യാമ്പു തൽഅഃനസയിലെ റദ്​വ കുന്നുകളിലേക്ക് ട്രെക്കിങ് കമ്പക്കാരുടെ ഒഴുക്ക്​

യാമ്പു: ടൗണിൽ നിന്നും 60 കിലോമീറ്റർ അകലെ തൽഅഃ നസ യിലെ റദ് വകുന്നുകളിലേക്ക് മലകയറ്റം ഹരമായവരുടെ ട്രെക്കിങ് സജീ വമാകുന്നു. പ്രദേശത്തെ വേറിട്ട ഭൂപ്രകൃതിയും, സൗന്ദര്യവും ആവോളം ആസ്വദിക്കാനാണ് അവധി ദിനങ്ങളിലും മറ്റും സ്വദേശികളടക്കം ഇവിടേക്ക് എത്തുന്നത്. ട്രെക്കിങ് പാതയിലുടനീളം പച്ച വിരിച്ചു നിൽക്കുന്ന പലതരം ചെടികളും പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും പക്ഷിക്കൂട്ടങ്ങളും ആട്ടിൻ പറ്റങ്ങളും യാത്രികർക്ക് ഉന്മേഷം നൽകുന്നു. രണ്ട് മാസം മുമ്പ് ശക്തമായ മഴമൂലം പ്രദേശത്ത് കൂടുതൽ ശക്തിയോടെ ജലസ്രോതസുകൾ ഉടലെടുത്തതാണ് ആളുകളുടെ ശ്രദ്ധ കൂടുതലായി ഈ മേഖലയിലേക്ക് തിരിയാൻ കാരണം. പ്രദേശത്തെ റദ്‌വ കുന്നുകളുടെ സവിശേഷതയും ചാരുതയും മനസ്സിലാക്കി സഞ്ചാരികൾ ധാരാളമായി ഇവിടെയെത്തുന്നു.
തൽഅഃനസ എന്നത് പഴയകാല ചരിത്ര പ്രാധാന്യമുള്ള പ്രദേശമാണ്.

വലിയ മലകളാൽ ചുറ്റപ്പെട്ട ഇവിടം ജലസ്രോതസ്സുകളാൽ അനുഗ​ൃഹീതമാണ്. ഇവിടെ അടുത്തുള്ള യാമ്പു നഖൽ കൃഷി പ്രദേശത്ത് വർഷങ്ങൾക്കു മുമ്പ് തന്നെ സമൃദ്ധമായ ജലം ലഭിച്ചിരുന്നതായി ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു. ജബൽ റദ്‌വയുടെ മുകളിൽ എത്തിയാൽ കാണുന്ന പ്രകൃതി നിർമിത തടാകങ്ങൾ മറ്റൊരു അത്ഭുതമാണ്. മലയുടെ മുകളിൽ നിന്നും ഒഴുകിയെത്തുന്ന നീരുറവകളാൽ സൃഷ്​ടിക്കപ്പെട്ട തടാകത്തിന് പത്തടിക്കു മുകളിൽ ആഴമുണ്ട്. ഇവിടം തവളകളുടെയും, മറ്റു ശുദ്ധജല ജീവ ജാലങ്ങളുടെയും ആവാസ കേന്ദ്രവും കൂടിയാണ്. ഈ ശുദ്ധ ജല തടാകത്തിൽ നീന്തിക്കുളിക്കാതെ ഒരു സഞ്ചാരിക്കും അവിടെ നിന്നും മടങ്ങുവാൻ കഴിയില്ല. ട്രെക്കിങിനായി എത്തുന്ന യുവാക്കളുടെ കൂട്ടം അവിടെ ചാടിത്തിമിർക്കുന്ന കാഴ്ചയും പതിവാണ്. മല കയറി തളർന്നവർക്ക് അരുവിയുടെ ഉത്ഭവസ്ഥാനത്ത്​ നിന്നും ആവോളം ശുദ്ധജലം നുകരുകയും ചെയ്യാം.

വിവിധ ക്ലബ്ബുകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ട്രെക്കിങിനായി ആളുകൾ പലപ്പോഴും ഇവിടെ എത്തുന്നു. ട്രെക്കിങ്ങിന് ആവശ്യമായ മാർഗ നിർദേശങ്ങൾ പാലിച്ചാണ് യാത്ര പുറപ്പെടുന്നത്. സാമഗ്രികളും ആവശ്യമായ ഭക്ഷണങ്ങളുമായി പുലർച്ചെ തന്നെ സംഘങ്ങൾ യാത്രക്കൊരുങ്ങും. സൗദി ഹൈക്കിങ് ക്ലബ്, യാമ്പു ഫ്ലൈ ബേർഡ്‌സ് എന്നീ ക്ലബ്ബുകളുടെ കീഴിൽ ട്രെക്കിങ് സംഘടിപ്പിച്ചത് ഹൃദ്യമായ അനുഭവമായിരുന്നുവെന്ന് സംഘാടകർ പറഞ്ഞു. യാമ്പുവിൽ നിന്നും അറുപത് കിലോമീറ്ററോളം വാഹനത്തിൽ സഞ്ചരിച്ചാൽ പിന്നീട് അങ്ങോട്ട് കാൽ നടയായി വേണം ഇവിടെ എത്താൻ.
പുലർച്ചെ പുറപ്പെടുന്ന സംഘങ്ങൾക്ക് വൈകുന്നേരത്തോടെ തിരിച്ചുവരാൻ സാധിക്കും. മലയുടെ മുകളിൽ ചെറു ഗുഹകളും, സഞ്ചാരികൾ കല്ലുകൊണ്ട് പണിത ചെറിയ വീടുകളും കാണാം. പ്രകൃതി രമണീയത കൊണ്ടും ചരിത്രപ്രാധാന്യം കൊണ്ടും തൽഅഃനസയിലെ റദ് വ കുന്നുക ൾ വരും കാലങ്ങളിൽ കൂടുതൽ ശ്രദ്ധ നേടുമെന്ന പ്രതീക്ഷയിലാണ് തദ്ദേശീയർ.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.