തൊഴിലാളികൾക്ക് സഹായവുമായി യാംബുവിലെ നവോദയ പ്രവർത്തകരെത്തിയപ്പോൾ (ഫയൽ ചിത്രം)

യാംബു അൽ നഖ്‌ലിലെ ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നത്തിന്​ പരിഹാരം

യാംബു: ടൗണിൽ നിന്ന് ഏകദേശം 50 കിലോമീറ്ററകലെ യാംബു അൽ നഖ്‌ലിൽ ഭവന നിർമാണ പദ്ധതിയിലേക്ക് കരാർ കമ്പനിയുടെ കീഴി​ലെത്തി ദുരിതത്തിലായ തൊഴിലാളികളുടെ പ്രശ്നത്തിന് പരിഹാരം. റിയാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിയായ ദി സൗദി അറേബ്യൻ കട്ടേരയിലെ 25-ഓളം ഇന്ത്യൻ തൊഴിലാളികളായിരുന്നു 11 മാസമായി വേതനമോ പ്രാഥമിക സൗകര്യങ്ങളോ ഇല്ലാതെ പ്രയാസത്തിൽ കഴിഞ്ഞിരുന്നത്. പ്രശ്നം ശ്രദ്ധയിൽ പെട്ട ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി ജീവകാരുണ്യ വിഭാഗം ഇടപെടുകയായിരുന്നു.

ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റുമായും റിയാദിലെ ഇന്ത്യൻ എംബസിയുമായും നിരന്തരം നടത്തിയ ഇടപെടലുകൾ അവസാനം ഫലപ്രാപ്തി കാണുകയായിരുന്നു. യാംബു നവോദയ സാരഥികൾ ഇ-മെയിൽ വഴി നൽകിയ പരാതി ലഭിച്ചതോടെ ജിദ്ദ കോൺസുലേറ്റ്‌ ഉദ്യോഗസ്ഥൻ വിളിച്ച്‌ വിവരങ്ങൾ ആരായുകയും തുടർന്ന് ഇന്ത്യൻ എംബസി റിയാദ്‌ ഓഫീസിൽ നിന്നും ലേബർ അറ്റാഷെ, കട്ടേര കമ്പനിക്ക്‌ ഔദ്യോഗികമായി കത്തയക്കുകയും ചെയ്തു.

സൗദി തൊഴിൽ നിയമം ആർട്ടിക്കിൾ 90 (1.2), 61, 62 പ്രകാരം തൊഴിലുടമ എല്ലാ മാസവും തൊഴിലാളികൾക്ക്‌ കൃത്യമായി ശമ്പളം നൽകണമെന്നും ആർട്ട്ക്കിൾ 33 പ്രകാരം കാലാവധി കഴിഞ്ഞ താമസരേഖകളും മറ്റും ഉടനെ പുതുക്കി നൽകണമെന്നും തൊഴിലാളികളുടെ എല്ലാ പ്രശ്നങ്ങളും ഉടൻ പരിഹരിക്കണമെന്നും ലേബർ അറ്റാഷെ ഈ മാസം 19-ന്‌ കമ്പനിക്ക് അയച്ച കത്തിൽ പ്രത്യേക നിർദേശം നൽകിയിരുന്നു. തുടർന്ന് റിയാദിലെ കമ്പനി ആസ്ഥാനത്തുനിന്നും ഇക്കഴിഞ്ഞ ദിവസം ഹ്യൂമൻ റിസോഴ്സ്‌ വിഭാഗത്തിലെ ഉന്നത സൗദി ഉദ്യോഗസ്ഥൻ തൊഴിലാളികളെ സന്ദർശിച്ച്‌ പ്രശ്നപരിഹാരത്തിന്‌ ശ്രമം തുടങ്ങി.

ആദ്യപടിയായി ശമ്പള കുടിശികയിൽ നിന്നും ഒരു മാസത്തെ ശമ്പളം കഴിഞ്ഞദിവസം തൊഴിലാളികൾക്ക്‌ ലഭിച്ചു. മൂന്നുമാസമായി നിർത്തിവെച്ച കമ്പനിയിലെ ജോലി ഉടൻ പുനരാരംഭിക്കാനും അധികൃതർ തീരുമാനമെടുത്തതായി നവോദയ യാംബു മീഡിയ കൺവീനർ ബിഹാസ് കരുവാരകുണ്ട് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.

തൊഴിൽ പ്രതിസന്ധിയിൽ അകപ്പെട്ട കമ്പനിയിലെ തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ യാംബുവിലെ സുമനസ്സുകളുടെ സഹകരണത്തോടെ നവോദയ കമ്മിറ്റി നേരത്തേ വിതരണം ചെയ്തിരുന്നു. അടിയന്തിര സഹായങ്ങൾക്കും ഇന്ത്യൻ എംബസിയുമായി ഇടപെടൽ നടത്തി പ്രശ്‌നപരിഹാരത്തിന് വഴിയൊരുക്കാനും മുൻകൈയെടുത്ത നവോദയ പ്രവർത്തകർക്ക് തൊഴിലാളികൾ നന്ദി അറിയിച്ചു. തൊഴിലാളികളുടെ പ്രശ്ന പരിഹാരത്തിന്​ സന്ദർഭോചിതമായി ഇടപെട്ട ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലേയും റിയാദ്‌ ഇന്ത്യൻ എംബസിയിലെയും ഉദ്യോഗസ്ഥർ, വിവിധ രീതിയിൽ മറ്റ്‌ സഹായ സഹകരണങ്ങൾ നൽകിയ യാംബുവിലെ സുമനസ്സുകൾ എന്നിവർക്ക് നവോദയ യാംബു ഏരിയ കമ്മിറ്റി ജീവകാരുണ്യ കൺവീനർ എ.പി. സാക്കിർ പ്രത്യേകം നന്ദി പറഞ്ഞു.

Tags:    
News Summary - solution to the problem of Indian workers in Yambu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.