യാമ്പു: സൗദിയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചതോടെ വ്യവസായ നഗരിയിൽ അനിശിചിതത്വത്തിൽ കഴിഞ്ഞ തൊഴിലാളികൾ ആശ്വാസത്തിൽ. കടുത്ത തൊഴിൽ പ്രതിസന്ധി മൂലം പ്രയാസപ്പെടുന്നവരിൽ ഇഖാമയുടെ കാലാവധി കഴിഞ്ഞവരും ഹുറൂബിലായവരും വരെയുണ്ട്.
തൊഴിൽ നഷ്ടപ്പെട്ടവരിൽ താമസരേഖയോ യാത്രാരേഖയോ ശരിയാക്കാൻ കഴിയാത്ത നിരവധി പേർ പലപ്പോഴായി സാമൂഹ്യപ്രവർത്തകരെ സമീപിച്ചിരുന്നു. മാസങ്ങളായി ഇഖാമയുടെ കാലാവധി തീർന്നവരുടെ രേഖകൾ ശരിയാക്കാൻ പ്രയാസം നേരിടുന്ന അവസ്ഥയിൽ പൊതുമാപ്പിലൂടെ പ്രശ്ന പരിഹാരം ഉണ്ടാക്കാൻ കഴിയുമെന്നറിഞ്ഞ തൊഴിലാളികൾ വലിയ ആശ്വാസത്തിലാണ്. കാലാവധി കഴിഞ്ഞ താമസരേഖ പുതുക്കാൻ സ്‌പോൺസർമാർ ആവശ്യപ്പെടുന്ന തുക നൽകാൻ തൊഴിൽ നഷ്ടപ്പെട്ട പലർക്കും കഴിഞ്ഞിരുന്നില്ല. ഇത്തരക്കാരാണ് കൂടുതലും ഹുറൂബ് ആക്കപ്പെടുന്നത്. ഈ മാസം ആദ്യത്തിൽ യാമ്പു സന്ദർശിച്ച ഇന്ത്യൻ കോൺസലിന് മുമ്പിൽ തൊഴിൽ പ്രതിസന്ധി മൂലം രേഖകൾ ശരിയാക്കാൻ കഴിയാതെ പ്രയാസപ്പെടുന്ന തൊഴിലാളികൾ പരാതി ബോധിപ്പിച്ചിരുന്നു. ഇവരിൽ ഉത്തരേന്ത്യൻ തൊഴിലാളികളാണ് ഏറെയും.
രേഖകൾ ശരിയായ ശേഷം എന്ന് നാട്ടിൽ പോകാൻ കഴിയുമെന്നറിയാതെ ദിവസങ്ങൾ തള്ളിനീക്കിയിരുന്ന തൊഴി ലാളികൾ പൊതുമാപ്പ് പ്രഖ്യാപനത്തോടെ വലിയ പ്രതീക്ഷയിലാണ്. താമസ നിയമങ്ങൾ ലംഘിച്ച് ആശങ്കയോടെ രാജ്യത്ത് തങ്ങുന്ന തൊഴി വിദേശികള്‍ക്കിടയിൽ സാമൂഹ്യ പ്രവർത്തകർ ബോധവത്കരണം നടത്തിത്തുടങ്ങി. പൊതുമാപ്പിെൻറ ആനുകൂല്യങ്ങൾ നിയമപ്രശ്നങ്ങളാൽ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് ലഭ്യമാക്കാൻ വേണ്ടി പലപ്രവാസി സംഘടനകളും ഹെൽപ്പ് ഡെസ്ക് തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. വ്യവസായ നഗരിയിൽ പുതിയ പദ്ധതികൾ ഇല്ലാത്ത കാരണത്താൽ കരാർ കമ്പനികൾ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിട്ടിരുന്നു. ഇവരിൽ പലരും നാടണഞ്ഞു. ചിലർ തങ്ങളുടെ പദവി മാറ്റി തൊഴിൽ മാറാൻ ആഗ്രഹിച്ച് നഗരിയിൽ തന്നെ കഴിഞ്ഞിരുന്നു. എന്നാൽ തൊഴിൽ മാന്ദ്യം നിമിത്തം പുതിയ മേഖലകളിൽ ചേക്കേറാൻ ഇത്തരക്കാർക്ക് കഴിഞ്ഞില്ല. ഇതിനിടയിൽ താമസരേഖയുടെ കാലാവധി തീർന്നതും പലർക്കും ഇരട്ടപ്രതിസന്ധിയായി. ഒടുവിൽ നാട്ടിലേക്കു മടങ്ങാൻ തന്നെ തീരുമാനിച്ചിരിക്കയാണ് തൊഴിലാളികളിൽ പലരും. രേഖകൾ എങ്ങനെ ശരിയാക്കുമെന്ന് ചിന്തിക്കുന്നതിനിടയിൽ വീണുകിട്ടിയ ആനുകൂല്യം ഉപയോഗപ്പെടുത്താനാണ് തീരുമാനം. യാമ്പുവിലെ കമ്യൂണിറ്റി വെൽഫെയർ അംഗങ്ങളായ അബ്ദുൽ കരീം താമരശ്ശേരി, മുസ്തഫ മൊറയൂർ, കെ.എം.സി.സി. വെൽഫെയർ വിഭാഗം നേതാവ് നാസർ നടുവിൽ എന്നിവരുടെ നേതൃത്വത്തിൽ കെ.എം.സി.സി യാമ്പു സെൻട്രൽ കമ്മിറ്റി ഹെൽപ്പ് ഡസ്‌ക്ക് തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.