ജിദ്ദ: മറ്റൊരു സൗദി വിദ്യാര്‍ഥി കൂടി അമേരിക്കയില്‍ ആക്രമണത്തിനിരയായി. കാര്‍ ഡ്രൈവ് ചെയ്ത് പോകുന്നതിനിടെ മുഹമ്മദ് സിയാദ് അല്‍ ഫദീല്‍ എന്ന വിദ്യാര്‍ഥിക്കാണ് ഇരുമ്പുവടി കൊണ്ടുള്ള അടിയേറ്റത്.
കെന്‍റക്കി സ്റ്റേറ്റിലാണ് സംഭവം. തലക്ക് മാരകമായി പരിക്കേറ്റ മകന്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പിതാവ് ഡോ. സിയാദ് സ്ഥിരീകരിച്ചു. വംശീയ വിദ്വേഷം കൊണ്ടുള്ള ആക്രമണമോ പുതിയ കാര്‍ തട്ടിയെടുക്കാനുള്ള ശ്രമമോ ആകാമെന്നാണ് അദ്ദേഹം പറയുന്നത്. സൗദി എംബസി വിഷയത്തിലിടപെട്ടിട്ടുണ്ട്. പ്രശ്നം സജീവമായി പരിഗണിക്കുന്ന ഐക്യരാഷ്ട്ര സഭയിലെ സൗദിയുടെ സ്ഥിരം പ്രതിനിധി അബ്ദുല്ല ബിന്‍ യഹ്യ അല്‍ മുഎൈലിമിക്ക് ഡോ. സിയാദ് നന്ദി പറഞ്ഞു. ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റില്‍ ബിരുദ വിദ്യാര്‍ഥിയാണ് ആക്രമണത്തിനിരയായ മുഹമ്മദ് സിയാദ്.
സമീപകാലത്തായി സൗദി പൗരന്‍മാര്‍ക്ക് നേരെ അമേരിക്കയില്‍ ആക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണ്. വിസ്കോണ്‍സിന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന ഹുസൈന്‍ സഈദ് അല്‍നഹ്ദിയുടെ മരണവുമായി ബന്ധപ്പെട്ട് കല്ലന്‍ എം. ഓസ്ബണ്‍ എന്ന 27 കാരനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.
ബുറൈദ സ്വദേശിയായ ഹുസൈന്‍ ബിസിനസ് അഡ്മിനിസ്ട്രേഷന്‍ ബിരുദ വിദ്യാര്‍ഥിയായിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ 30നാണ് ഹുസൈന്‍ ആക്രമണത്തിനിരയായത്. അടുത്ത ദിവസം ആശുപത്രിയില്‍ വെച്ച് മരണം സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.