ജിദ്ദ: സ്കൂൾ വിദ്യാർഥികളെ കൊണ്ടുപോകുന്നതുൾപ്പെടെ മുഴുവൻ പാസഞ്ചർ ബസുകൾക്കും സുരക്ഷ മാനദണ്ഡം കർശനമാക്കി. എട്ടുവർഷത്തിൽ കൂടുതൽ പഴക്കമുള്ള ബസുകളിലാണ് സാങ്കേതിക, സുരക്ഷ ഉപകരണങ്ങൾ ഉറപ്പാക്കാൻ സൗദി പൊതുഗതാഗത അതോറിറ്റി നടപടി തുടങ്ങിയത്. വെള്ളിയാഴ്ച മുതൽ ഇത് നടപ്പായി.
ആളുകളെ കയറ്റാൻ ലൈസൻസുള്ള 2014ന് മുമ്പുള്ള എല്ലാ ബസുകൾക്കും ആവശ്യമായ സുരക്ഷ മാനദണ്ഡങ്ങൾ കർശനമാക്കുന്ന നടപടിക്കാണ് പൊതുഗതാഗത വകുപ്പ് തുടക്കമിട്ടത്. ഇലക്ട്രോണിക് ട്രാക്കിങ് സിസ്റ്റം (എ.വി.എൽ ട്രാക്കിങ് സിസ്റ്റം) ഒഴികെയുള്ള സാങ്കേതിക സുരക്ഷ ഉപകരണങ്ങൾ വേണമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
പൊതുസുരക്ഷ ഉപകരണങ്ങൾ, ലൈറ്റ് ഇൻഡിക്കേറ്റർ, ഇലക്ട്രോണിക് സ്ക്രീനുകൾ, ബസിനുള്ളിൽ കാമറ, പ്രകാശ സൂചക സംവിധാനങ്ങൾ എന്നിവ ഘടിപ്പിക്കണം, എമർജൻസി എക്സിറ്റ് സൗകര്യങ്ങളുടെയും ഇടക്കിടെ നിർത്തുമെന്ന സൂചനയുടെയും അടയാളങ്ങൾ പതിക്കണം എന്നിവയാണ് കർശനമാക്കിയ നിബന്ധനകൾ.
പാസഞ്ചർ ബസ് സർവിസുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉയർത്തുന്നതിനുമാണ് ഈ നടപടിയെന്നും പൊതുഗതാഗത അതോറിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.