം. ഫൈനല്‍ എക്സിറ്റ് കരസ്ഥമാക്കിയ രേഖ, തൊഴിലാളിക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കിയ രേഖ, കോവിഡ് 19 പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, നിശ്ചയിച്ച തിയതിയിലേക്ക് തൊഴിലാളിക്കായി കമ്പനി എടുത്ത ടിക്കറ്റ് എന്നിവയാണ് അപേക്ഷക്കൊപ്പം സമര്‍പ്പിക്കേണ്ടത്. അപേക്ഷ നല്‍കി അഞ്ചു ദിവസത്തിനുളളില്‍ രേഖകള്‍ പരിശോധിച്ച് മന്ത്രാലയം അന്തിമ തീരുമാനമെടുക്കും. അപേക്ഷ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യും.

ഇഖാമ കാലാവധി കഴിഞ്ഞവര്‍, ജയില്‍ മോചിതര്‍, സന്ദര്‍ശന വിസാ കാലാവധി അവസാനിച്ചവര്‍ തുടങ്ങിയ ഇതര കേസുകളില്‍ പെട്ടവര്‍ക്ക് നാടണയണമെങ്കില്‍ ജന്മനാട്ടില്‍ നിന്നും വിമാന സര്‍വീസ് തുടങ്ങണം. നിലവില്‍ ബ്രിട്ടൻ ഉള്‍പ്പെടെ വിവിധ രാഷ്ട്രങ്ങള്‍ അവരുടെ പൗരന്മാരെ വിദേശത്ത് നിന്നും തിരിച്ചു കൊണ്ടു പോകുന്നുണ്ട്.

Tags:    
News Summary - special service by saudi airlines for final exit-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.