കിഴക്കന്‍ പ്രവിശ്യയില്‍ തോരാമഴ; ഹൈവേകള്‍ അടച്ചിട്ടു 

ദമ്മാം: കിഴക്കന്‍ പ്രവിശ്യയില്‍ നാലാം ദിനവും പെയ്ത കനത്ത മഴയില്‍ ജന ജീവിതം ദുസ്സഹമായി. പല പ്രധാന റോഡുകളിലും വലിയ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതിനാല്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഹൈവേയില്‍ വാഹനങ്ങള്‍ക്ക് കടന്നുപോവാന്‍ സാധിക്കാത്ത വിധം വെള്ളം ഉയര്‍ന്നതിനാല്‍ അല്‍ ഖോബാര്‍ -ദഹ്റാന്‍ ഹൈവേ പൂര്‍ണമായും അടച്ചിട്ടു. ദമ്മാം-അല്‍ അഹ്സ ഹൈവേ, ദമ്മാം-റിയാദ് ഹൈവേ തുടങ്ങിയ പ്രധാന റോഡുകളിലും ചെറിയ നിരത്തുകളിലും മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. കനത്ത മഴയില്‍ നിരത്തുകളിലെ ചില സിഗ്നലുകള്‍ പ്രവര്‍ത്തന രഹിതമായി. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് പലയിടത്തും ഗതാഗതം പുനഃസ്ഥാപിച്ചത്. 

അല്‍ ഖോബാര്‍ അസ്തൂണ്‍ ആശുപത്രിക്ക് സമീപം മുത്തഹിദ സ്ട്രീറ്റില്‍ ഒരു സ്വകാര്യ കമ്പനിയിലെ രാസപദാര്‍ഥങ്ങള്‍ വെള്ളത്തില്‍ കലര്‍ന്നതിനെ തുടര്‍ന്ന് വെള്ളം വലിയ കുമിളകളായി മാറി റോഡില്‍ വന്നടിഞ്ഞു. സ്ഥലത്ത് സിവില്‍ ഡിഫന്‍സിന്‍െറ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. അല്‍ ഖോബാര്‍, ദമ്മാം, ജുബൈല്‍ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന ചില കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. 
അല്‍ ഖോബാറിലെ തുഖ്ബ, അസീസിയ്യ  പ്രദേശങ്ങളിലെ പലയിടങ്ങളിലും വെള്ളം കെട്ടി നില്‍ക്കുന്നുണ്ട്. ഇന്‍ഡസ്ട്രിയല്‍ ഏരിയകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളിലെ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളും പുറം ജോലികളും നിര്‍ത്തിവെച്ചു. ചില സ്ഥാപനങ്ങള്‍ക്ക് മഴ ഭീഷണി മൂലം ഇന്നലെ ഉച്ചയോടെ അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ സ്കൂളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നലെയും അവധിയായിരുന്നു.

എന്‍ജിനടക്കം വെള്ളത്തില്‍ മുങ്ങിയ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ദൂരക്കാഴ്ച്ച കുറവായതിനാല്‍ പലയിടത്തും വാഹനങ്ങള്‍ കൂട്ടിയിടിച്ചും ഡിവൈഡറില്‍ ഇടിച്ചും നിരവധി അപകടങ്ങള്‍ നടന്നു. ചില ഉള്‍ പ്രദേശങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു.
പ്രവിശ്യയില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കാലാവസ്ഥ വകുപ്പിന്‍െറ മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ വകുപ്പുകള്‍ സംയുക്തമായി മതിയായ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. ഗതാഗത വകുപ്പ്, പോലീസ്, സിവില്‍ ഡിഫന്‍സ്, റെഡ് ക്രസന്‍റ് തുടങ്ങി വിവിധ വകുപ്പുകള്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തിറങ്ങുന്നത്. ഇതു സംബന്ധിച്ച പരാതികള്‍ 940 ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നും നാളെയും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Tags:    
News Summary - saudi rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.