ഐ.എസിനെ തുടച്ചുനീക്കണം –സഖ്യസേന

റിയാദ്: മേഖലയുടെയും ലോകത്തിന്‍െറയും സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയുയര്‍ത്തുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘത്തെ തുടച്ചുനീക്കണമെന്ന സംയുക്ത പ്രഖ്യാപനത്തോടെ റിയാദ് ഉച്ചകോടി സമാപിച്ചു. ഐ.എസിനെതിരെ രൂപവത്കരിക്കപ്പെട്ട 14 രാജ്യങ്ങളുടെ സഖ്യമാണ് രണ്ടുദിവസം റിയാദില്‍ യോഗം ചേര്‍ന്നത്. 
സൗദി ഉള്‍പ്പെടെ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ അമേരിക്ക, തുര്‍ക്കി, മലേഷ്യ, മൊറോക്കോ, ജോര്‍ഡന്‍, തുനീഷ്യ, ലബനാന്‍, നൈജീരിയ തുടങ്ങി 14 രാജ്യങ്ങളുടെ പ്രതിനിധികളാണ് ഉച്ചകോടിക്ക് എത്തിയത്. സഖ്യ സേനയുടെ രൂപവത്കരണത്തിന് ശേഷമുള്ള രണ്ട് വര്‍ഷത്തിനിടെ തീവ്രവാദ ശക്തികളുടെ ശേഷി മരവിപ്പിക്കുന്നതില്‍ വലിയ പുരോഗതി കൈവരിക്കാനായതായി ഉച്ചകോടി വിലയിരുത്തി. അതേസമയം ഐ.എസ് ഇപ്പോഴും മധ്യ പൗരസ്ത്യ ദേശത്തിനും ലോകത്തിനും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ലോക രാജ്യങ്ങളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് പൗരന്‍മാര്‍ തിരിയുന്നതിന് കാരണമാകുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും യോഗം ആഹ്വാനം ചെയ്തു. 
പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയതോടൊപ്പം മേഖലയില്‍ നിന്ന് പൂര്‍ണമായും ഐഎസിനെ തുടച്ചു നീക്കാനുള്ള ഭാവി പരിപാടികളും ചര്‍ച്ചയായി. ഏതെങ്കിലും ഒരു ഭാഗത്തുനിന്ന് തീവ്രവാദം നിര്‍മാര്‍ജനം ചെയ്യുന്നത് ഇതര ഭാഗങ്ങളില്‍ അതിന് വേരുറപ്പിക്കാനുള്ള അവസരം ഉണ്ടാകരുത്. ഇക്കാര്യത്തില്‍ അയല്‍ രാജ്യങ്ങളുമായി സഹകരിച്ച് ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയോ സഹായമോ നല്‍കുന്ന മാധ്യമ പ്രചാരണങ്ങള്‍ക്ക് തടയിടണമെന്നും റിയാദ് പ്രഖ്യാപനം നിര്‍ദേശിക്കുന്നു. സഖ്യ സേനയുടെ രൂപവത്കരണത്തിന് ശേഷമുള്ള ഒന്നും രണ്ടും ഘട്ടം പിന്നിടുന്ന സാഹചര്യത്തില്‍ മൂന്നാം ഘട്ടത്തില്‍ സഹകരണവും തുടര്‍ പ്രവര്‍ത്തനങ്ങളു ഊര്‍ജിതപ്പെടുത്താനുള്ള തീരുമാനത്തോടെയാണ് ദ്വിദിന സമേമളനം അവസാനിച്ചത്. വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ തമ്മില്‍ സമ്മേളനത്തിന്‍െറ ഭാഗമായി ഉഭയകക്ഷി ചര്‍ച്ചകളും നടന്നു.  
2014 ലാണ്  സഖ്യസേന രൂപവത്കരിച്ചത്. അംഗ രാജ്യങ്ങളുടെ പരസ്പര സൈനിക ഇടപെടലിനും സഹായത്തിനും പുറമെ 68 രാജ്യങ്ങളുടെ പിന്തുണയും സഖ്യസേനക്കുണ്ടെന്ന് സൗദി സൈനിക മേധാവി ജനറല്‍ അബ്ദുറഹ്മാന്‍ ബിന്‍ സാലിഹ് അല്‍ബുന്‍യാന്‍ വ്യക്തമാക്കി. 

Tags:    
News Summary - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.