'ഇറ്റെക്സ് 2023' എക്സിബിഷനിൽ പങ്കെടുക്കുന്ന സൗദി വിദ്യാർഥികളും ഒഫീഷ്യൽസും
‘ഇറ്റെക്സ് 2023' എക്സിബിഷനിൽ 18 മെഡലുകൾ നേടി സൗദി വിദ്യാർഥികൾ
ജിദ്ദ: മലേഷ്യയിലെ ക്വാലാലംപുരിൽ നടന്ന ഇന്റർനാഷനൽ ഇൻവെൻഷൻ, ഇന്നൊവേഷൻ, ടെക്നോളജി എക്സിബിഷനിൽ (ഇറ്റെക്സ് 2023) 18 മെഡലുകൾ കരസ്ഥമാക്കി സൗദി വിദ്യാർഥികൾ ശ്രദ്ധിക്കപ്പെട്ടു.
വിവിധ ശാസ്ത്ര മേഖലകളിലെ പുതിയ കണ്ടുപിടിത്തങ്ങൾക്ക് 10 സ്വർണം, എട്ട് വെള്ളി അവാർഡുകൾക്ക് പുറമെ, എക്സിബിഷന്റെ പങ്കാളികളുടെയും സ്പോൺസർമാരുടെയും ഭാഗത്തുനിന്നും ഏഴ് പ്രത്യേക അവാർഡുകളും സൗദി വിദ്യാർഥികൾക്ക് ലഭിച്ചു.
എൻവയൺമെന്റൽ സയൻസ്, ഓട്ടോമേഷൻ ആൻഡ് ഓപറേഷൻസ്, റോബോട്ടിക്സ്, എൻജിനീയറിങ്, മെറ്റീരിയൽ സയൻസ് എന്നീ മേഖലകളിലാണ് സ്വർണമെഡലുകൾ ലഭിച്ചത്. എൻജിനീയറിങ്, മെറ്റീരിയൽ സയൻസ്, ബയോടെക്നോളജി, ഹെൽത്ത്, മെഡിക്കൽ ടെക്നോളജി എന്നീ മേഖലകളിലെ അംഗീകാരത്തിനാണ് വെള്ളി മെഡലുകൾ ലഭിച്ചത്.
അന്താരാഷ്ട്ര ഫോറങ്ങളിൽ രാജ്യത്തെ പ്രതിനിധാനംചെയ്യുന്നതിന് കഴിവുള്ളവരും സർഗാത്മകരുമായ വിദ്യാർഥികളെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തുടർച്ചയായ പിന്തുണയുടെ ഭാഗമായാണ് വിദ്യാർഥികളുടെ എക്സിബിഷനിലെ പങ്കാളിത്തം. ഇത്തരം പ്രദർശനങ്ങൾ വിദ്യാർഥികളെ അവരുടെ കഴിവുകളും ശക്തിയും തിരിച്ചറിയാനും ആഗോള മത്സരങ്ങളിൽ കൂടുതൽ പങ്കെടുക്കാനും പ്രാപ്തരാക്കുന്നു.
ശാസ്ത്ര, സാങ്കേതിക രംഗത്തെ കണ്ടുപിടിത്തങ്ങൾക്കും പുതുമകൾക്കുമുള്ള അന്താരാഷ്ട്ര പ്ലാറ്റ്ഫോമാണ് ഇറ്റെക്സ് എക്സിബിഷൻ. പുതിയ കണ്ടുപിടിത്തങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി ലോകമെമ്പാടുമുള്ള താൽപര്യമുള്ള വിദ്യാർഥികൾ, ഗവേഷകർ, നിക്ഷേപകർ, നിർമാതാക്കൾ തുടങ്ങിയവരെ ആകർഷിക്കുക എന്നതാണ് എക്സിബിഷന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.