ലോകകപ്പ്: ക്വാർട്ടർ ഫൈനലിലെത്തിയ മൊറോക്കോ ടീമിനെ അഭിനന്ദിച്ച് സൗദി കായിക മന്ത്രി

യാംബു: അതികായരെ തോൽപിച്ച് ഖത്തർ ലോകകപ്പിലെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച മൊറോക്കൻ ദേശീയ ടീമിനെ അഭിനന്ദിച്ച് സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ. കരുത്തരായ സ്‌പെയിനെ ഷൂട്ടൗട്ടിൽ 3-0ത്തിന് അട്ടിമറിച്ച മൊറോക്കോക്ക് അടുത്ത ഘട്ടത്തിൽ കൂടുതൽ കരുത്തോടെ മുന്നേറാൻ കഴിയട്ടെ എന്നും മന്ത്രി ട്വീറ്റ് ചെയ്തു.

സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ

ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയ മൊറോക്കൻ ടീം അറബ് ഫുട്ബാൾ മേഖലക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നതായും മന്ത്രി അറിയിച്ചു. ചൊവ്വാഴ്ച നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ മൊറോക്കോയുടെ വിസ്മയകരമായ പ്രകടനത്തെ പ്രശംസിച്ച് സൗദിയിലെ പ്രാദേശിക പത്രങ്ങളും മുന്നോട്ട് വന്നു. സ്‌പെയിനിന്റെ കരുത്തരായ കളിക്കാരുടെ ഷോട്ടുകൾ തടുത്തിട്ട മൊറോക്കോ ഗോളി യാസീൻ ബോനുവിനെ അഭിനന്ദിച്ചും പത്രങ്ങൾ വാർത്തകൾ നൽകി.

ശനിയാഴ്ച സൗദി സമയം വൈകീട്ട് ആറിന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ പോർചുഗലാണ് മൊറോക്കോയുടെ എതിരാളികൾ. ആദ്യമായാണ് ലോകകപ്പിൽ മൊറോക്കോ ക്വാർട്ടർ ഫൈനലിൽ എത്തുന്നത്. അറബ് ലോകവും ആഫ്രിക്കൻ വൻകരയും ഏറെ പ്രതീക്ഷയോടെയാണ് മൊറോക്കോയുടെ ഈ പോരാട്ടത്തെ കാത്തിരിക്കുന്നത്.

Tags:    
News Summary - Saudi sports minister congratulated the Moroccan team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.