റിയാദ് ആർട്ട് പ്രോഗ്രാം കഴിഞ്ഞ വർഷം സംഘടിപ്പിച്ച ശിൽപശാലയിൽനിന്ന് (ഫയൽ)

റിയാദ് ആർട്ട് പ്രോഗ്രാം ‘തുവൈഖ് 2027’ ശിൽപശാലയിൽ 20 കലാകാരന്മാർ പങ്കെടുക്കും

റിയാദ്: ‘തുവൈഖ് 2027’ ശിൽപശാലയിൽ 20 കലാകാരന്മാർ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള കലാകാരന്മാരെ സ്വീകരിക്കാൻ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ‘വേരുകളുടെ ആഴങ്ങളിൽ’എന്ന പ്രമേയത്തിൽ റിയാദ് ആർട്ട് പ്രോഗ്രാം സംഘടിപ്പിക്കുന്ന ‘ത്വുവൈഖ് ശില്പകല സംഗമ’ത്തിന്റെ എട്ടാം പതിപ്പിന്റെ ഭാഗമായി 2027-ന്റെ ആരംഭത്തിൽ ഒത്തുചേരുന്ന ഈ കലാകാരന്മാർ പൊതുജനങ്ങൾക്ക് മുന്നിൽ വെച്ച് പുതിയ കലാസൃഷ്ടികൾ നിർമ്മിക്കുകയും പിന്നീട് അവ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുകയും ചെയ്യും. റിയാദ് സിറ്റി റോയൽ കമ്മീഷന്റെ പദ്ധതികളിലൊന്നായ ഈ പ്രോഗ്രാം കലാകാരന്മാർക്കുള്ള അപേക്ഷകൾ ഒക്ടോബർ 18 മുതൽ 2026 നവംബർ എട്ട് വരെ സ്വീകരിക്കുന്നതായി വ്യക്തമാക്കി.

ഈ പതിപ്പിൽ കലാസൃഷ്ടികളുടെ നിർമ്മാണത്തിന്റെ ആദ്യഘട്ടം മുതൽ പൂർത്തിയാകുന്നത് വരെയുള്ള ഘട്ടങ്ങൾ നേരിട്ട് വീക്ഷിക്കാൻ പൊതുജനങ്ങൾക്ക് അവസരം ലഭിക്കും. പൂർത്തിയായ ശില്പങ്ങൾ തലസ്ഥാന നഗരിയിലെ വിവിധ ലൊക്കേഷനുകളിലേക്ക് മാറ്റുന്നതിന് മുമ്പ്, നിർമ്മിച്ച ശില്പങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും. സാംസ്കാരിക പാരമ്പര്യത്തെയും ശില്പകലയിലെയും പൊതുകലയിലെയും ആധുനിക അനുഭവങ്ങളെയും കോർത്തിണക്കുന്ന കലാപരമായ കാഴ്ചപ്പാടോടെ വൻകിട ശില്പങ്ങൾ നിർമ്മിക്കുന്നതിനായി 20 കലാകാരന്മാരെ തിരഞ്ഞെടുക്കുകയാണ് ഈ സംഗമം ലക്ഷ്യമിടുന്നത്.

ബ്രിട്ടീഷ് ക്യൂറേറ്ററും ആർട്ട് പ്രൊഡ്യൂസറുമായ ആൽഡോ റിനാൾഡി, ബ്രിട്ടീഷ്-ഇറ്റാലിയൻ ക്യൂറേറ്ററും ആർട്ട് ഡയറക്ടറുമായ ഒറോണ്ട സ്കാലേറ, സൗദി കലാകാരിയും ഗവേഷകയും അക്കാദമിക് വിദഗ്ധയുമായ ഡോ. സുഹാ അൽ സൈദ് എന്നിവരടങ്ങുന്ന സംഘമാണ് ഇതിന്റെ കലാപരമായ ദിശാബോധത്തിനും പങ്കാളികളെ തിരഞ്ഞെടുക്കുന്നതിനും മേൽനോട്ടം വഹിക്കുന്നത്. ഗ്രാനൈറ്റ്, ലോഹങ്ങൾ, അലങ്കാര വെന്റിലേഷൻ ബ്ലോക്കുകൾ, മൊസൈക്, സിമന്റ് തുടങ്ങി വിവിധതരം സാമഗ്രികൾ ഉപയോഗിച്ച് പ്രവർത്തിക്കാൻ ഈ സംഗമം കലാകാരന്മാർക്ക് അവസരമൊരുക്കുന്നു. ഇത് നിർമ്മിതിയിലും സാമഗ്രികളിലും കലാപരമായ ശൈലികളിലും വൈവിധ്യമാർന്ന സൃഷ്ടികൾ വികസിപ്പിച്ചെടുക്കാൻ പങ്കാളികൾക്ക് വിശാലമായ സ്വാതന്ത്ര്യം നൽകുന്നു.

വിദ്യാലയങ്ങളിൽ നിന്നും സർവ്വകലാശാലകളിൽ നിന്നുമുള്ള സന്ദർശനങ്ങൾ, പ്രായോഗിക പരിശീലന ശില്പശാലകൾ, ശില്പകല, കല, നഗരാസൂത്രണം എന്നിവയെക്കുറിച്ചുള്ള പ്രത്യേക സംവാദ സദസ്സുകൾ എന്നിവയുൾപ്പെടുന്ന സാംസ്കാരികവും ആശയവിനിമയാത്മകവുമായ ഒരു പരിപാടിയും ഇതിനോടനുബന്ധിച്ച് നടക്കും. വലിയ അളവിലുള്ള ശില്പങ്ങൾ പൂർത്തിയാക്കാൻ കലാകാരന്മാർ തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്നത് നേരിട്ട് കാണാൻ ഈ സംഗമം പൊതുജനങ്ങൾക്ക് അവസരം നൽകുന്നുവെന്ന് റിയാദ് സിറ്റി റോയൽ കമ്മീഷൻ 'ത്വുവൈഖ് ശില്പകല സംഗമ'ത്തിന്റെ ഡയറക്ടർ സാറ അൽറുവൈത്തി പറഞ്ഞു. ഓരോ കലാസൃഷ്ടിയും നഗരത്തിന് കലയുമായുള്ള ബന്ധത്തെ ദൃഢമാക്കുന്ന ഒരു പങ്കാളിത്ത അനുഭവത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Riyadh Art Program to Feature 20 Artists in Tuwaiq 2027 Sculpture Workshop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.