ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് ദീറയിലെ മസ്മക് കൊട്ടാരം അണിഞ്ഞൊരുങ്ങുമ്പോൾ 

സൗദി ദേശീയദിനം: ഇത്തവണ ചരിത്രത്തിലെ ഏറ്റവും വിപുലമായ ആഘോഷം

റിയാദ്: സൗദി അറേബ്യയുടെ 92-ാം ദേശീയ ദിനാചരണവുമായി ബന്ധപ്പെട്ട് ഇതുവരെ കാണാത്ത ആഘോഷങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിക്കുമെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 'ഇത് ഞങ്ങളുടെ വീടാണ്' എന്ന മുദ്രാവാക്യമുയർത്തി സൗദി ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ-ശൈഖ് പ്രഖ്യാപിച്ച ദേശീയ ദിനാഘോഷങ്ങൾ ഈ മാസം 26 വരെ തുടരും.

ഗംഭീര പ്രകടനങ്ങൾക്കാണ് വ്യോമ നാവികസേനകൾ തയാറെടുക്കുന്നതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. യുദ്ധവിമാനങ്ങൾ, ഹെലികോപ്ടറുകൾ, മിലിട്ടറി-സിവിൽ എയർക്രാഫ്റ്റുകൾ എന്നിവ പ്രധാന നഗരങ്ങളിൽ കണ്ണഞ്ചിപ്പിക്കുന്ന ആകാശവിസ്മയം സൃഷ്ടിക്കുമ്പോൾ നാവികസേനയുടെ കപ്പലുകളും ബോട്ടുകളും തീരദേശങ്ങൾ കേന്ദ്രീകരിച്ച് ദേശപ്പെരുമയുടെ അലയൊലി തീർക്കും. റോയൽ സൗദി എയർഫോഴ്‌സ് തങ്ങളുടെ ടൈഫൂൺ, എഫ് 15-എസ്, എഫ് 15-സി, ടൊർണാഡോ വിമാനങ്ങളുമായി രാജ്യത്തെ 13 നഗരങ്ങളിലാണ് 'സല്യൂട്ട് ടു ഹോം ലാൻഡ്' എന്ന പേരിൽ എയർഷോകൾ നടക്കുന്നത്.

റിയാദ്, ജിദ്ദ, ദമ്മാം, അൽ-ഖോബാർ, ജുബൈൽ, അൽ-അഹ്സ, ത്വാഇഫ്, തബൂക്ക്, അബഹ, അൽ-ബാഹ, ഖമീസ് മുശൈത്ത്, സറാത്ത് ഉബൈദ, ഉത്മാനിയ എന്നിവിടങ്ങളിലാണ് ഈ എയർ ഷോകൾ നടക്കുക. നേവൽ കമാൻഡ് ഫോഴ്‌സ് കുതിരപ്പടയുടെയും മോട്ടോർ ബൈക്കുകളുടെയും അകമ്പടിയോടെയുള്ള പരേഡും തീരസംരക്ഷണ സേന ഹെലികോപ്ടർ പരേഡും നടത്തും. ജിദ്ദ, ജുബൈൽ ഫനാതീർ ബീച്ച് എന്നിവിടങ്ങളിലാണിത്. നേവൽ സ്‌പെഷൽ സെക്യൂരിറ്റി ഗ്രൂപ്പിന്റെ അത്യാധുനിക മറൈൻ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ഹെലികോപ്ടർ പരേഡും നടക്കും. എയർഷോ നടക്കുന്ന പ്രധാന നഗരങ്ങളിൽ നാഷനൽ ഗാർഡ് നിരവധി ഹെലികോപ്ടറുകളുമായി പങ്കുചേരും. ദേശീയ പാതകയുമായുള്ള ഈ പറക്കൽ അരമണിക്കൂർ നീളും.

ജിദ്ദ തീരത്ത് തെക്കുനിന്ന് വടക്കോട്ടും ഖോബാർ തീരത്ത് തിരിച്ചുള്ള ദിശയിലും ഒരേ സമയം കപ്പൽ പരേഡും ആസൂത്രണം ചെയ്തിട്ടുണ്ട്. തലസ്ഥാന നഗരിയായ റിയാദിലും പ്രധാന നഗരമായ ജിദ്ദയിലും കുതിരപ്പടയുടെയും സൈനിക ബാൻഡുകളുടെയും അകമ്പടിയോടെ നടക്കുന്ന റോയൽ ഗാർഡിന്റെ റോഡ് ഷോ കാണികൾക്ക് വേറിട്ട ദൃശ്യശ്രാവ്യ അനുഭവമാകും. 'ദ വെൽത്ത് ഓഫ് ഹോം ലാൻഡ്' (മാതൃരാജ്യത്തിന്റെ സമ്പത്ത്) എന്ന ശീർഷകത്തിൽ ദേശീയ ദിനത്തോടനുബന്ധിച്ച് റിയാദ് അമീറ നൂറ ബിൻത് അബ്ദുറഹ്മാൻ യൂനിവേഴ്‌സിറ്റിയിൽ ബുധനാഴ്ച ആരംഭിച്ച 'ഡ്യൂ സൊലേൽ' അന്താരാഷ്ട്ര സർക്കസിൽ അവിശ്വസനീയവും അതിശയകരവുമായ പ്രകടനങ്ങൾക്കാണ് കാണികൾ സാക്ഷ്യം വഹിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒട്ടനവധി വിനോദ പരിപാടികൾ, സംവേദനാത്മക അവതരണങ്ങൾ, രാജ്യത്തിന്റെ ചരിത്രവും പൈതൃകവും വിളിച്ചറിയിക്കുന്ന അവതരണങ്ങൾ തുടങ്ങിയവ എല്ലാ പ്രദേശങ്ങളിലും ആസൂത്രണം ചെയ്തിട്ടുണ്ട്.

