ഹുഫൂഫ്: അല്‍ അഹ്സയിലെ ജബല്‍ ഖാറ വിനോദ സഞ്ചാര കേന്ദ്രം സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തു. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മാസങ്ങളോളം അടച്ചിട്ട കേന്ദ്രം അത്യാധുനിക സംവിധാനങ്ങളോടെയാണ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. വിസ്മയകരമായ പര്‍വത ഇടനാഴികളാണ് ജബല്‍ ഖാറയുടെ പ്രത്യേകത. പുറത്ത് പൊള്ളുന്ന ചൂടുള്ളപ്പോഴും അകത്തളങ്ങളില്‍ നല്ല തണുപ്പാണ്. ഖാറ പര്‍വത സമുച്ചയത്തിന്‍െറ മുകളില്‍ നിന്ന് ഹുഫൂഫ് നഗരത്തിന്‍െറയും വിസ്തൃതമായ അല്‍ അഹ്സ മരുപ്പച്ചയുടെയും കാഴ്ച മനോഹരമാണ്. ഈ കാഴ്ചകള്‍ക്കായി കാലങ്ങളായി ഇവിടേക്ക് വിദേശികളും സ്വദേശികളും എത്തിക്കൊണ്ടിരിക്കുന്നു. കൂറ്റന്‍ ശിലാ ഇടനാഴികളുടെ ഭാഗം മാത്രമാണ് ഇപ്പോള്‍ നവീകരിച്ചിട്ടുള്ളത്. പര്‍വത ശിഖരത്തിലേക്ക് വാഹനഗതാഗത യോഗ്യമായ പാത വേറെയുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 225 മീറ്റര്‍ ഉയരത്തിലാണ് പര്‍വതം സ്ഥിതി ചെയ്യുന്നത്. ചുണ്ണാമ്പുകല്ലിലുള്ള ഈ പ്രകൃതി ദത്ത വിസ്മയത്തില്‍ നൂറുകണക്കിന് ഗുഹകളും ദൈര്‍ഘ്യമേറിയ ഇടനാഴികളുമുണ്ട്. ഒരുപരിധിക്കപ്പുറം കാഴ്ചയെപോലും മറക്കുന്ന ഘോരാന്ധകാരമാണ് ഇതിനുള്ളില്‍. നവീകരണത്തിന്‍െറ ഭാഗമായി ഇതില്‍ നല്ളൊരുഭാഗം തെളിച്ചെടുത്ത് നടക്കല്ലുകള്‍ പാകി വിളക്കുകള്‍ പിടിപ്പിച്ചിട്ടുണ്ട്. കീഴ്ക്കാംതൂക്കായ കൂറ്റന്‍ പാറകള്‍ക്കിടയിലൂടെയുള്ള നേര്‍ത്ത ഇടനാഴികളില്‍ തെളിയുന്ന ഡിജിറ്റല്‍ വര്‍ണങ്ങള്‍ ഒരുത്രിമാന ചിത്രാനുഭവമാണ് സമ്മാനിക്കുന്നത്. പലയിടത്തും ഒരാള്‍ക്ക് മാത്രം കടന്നുപോകാനാകുന്ന ഇടനാഴികളാണ്. ചില മേഖലകളില്‍ വഴി സാമാന്യം വിശാലമാകുന്നു. ഉള്‍ത്തളങ്ങളില്‍ നടുമുറ്റങ്ങളുമുണ്ട്. നൂറും നൂറ്റമ്പതും മീറ്റര്‍ ഉയരത്തില്‍ ആകാശം ഒരു കീറുപോലെ കാണുന്ന ഭാഗങ്ങള്‍ക്കപ്പുറത്ത് വെളിച്ചത്തിന്‍െറ നുള്ള് പോലുമില്ലാത്ത തമോഗര്‍ത്തങ്ങള്‍. സാധ്യമായിടങ്ങളിലെല്ലാം വിളക്കുകള്‍ സ്ഥാപിച്ച് സന്ദര്‍ശകന് വഴികാട്ടുന്നുണ്ട്. പ്രപഞ്ചത്തെ കുറിച്ചും പ്രകൃതി പ്രതിഭാസങ്ങളെ കുറിച്ചുമുള്ള ഖുര്‍ആന്‍ സൂക്തങ്ങളുടെ പാരായണവും തര്‍ജമയും ഉള്ളില്‍ നിലക്കാതെ മുഴങ്ങിക്കൊണ്ടിരിക്കും. ഒരിടത്ത് ഇതുസംബന്ധിച്ച വീഡിയോ പ്രദര്‍ശനം. മിനുസപ്പെടുത്തിയ പാറ തന്നെ സ്ക്രീന്‍.
വിളക്കുകള്‍ ചൊരിയുന്ന പ്രകാശധാരക്ക് അപ്പുറത്ത് ജബല്‍ഖാറയുടെ ലോകമറിയാത്ത രഹസ്യങ്ങള്‍. ഇനിയും കണ്ടത്തൊത്ത ഗുഹകളും ഇടനാഴികളും ഏറെയുണ്ട് ഖാറയുടെ ഗര്‍ഭത്തില്‍. ഇതിനുള്ളില്‍ പെട്ട് വഴിയറിയാതെ കുടുങ്ങിപ്പോയവരുടെയും ഇരുളില്‍ വിലയം പ്രാപിച്ചവരുടെയും കഥകളുണ്ടനവധി അല്‍ അഹ്സയുടെ പുരാവൃത്തങ്ങളില്‍. ആദ്യകാലങ്ങളില്‍ ഒറ്റക്ക് കയറിയിരുന്നവര്‍ ശരീരത്തില്‍ കയര്‍ ബന്ധിച്ച് ഗുഹാമുഖത്ത് കെട്ടിയിടുമായിരുന്നുവത്രെ. മടങ്ങുമ്പോള്‍ വഴിതെറ്റാതിരിക്കാന്‍.
ഈ വിസ്മയങ്ങള്‍ കണ്ടറിയാനാണ് സൗദി ടൂറിസം വകുപ്പ് അവസരമൊരുക്കുന്നത്. നന്നായി സംവിധാനിച്ച വിനോദസഞ്ചാര കേന്ദ്രമാണിപ്പോള്‍ ജബല്‍ ഖാറ. കിഴക്കന്‍ അറേബ്യയുടെ ചരിത്രം വിവരിക്കുന്ന ഫലകങ്ങള്‍, ഈ മേഖലയുമായി ഇസ്ലാമിനും ലോകത്തിനുമുള്ള ചരിത്ര ബന്ധത്തിന്‍െറ സൂചകങ്ങള്‍, പ്രവാചകന്‍മാരുടെ കഥകളും മാനവരാശിയുടെ വളര്‍ച്ചയില്‍ അവരുടെ സ്ഥാനം അടയാളപ്പെടുത്തുന്ന പ്രദര്‍ശനങ്ങള്‍, സൗദി അറേബ്യയുടെ നിരത്തില്‍ ഓടിയ ആദ്യ കാറുകളില്‍ ചിലത് , അങ്ങനെ തുടങ്ങി സഞ്ചാരികള്‍ക്കുള്ള ലോബിയും കോഫി ഷോപ്പും വരെയുണ്ട് പദ്ധതിയുടെ ഭാഗമായി. 50 റിയാലാണ് ടിക്കറ്റ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.