ബുറൈദ: ഹാഇലിൽ മലയാളി വനിത മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. വയനാട് കണിയാമ്പറ്റ പഞ്ചായത്ത് മുൻ അംഗവും കോൺഗ്രസ് പ്രവർത്തകയുമായിരുന്ന പള്ളിക്കുന്ന് സ്വദേശിനി സ്വദേശി സിസിലി മൈക്കിളാണ് (48) ഈ മാസം 23 ന് ഹാഇൽ കിങ് ഖാലിദ് ആശുപത്രിയിൽ മരിച്ചത്.
പ്രമേഹം വർധിച്ച് അബോധാവയിലാവസ്ഥയിലായ നിലയിലാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഇടക്ക് ബോധം തെളിഞ്ഞപ്പോൾ ആശുപത്രിയിലെ മലയാളി നഴ്സുമാരോട് ഇവർ സ്വദേശം വെളിപ്പെടുത്തിയിരുന്നു. മൂന്ന് മണിക്കൂറിനകം മരണം സംഭവിച്ചു.
പ്രമേഹം മൂർഛിച്ച് ഹൃദയാഘാതം മുലം മരിച്ചതായാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നതെന്ന് ഹാഇൽ നവോദയ ജനറൽ സെക്രട്ടറി ബിജോയ് ‘ഗൾഫ് മാധ്യമ’ത്താട് പറഞ്ഞു.
കഴിഞ്ഞ ജനുവരി 15ന് നാട്ടിലെ രണ്ട് ഏജൻറുമാർ കോഴിക്കോട്ടെ സ്വകാര്യ റിക്രൂട്ടിങ് എജൻസി വഴിയാണ് സിസിലിയെ സൗദിയിലെത്തിച്ചത്. ഡേകെയറിലാണ് ജോലി എന്നും 2500 റിയാൽ പ്രതിമാസ ശമ്പളം ലഭിക്കുമെന്നുമാണ് ഇവരെ ധരിപ്പിച്ചത്. വിമാനമിറങ്ങി ഒരാഴ്ച കഴിഞ്ഞാണെത്ര ഇവരെ സ്വദേശിയുടെ വീട്ടിലെത്തിച്ചത്. അപ്പോഴേക്കും സിസിലി അവശതയിലായിരുന്നു. വിശ്രമമില്ലാത്ത കഠിന ജോലിയും ഭക്ഷണം സമയത്ത് ലഭിക്കാത്തതും അടക്കമുള്ള പ്രശ്നങ്ങൾ ഇവർ നാട്ടിലെ ബന്ധുക്കളെയും സൗദിയിലുള്ള പരിചയക്കാരെയും അറിയിച്ചിരുന്നതായി പറയുന്നു.
ഇതിനായി ബുറൈദയിലെ സാമൂഹികപ്രവർത്തകൻ ഇഖ്ബാൽ അടക്കമുള്ളവരെ ബന്ധപ്പെട്ട ബന്ധുക്കൾ അവരുടെ നിർദേശപ്രകാരം ജില്ലാ പൊലീസ് അധികാരികൾക്കും റിയാദ് ഇന്ത്യൻ എംബസി അധികൃതർക്കും പരാതി നൽകിയിരുന്നു. ഇതിനിടെ മറ്റൊരു സ്വദേശിഭവനത്തിലേക്ക് മാറ്റപ്പെട്ട സിസിലിയെ തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ആർക്കും സാധിച്ചിരുന്നില്ല. ഇതിനിടെ തിർത്തും അവശയായ ഇവരെ വീട്ടുടമ മാനസികരോഗാശുപത്രിയിൽ എത്തിച്ചിരുന്നെത്ര.
മരണത്തെപ്പറ്റി അന്വേഷിക്കണമെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ സംസ്ഥാന സർക്കാരിനും ‘നോർക്ക’ക്കും റിയാദ് ഇന്ത്യൻ എംബസി അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. ഭർത്താവ് മുമ്പുതന്നെ വിട്ടുപോയ സിസിലിക്ക് 17 വയസായ മകളുണ്ട്. മകളെയും അമ്മ എമിലിയെയും മരണവിവരം ഇതുവരെ അറിയിച്ചിട്ടില്ല. പിതാവ് പരേതനായ മാവുങ്കൽ മൈക്കിൾ. 10 വർഷം പഞ്ചായത്ത് അംഗമായി പ്രവർത്തിച്ച സിസിലി നിർധനകുടുംബാംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.