റിയാദ്, ജിദ്ദ, അബഹ, ബുറൈദ, അൽ-അഹ്സ എന്നീ അഞ്ച് നഗരങ്ങളിൽ സംഘടിപ്പിച്ചിട്ടുള്ള വൈവിധ്യമാർന്ന സംഗീത പരിപാടികളിൽ ലോകപ്രശസ്ത സംഗീത പ്രതിഭകൾ പങ്കെടുക്കും. ദേശീയ ദിനമായ വെള്ളിയാഴ്ച രാത്രി ഒമ്പതിന് രാജ്യത്തെ 18 നഗരങ്ങളിൽ കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗവും ആസൂത്രണം ചെയ്തിട്ടുണ്ട്.

റിയാദിലെ അൽ-താഗർ പ്ലാസ, ബുറൈദയിലെ കിങ് അബ്ദുല്ല നാഷനൽ പാർക്ക്, ഖോബാർ കോർണിഷ്, ദമ്മാം കോർണിഷ്, മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് സ്‌പോർട്‌സ് സിറ്റി, അബഹയിലെ സമാ പാർക്ക്, അൽ-ബാഹയിലെ അമീർ ഹുസാം പാർക്ക്, ജിസാൻ നോർത്ത് കോർണിഷ്, നജ്‌റാനിലെ അൽ-നഹ്ദ പാർക്ക്, ബുർജ് അറാർ, ഹാഇലിലെ അൽ-മുഗ്‌വ പാർക്ക്, തബൂക്ക് സെൻട്രൽ പാർക്ക്, സകാക കിങ് സൽമാൻ കൾച്ചറൽ സെന്റർ, ത്വാഇഫ് അൽ-റദാഫ് പാർക്ക്, ഒനൈസയിലെ അൽ-ഹജീബ് അവന്യൂ, ജിദ്ദ സീസൺ പാർക്ക്, അൽ-അഹ്സയിലെ കിങ് അബ്ദുല്ല പരിസ്ഥിതി പാർക്ക്, ഹഫർ അൽ-ബാത്വിനിലെ കിങ് അബ്ദുല്ല പാർക്ക് എന്നിവിടങ്ങളിലാണ് കരിമരുന്ന് പ്രയോഗം ഒരുക്കിയിട്ടുള്ളത്.

അഭ്യന്തര യാത്ര ടിക്കറ്റുകൾക്ക് ഇളവുമായി വിമാനക്കമ്പനികൾ

ജിദ്ദ: സൗദി അറേബ്യയുടെ 91ാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി യാത്രാനിരക്കിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് വിവിധ വിമാനക്കമ്പനികൾ. നേരത്തേ സൗദി എയർലൈൻസ് ഒരുവശത്തേക്ക് 92 റിയാൽ മുതൽ സൗദിയിലെ വിവിധ നഗരങ്ങളിൽ യാത്ര ചെയ്യാം എന്ന ഇളവ് പ്രഖ്യാപിച്ചിരുന്നു.

അതിനു പിറകെയാണ് ദേശീയ ദിനത്തിന്റെയും അഞ്ചാം പിറന്നാളാഘോഷത്തിന്റെയും ഭാഗമായി ഫ്ലൈ അദീൽ ഒരുവശത്തേക്ക് 55 റിയാൽ മുതൽ കുറഞ്ഞ നിരക്കിൽ സൗദിയുടെ വിവിധ നഗരങ്ങളിൽ പറക്കാനുള്ള ഇളവ് പ്രഖ്യാപിച്ചത്.

നവംബർ 14 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ യാത്ര ചെയ്യാനാവും. ഏഴു കിലോ ലഗേജും കൊണ്ടുപോകാം. എന്നാൽ, വാരാന്ത്യ ദിവസം ഒഴികെയാണ് ഇളവുകൾ ലഭ്യമാകുക.

Tags:    
News Summary - Saudi National Day: This time the biggest celebration in history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.