റിയാദ്: അന്താരാഷ്ട്ര കപ്പൽ സഞ്ചാരത്തിന് ഭീഷണി സൃഷ്‌ടിച്ച യമൻ വിമതരായ ഹൂതികളുടെ രണ്ട് ബോട്ടുകൾ ചെങ്കടലിൽ സൗദി സഖ്യസേന തകർത്തതായി വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു. ആയുധങ്ങൾ നിറച്ച ബോട്ടുകൾ യമനിലെ സലീഫ് തുറമുഖത്തിന് ആറ് കിലോമീറ്റർ അകലെ വെച്ചാണ് തകർത്തത്. മേഖലയിലെ സമാധാനവും അന്താരാഷ്ട്ര കപ്പൽ ചാലിെൻറ സുരക്ഷിതത്വവും തകർക്കാൻ ശ്രമിക്കുന്നു എന്ന് കെണ്ടത്തിയതിനെ തുടർന്നാണ് വ്യാഴാഴ്ച പുലർച്ചെ 3.20ന് സഖ്യസേന ഈ ദൗത്യം വിജയകരമായി പൂർത്തീകരിച്ചതെന്ന് അൽമാലികി വിശദീകരിച്ചു.
സലീഫ് തുറമുഖത്തുനിന്ന് ആറ് കിലോമീറ്ററും കരയിൽ നിന്ന് 215 മീറ്ററും അകലെയാണ് ആയുധങ്ങൾ നിറച്ച ബോട്ടുകളുണ്ടായിരുന്നത്. തൊട്ടടുത്തുള്ള ഹുദൈദ തുറമുഖത്തിനും ചെങ്കടലിലെ ബാബുൽ മൻദബ് കടലിടുക്കിലൂടെയുള്ള സഞ്ചാരത്തിനും ബോട്ടുകളുടെ നീക്കം ഭീഷണി സൃഷ്ടിച്ചിരുന്നു. അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ചാണ് സഖ്യസേനയുടെ ഇടപെടലും നടപടിയും ഉണ്ടായതെന്നും സഖ്യസേന വക്താവ് വ്യക്തമാക്കി.
ഹുദൈദ തുറമുഖം ഹൂതികൾ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കാനുള്ള കേന്ദ്രമായി ഉപയോഗിക്കുന്നുണ്ടെന്നും തുർക്കി അൽമാലികി പറഞ്ഞു. യമനിലെ ഭരണ അട്ടിമറി അവസാനിപ്പിച്ച് സമാധാനം ഉറപ്പുവരുത്തുന്നത് വരെ സഖ്യസേനയുടെ ദൗത്യം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.